Advertisement
Kerala News
കെ. സുരേന്ദ്രനും വി. മുരളീധരനുമുള്ള കാലം കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ പേടിക്കേണ്ട: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 13, 09:36 am
Wednesday, 13th July 2022, 3:06 pm

കോഴിക്കോട്: ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബി.ജെ.പി കേരളത്തില്‍ നിലംതൊടില്ലെന്ന് കോണ്‍ഗ്രസ് എം.പി കെ. മുകളീധരന്‍. കേന്ദ്ര മന്ത്രി ഞങ്ങളെ കൊല്ലാന്‍ പോകുന്നേ എന്ന് പറഞ്ഞ് എന്തിനാണ് പേടിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

രാഷ്ട്രീയം അറിയാത്ത ആളാണ് ജയശങ്കര്‍. വിദേശകാര്യ സെക്രട്ട്രിയായി നേരെ മന്ത്രിയായ ആളാണ്. പാലത്തിന്റെ താഴെന്ന് നോക്കുന്ന പോലെ റെയില്‍വേ ട്രാക്കിലേക്ക് നോക്കാതിരിക്കാന്‍ മന്ത്രി ശ്രദ്ധിക്കണം. അല്ലെങ്കില്‍ വല്ല ട്രെയ്‌നും വന്നാല്‍ അതുകൊണ്ട് പുലിവാലാകുമെന്നും മുരളീധരന്‍ പരിഹസിച്ചു.

കേരളത്തില്‍ രണ്ട് നേതാക്കള്‍ ബി.ജെ.പിക്കുള്ള കാലത്തോളം യു.ഡി.എഫിനും എല്‍.ഡി.എഫിനും ബി.ജെ.പിയെ പേടിക്കേണ്ടതില്ല. അത് വി. മുരളീധരനും കെ. സുരേന്ദ്രനുമാണ്. ആ പാര്‍ട്ടി കേരളത്തില്‍ ഗതി പിടിക്കില്ല. പിന്നെ എന്തിനാണ് കേന്ദ്ര മന്ത്രി പേടിപ്പിക്കുന്നതിന് വില നല്‍കുന്നത്. അങ്ങനെത്തെ ഭയപ്പാടിന് ഒരു ആവശ്യവുമില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ ഞങ്ങളിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി. അത് ഞങ്ങള്‍ക്ക് സന്തോഷമാണ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി നിലം തൊടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

വിദേശകാര്യ വകുപ്പ് മന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ലോകകാര്യം നോക്കേണ്ട വിദേശകാര്യ മന്ത്രി ഫ്‌ലൈ ഓവര്‍ പണി നോക്കണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

‘ലോകത്ത് പല കാര്യങ്ങള്‍ നടക്കുമ്പോള്‍ ഫ്‌ലൈഓവര്‍ നോക്കി നടക്കുന്നതിന്റെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാകും.’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും പിണറായി പറഞ്ഞു. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വിലയിരുത്തേണ്ടത് തന്റെ ചുമതലയാണെന്നായിരുന്നു ഇതിന് ജയശങ്കറിന്റെ മറുപടി.