പിണറായിയോട് കൈകൂപ്പി പറയുകയാണ് കെ റെയില്‍ പിന്‍വലിക്കണം: മേധ പട്കര്‍
Kerala News
പിണറായിയോട് കൈകൂപ്പി പറയുകയാണ് കെ റെയില്‍ പിന്‍വലിക്കണം: മേധ പട്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th January 2022, 11:31 am

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി പറയുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധപട്കര്‍. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ലെന്ന് മേധ പട്കര്‍ പറഞ്ഞു.

ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന തരത്തിലുള്ള പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മേധ പട്കര്‍ പറഞ്ഞു.

റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കോഴിക്കോട് വെച്ച് കെ റെയില്‍ സമരക്കാരുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും മേധ പട്കര്‍ പറഞ്ഞു.

അതേസമയം, കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ ഹെക്കോടതിയേ അറിയിച്ചിരുന്നു.

2013ലെ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ വ്യക്തമാക്കി. കെ റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയല്ല. അതുകൊണ്ട്തന്നെ കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമില്ലെന്ന് റെയില്‍വേ കോടതിയെ അറിയിച്ചു.

കെ റെയില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് റെയില്‍വേ നിലപാടറിയിച്ചത്.

സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍ പറഞ്ഞത്.

പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, കെ റെയില്‍ നഷ്ടപരിഹാരത്തില്‍ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്ന തുകയില്‍ അവ്യക്തത തുടരുകയാണ്. ഗ്രാമങ്ങളില്‍ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തില്‍ അത്രകണ്ട് വില ഉയരില്ല. സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കുക.

തലസ്ഥാനത്തെ ജനസമക്ഷം പരിപാടിക്ക് തൊട്ട് മുന്നോടിയായാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരുന്നത്. അന്തിമ കണക്ക് നിശ്ചയിക്കാന്‍ സമയമാകാത്തത് കൊണ്ട് തന്നെ പരിഗണിക്കപ്പെടുന്ന നഷ്ടപരിഹാരം എന്ന് അടിവരയിട്ടാണ് കണക്ക് പുറത്തുവിട്ടിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: K Rail should withdraw by shaking hands with Pinarayi: Medha Patkar