2023 ലോകകപ്പിലെ രാഹുലിന്റെ റെക്കോഡുകൾ
സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് ഘട്ട മത്സരത്തില്‍ ടീം ഇന്ത്യ ചരിത്രം കുറിക്കുമ്പോള്‍ കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി നേട്ടത്തിന് പ്രത്യേക പ്രാധാന്യമാണ് ആരാധകര്‍ കല്‍പിക്കുന്നത്. ഈ സെഞ്ച്വറിയിലൂടെ രാഹുല്‍ പൂര്‍ത്തിയാക്കിയ റെക്കോഡ് നേട്ടങ്ങള്‍ തന്നെയാണ് അതിന് കാരണം.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം എന്ന റെക്കോഡാണ് രാഹുല്‍ സ്വന്തമാക്കിയത്. നേരിട്ട 62ാം പന്തിലാണ് രാഹുല്‍ സെഞ്ച്വറി നേടിയത്. ബാസ് ഡി ലീഡിന്റെ തുടര്‍ച്ചയായ പന്തുകളില്‍ സിക്സര്‍ നേടിയാണ് രാഹുല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതിന് പുറമെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും രാഹുല്‍ സ്വന്തമാക്കി. ഒമ്പത് മത്സരത്തിലെ എട്ട് ഇന്നിങ്സില്‍ നിന്നും 347 റണ്‍സാണ് രാഹുല്‍ നേടിയിരിക്കുന്നത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.

ഇതിന് പുറമെ മറ്റൊരു റെക്കോഡും രാഹുല്‍ നേടിയിരുന്നു. ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് അത്. ഇതിന് മുമ്പ് നിലവിലെ പരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡാണ് ഈ നേട്ടം സ്വന്തമാക്കിയത്.

1999 ലോകകപ്പിലായിരുന്നു ദ്രാവിഡിന്റെ റെക്കോഡ് നേട്ടം പിറവിയെടുത്തത്. ശ്രീലങ്കക്കെതിരെയും കെനിയക്കെതിരെയുമായിരുന്നു ദ്രാവിഡിന്റെ സെഞ്ച്വറി നേട്ടം.

ഇതുകൊണ്ടും തീര്‍ന്നില്ല, നാലാം നമ്പറില്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് നേടിയ റെക്കോഡും രാഹുല്‍ സ്വന്തമാക്കിയിരുന്നു. ശ്രേയസ് അയ്യരിനൊപ്പമാണ് രാഹുല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ശ്രേയസ് അയ്യര്‍ 94 പന്തില്‍ നിന്നും പുറത്താകാതെ 128 റണ്‍സ് നേടിയപ്പോള്‍ 64 പന്തില്‍ 102 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്.

ടീം സ്‌കോര്‍ 200ല്‍ നില്‍ക്കവെ ഒന്നിച്ച രാഹുല്‍-അയ്യര്‍ കോംബോ പിരിയുന്നത് ഇന്ത്യ 408 റണ്‍സെടുത്ത് നില്‍ക്കവെയാണ്. 208 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

ഇതിനുപുറമെ വിക്കറ്റ് കീപ്പിങ്ങിലും അസാധ്യ പ്രകടനമാണ് രാഹുല്‍ കാഴ്ചവെക്കുന്നത്. ലോകകപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ വലിയ ആത്മവിശ്വാസമാണ് ആരാധകര്‍ രാഹുലില്‍ അര്‍പ്പിച്ചിരിക്കുന്നത്.

Content Highlight: K.L Rahul’s Records In ICC World Cup 2023