വസ്ത്രധാരണം ഒരു വ്യക്തിയുടെ ചോയ്‌സ്; പെണ്‍കുട്ടികളെ സി.പി.ഐ.എം ഉപദേശിക്കേണ്ട: സുധാകരന്‍
Kerala News
വസ്ത്രധാരണം ഒരു വ്യക്തിയുടെ ചോയ്‌സ്; പെണ്‍കുട്ടികളെ സി.പി.ഐ.എം ഉപദേശിക്കേണ്ട: സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th March 2023, 10:27 pm

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ ഏത് വസ്ത്രം ധരിക്കണമെന്ന് സി.പി.ഐ.എം തീരുമാനിക്കേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകയുടെ വസ്ത്രവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജയരാജന്റെ പ്രസ്താവനയില്‍ തനിക്ക് ഒരു അത്ഭുതവുമില്ലെന്നും എന്നാല്‍, സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി. ഗോവിന്ദന്റെ വാക്കുകളില്‍ അത്ഭുതമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

‘വസ്ത്രധാരണം പൂര്‍ണമായും വ്യക്തികളുടെ ചോയിസാണ്. പെണ്‍കുട്ടികള്‍ ഏത് രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് സി.പി.ഐ.എം നേതാക്കള്‍ നിര്‍ദേശിക്കേണ്ടതില്ല. സമരക്കാര്‍ക്ക് നേരെ അതിക്രമണം നടത്തുന്ന പൊലീസിനെ നേരെയാക്കാന്‍ സി.പി.ഐ.എം സെക്രട്ടറി പിണറായിയെ ഉപദേശിക്കണം. മുഖ്യമന്ത്രിയെ നിലക്ക് നിര്‍ത്തണം ഗോവിന്ദന്‍ മാഷ്.

സാമ്പത്തിക നിലയില്‍ മാത്രമല്ല എല്ലാ നിലയിലും അധഃപതിച്ച മുഖ്യമന്ത്രിയാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത് ജയരാജനെ എന്ത് കൊണ്ട് സി.പി.ഐ.എം പുറത്താക്കാത്തത്. അങ്ങനെ ചെയ്താല്‍ അതിന്റെ പ്രത്യഘാതം വലുതായിരിക്കും,’ കെ. സുധാകരന്‍ പറഞ്ഞു.

ബ്രഹ്മപുരം പ്ലാന്റ് തീപ്പിടുത്തത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ഈ അവസ്ഥയുടെ ഉത്തരവാദികള്‍ കോര്‍പ്പറേഷനാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

‘ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പറേഷനും നടത്തിയ 54 കോടി രൂപയുടെ അഴിമതിയാണ്. അത് കാരണമാണ്
കൊച്ചി നഗരവാസികളും പരിസരവാസികളും ഒരാഴ്ചയായി തീച്ചൂളയില്‍ ജീവിക്കേണ്ടി വന്നത്.

ടെന്‍ഡര്‍ കിട്ടിയ കമ്പനി മനഃപൂര്‍വം പ്ലാന്റിന് തീയിട്ടതായി പറയുന്നു. ഇതിലെ അഴിമതിയെ കുറിച്ച് കോര്‍പറേഷനില്‍ യു.ഡി.എഫ് അംഗങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ എല്ലാ ഇടപാടുകളെ കുറിച്ചും സമഗ്രമായി അന്വേഷിക്കണം. അഴിമതിയില്‍ മുങ്ങിയ കൊച്ചി കോര്‍പറേഷനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം,’ കെ. സുധാകരന്‍ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.