തിരുവനന്തപുരം: മുന്‍ എം.പി എ. സമ്പത്തിന്റെ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്‍. കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 19 എം.പിമാരെയും രാജ്യസഭയിലുള്ള എളമരം കരീമിനെയും വിശ്വാസമില്ലാത്തതിനാലാണ് സമ്പത്തിനെ ദല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ നിയമിച്ചതെന്ന് മുരളീധരന്‍ പരിഹസിച്ചു.
സമ്പത്ത് പങ്കെടുക്കുന്ന പരിപാടികള്‍ യു.ഡി.എഫ് എം.പിമാര്‍ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കേരളാ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി എ. സമ്പത്തിനെ നിയമിച്ചതില്‍ നേരത്തേതന്നെ യു.ഡി.എഫ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനത്തില്‍ തങ്ങള്‍ക്കു യോജിപ്പില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാനും പറഞ്ഞിരുന്നു.
‘സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങി മൂന്നുവര്‍ഷത്തിനു ശേഷം എന്തിനാണ് ഇത്തരമൊരു നിയമനം? സര്‍ക്കാര്‍ ഇതുവരെ ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ യോഗം വിളിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സമ്പത്തുമായി സഹകരിക്കില്ല.
ബജറ്റില്‍ സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളുടെ പകര്‍പ്പ് പോലും എം.പിമാര്‍ക്കു തന്നിട്ടില്ല. ഇങ്ങനെയുള്ളപ്പോള്‍ ദല്‍ഹിയിലെ പുതിയ സര്‍ക്കാര്‍ പ്രതിനിധിയുമായി എങ്ങനെയാണു പ്രവര്‍ത്തിക്കുക?’- ബെഹ്‌നാന്‍ ചോദിച്ചു.
സമ്പത്തിന്റെ നിയമനം എല്‍.ഡി.എഫ് അറിഞ്ഞിട്ട് പോലുമില്ലെന്ന് ജെ.ഡി.എസ് നേതാവ് സി.കെ.നാണു നേരത്തെ വ്യക്തമാക്കിയിരുന്നു.
ക്യാബിനറ്റ് മന്ത്രിക്കുള്ള എല്ലാ സൗകര്യത്തോടെയും സമ്പത്തിനെ ദല്‍ഹിയില്‍ കുടിയിരുത്തുമ്പോള്‍ പ്രതിനിധിയുടെ ജോലി എന്താണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തി.
കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് ജനങ്ങള്‍ സമ്പത്തിനെ തോല്‍പ്പിച്ചതെന്നും ദല്‍ഹിയില്‍ നിയമിക്കുന്നതോടെ സിപി.ഐ.എമ്മിനല്ലാതെ മറ്റാര്‍ക്കും നേട്ടമുണ്ടാവില്ലെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ് കുറ്റപ്പെടുത്തി.
ഈമാസം ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കേരളാ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ സമ്പത്തിനെ നിയമിച്ചത്.
എ.സമ്പത്തിനെ കേരളത്തിന്റെ ലെയ്സണ്‍ ഓഫീസറായി ദല്‍ഹിയില്‍ നിയമിക്കുന്നത് ഒരു പ്രൈവറ്റ് സെക്രട്ടറിയും മൂന്ന് അസിസ്റ്റന്റമാരും ഒരു ഡ്രൈവറുമടക്കം മന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങളുമായി ചീഫ് സെക്രട്ടറി റാങ്കിലാണ്.