(കെ.കെ. രമയുടെ തുറന്ന കത്ത്)
സഖാക്കളെ,
ഇക്കഴിഞ്ഞ മെയ് നാലാം തീയതിക്ക് ശേഷമെങ്കിലും നിങ്ങള്‍ക്കെല്ലാം എന്റെ പേര് പരിചിതമായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അന്ന് രാത്രിയാണ് എന്റെ ഭര്‍ത്താവ് സഖാവ് ടി പി ചന്ദ്രശേഖരന്‍ ശിരസ്സും ശരീരവും വെട്ടിനുറുക്കി കൊലചെയ്യപ്പെട്ടത്. അന്നാണ് 45 വയസ്സില്‍ ഞാന്‍ വിധവ ആക്കപ്പെട്ടത്. എന്റെ പതിനേഴു വയസ്സ് മാത്രമുള്ള ഏക മകന് അച്ഛനെ നഷ്ടപ്പെട്ടത്. അന്നാണ് ടി പി യുടെ 83 വയസ്സുള്ള വൃദ്ധ മാതാവിന് മകനെ നഷ്ടപ്പെട്ടത്. അങ്ങനെ ഒരു കുടുംബമാകെ അനാഥത്വത്തിന്റെയും തീരാദുഖത്തിന്റെയും ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടു.[]
ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവള്‍. എന്റെ അച്ഛന്‍ ഇപ്പോഴും സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം. എന്റെ രണ്ടു സഹോദരിമാരും സഹോദരനും കമ്മ്യുണിസ്റ്റ്കാര്‍ തന്നെ. ഞാന്‍ വിദ്യാര്‍ഥി ജീവിത കാലത്ത് എസ്.എഫ്.ഐ-യില്‍ സജീവമായിരുന്നു. വിവാഹശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ മുഴുകാന്‍ കഴിയാതെ വന്നെന്നുമാത്രം. എന്റെ കമ്മ്യുണിസ്റ്റ് വിശ്വാസത്തിനും കൂറിനും ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. ആ വിശ്വാസമാണ് കേരളത്തിലെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കമ്മ്യുണിസ്റ്റ്കാരായ അച്ഛനമ്മമാര്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും ഇങ്ങിനെയൊരു തുറന്ന കത്തെഴുതാന്‍ ധൈര്യം നല്‍കുന്നത്.
സഖാക്കളെ,
എന്ത് തെറ്റാണ് ചന്ദ്രേട്ടന്‍ ചെയ്തത്? ഓര്‍മ്മവച്ച നാള്‍മുതല്‍ കമ്മ്യുണിസ്റ്റുകാരനായി ജീവിക്കാന്‍ കൊതിച്ചതും അങ്ങനെ ജീവിച്ചതും തെറ്റാണോ? ചന്ദ്രേട്ടന്‍ ധീരനായിരുന്നു. സമരമുഖങ്ങളില്‍ ഞങ്ങള്‍ തോളോടു തോള്‍ ചേര്‍ന്നണിനിരന്നു. ഒരിക്കലും പിന്തിരിയാതെ. തെറ്റുകളോട് പൊറുക്കാനാവാത്ത മനോഭാവമായിരുന്നു എന്നും ചന്ദ്രേട്ടന്റേത്. സി.പി.ഐ.എമ്മിനകത്ത് വലതുപക്ഷവത്കരണം ശക്തമായപ്പോള്‍ അതിനെതിരെ സന്ധിയില്ലാസമരം ചന്ദ്രേട്ടന്‍ നടത്തിയത് എനിക്കറിയാം. ചന്ദ്രേട്ടന്‍ പുറത്തുവന്നതും പുതിയ പാര്‍ട്ടി രൂപീകരിച്ചതും അധികാരമോഹത്തിന്റെ പേരിലാണെന്നാണ് ഇപ്പോള്‍ സി.പി.ഐ.എം പ്രചരിപ്പിക്കുന്നത്. ഇക്കാലം വരെ ഒരു പഞ്ചായത്ത് മെമ്പര്‍പോലുമാകാത്തയാളാണ് അദ്ദേഹം.
സംഘടനാജീവിതത്തിന്റെ തിരക്കൊഴിഞ്ഞ നേരം ഒരു കമ്മ്യുണിസ്റ്റുകാരന് ഒരിക്കലുമുണ്ടാകില്ലല്ലോ. എങ്കിലും വീണുകിട്ടുന്ന ഇടവേളകളില്‍ എന്നോടും മോനോടും പറയും.””ഞാന്‍ വീണുപോയാല്‍ നിങ്ങള്‍ തളരരുത്. എനിക്കറിയാം മരണം എന്റെ പിന്നാലെയുണ്ടെന്ന്. അവരെന്തെങ്കിലും ചെയ്യും””. ചന്ദ്രശേഖരന്റെ ഭാര്യ എന്ന നിലയില്‍ എനിക്കൊരിക്കലും അധീരയാകാന്‍ കഴിയില്ലല്ലോ. അതിനാല്‍ ഞാനെന്റെ പൊന്നുമോനെ രാത്രിയില്‍ നെഞ്ചോട് ചേര്‍ത്ത്പിടിച്ച് കിടന്നു. ഒടുവില്‍ ഒരിക്കലും കേള്‍ക്കരുതേ എന്ന് വിചാരിച്ച ആ വാര്‍ത്ത എന്റെയും മോന്റെയും ചെവിയിലെത്തി.
എന്റെയും മകന്റെയും വേദന തിരിച്ചറിയാതെ ഞങ്ങളല്ല ഇത് ചെയ്തതെന്ന് പറഞ്ഞ് നാടുമുഴുവന്‍ പൊതുയോഗം നടത്താന്‍ പിണറായി വിജയന്‍ വരുമ്പോള്‍ നാടറിയണം ചന്ദ്രശേഖരന്റെ യഥാര്‍ത്ഥ ഘാതകരാരാണെന്ന്. സി.പി.ഐ.എം നേതാക്കളുടെ അറിവോടെയല്ലാതെ ആരും ചന്ദ്രേട്ടനെ കൊല്ലില്ല. അതെനിക്കുറപ്പാണ്. എത്ര പൊതുയോഗം നടത്തിയാലും ആ കുറ്റത്തില്‍നിന്ന് ഒഴിയാനാവില്ല ഒരു സി.പി.ഐ.എം നേതാവിനും. അന്വേഷണം നടക്കട്ടെ എന്നും കുറ്റവാളികളെ കണ്ടെത്തട്ടെ എന്നുമെല്ലാം പറഞ്ഞവര്‍ അന്വേഷണം തങ്ങള്‍ക്ക് നേരെ നീളുമ്പോള്‍ അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുകയാണ്.
സഖാക്കളെ,
ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് നാം പൊരുതുന്നത്, മനുഷ്യനന്മയ്ക്കുവേണ്ടി. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കൊന്നുതള്ളുന്നവരായിരുന്നില്ല മുമ്പ് സി.പി.ഐ.എം. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. പി കൃഷ്ണപിള്ളയും എ കെ ജി യും ഇ എം എസ്സും നായനാരും അടക്കമുള്ള മനുഷ്യസ്‌നേഹികളായ നേതാക്കന്മാര്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്ത പ്രസ്ഥാനം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു പറ്റം നേതാക്കന്മാരുടെ പിടിയില്‍ അമരാനിടയായി. അതിനുശേഷമാണ് കൊല്ലുവാനും കൊല്ലപ്പെടുവാനും മാത്രമുള്ള ഒരു പാര്‍ട്ടിയായി ഇത് മാറിയത്
രാഷ്ട്രീയ ജീവിതത്തിലെ സുതാര്യതകൊണ്ടും ജനകീയത കൊണ്ടും അടിക്കടി ജനപിന്തുണ വര്‍ദ്ധിച്ചുകൊണ്ടിരുന്ന ചന്ദ്രേട്ടനെ വകവരുത്താന്‍ സി പി ഐ എം നേതൃത്വം പലതവണ ശ്രമിച്ചതാണ്. ഒടുവിലവര്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ സംഘത്തിന്റെ കൂടി സഹായത്തോടെ ആസൂത്രിതമായി ആ സഖാവിനെ കൊത്തിനുറുക്കി. അന്നുമുതല്‍ ഞങ്ങള്‍ക്കതില്‍ പങ്കില്ല എന്ന് ആണയിടുന്നുണ്ടെങ്കിലും പോലിസ് സംഘത്തിന്റെ സാധാരണനിലയിലുള്ള അന്വേഷണത്തില്‍ പോലും പിടിക്കപ്പെടുന്നത് പാര്‍ട്ടി അംഗങ്ങളും അവര്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളികളുമാണ്. മാത്രമല്ല അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ കണ്ണൂരിലെയും മറ്റും ഉയര്‍ന്ന പദവികളിലുമുള്ള നേതാക്കന്മാര്‍ക്ക് ഈ ഗൂഡാലോചനയിലും ഈ അരുംകൊലയിലും കൊലയാളികളെ ഒളിപ്പിച്ചതിലുംപങ്കുണ്ടെന്ന് വ്യക്തമാകുകയാണ്. അതോടെ സമനില തെറ്റിയ പാര്‍ട്ടി നേതൃത്വം സംഘടിതമായ ഒരു നുണപ്രചാരണത്തിലൂടെ അണികളെയും അനുഭാവികളെയും തെറ്റിദ്ധരിപ്പിച്ചു കൂടെ നിര്‍ത്താനുള്ള പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതായും ഞാന്‍ അറിയുന്നു. പിണറായിവിജയന്‍ തന്നെയാണ് അതിനും നേതൃത്വം നല്‍കുന്നത്. പരമാവധി പാര്‍ട്ടി ബന്ധുക്കളെ അണിനിരത്തി ശക്തിപ്രകടനങ്ങള്‍ സംഘടിപ്പിച്ച് പോലിസ് അന്വേഷണത്തെ ഭീഷണികൊണ്ട് അട്ടിമറിക്കുകയാണവരുടെ ലക്ഷ്യം.
സഖാക്കളെ,
നേതൃത്വം ആവശ്യപ്പെട്ടാല്‍ അണിനിരക്കുന്നവരും നേതാക്കന്മാര്‍ പറയുന്നത് വിശ്വസിക്കുന്നവരുമാണ് എല്ലാകാലത്തും കമ്മ്യുണിസ്റ്റുകാര്‍. സത്യസന്ധതയുള്ളപാര്‍ട്ടിയും വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാക്കന്മാരുമുണ്ടായിരുന്ന കാലത്ത് അത് ശരിയായിരുന്നു. ഇപ്പോള്‍ അതാണോ സ്ഥിതി? ഈ മാഫിയ നേതാക്കന്മാരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ എത്ര പേര്‍ക്കാണ് മകനും സഹോദരനും ഭര്‍ത്താവും നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഓര്‍ത്തുനോക്കു. എത്ര പേരാണ് കൊലപാതകികളായും ബലിയാടുകളായും ജയിലുകളില്‍ നരകിക്കുന്നത്? ഈ കൊലപാതക രാഷ്ട്രീയം ഇനിയും തുടരണോ? ഈ കൊലയാളി നേതാക്കന്മാരുടെ പിന്നില്‍ ഇനിയും അണിനിരക്കണോ? അവര്‍ പറയുന്നത് വിശ്വസിക്കണോ? ശാന്തമായി ആലോചിക്കുക. സ്വതന്ത്രമായി തീരുമാനിക്കുക. ഒരു കമ്മ്യുണിസ്റ്റ് രക്ത സാക്ഷിയുടെ കമ്മ്യുണിസ്റ്റ്കാരിയായ വിധവ എന്നനിലയില്‍ എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്. എന്റെ വാക്കുകള്‍ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ സമനില തെറ്റിയ ജല്‍പ്പനങ്ങള്‍ മാത്രമാണെന്നും അതിനൊരു വിലയും കല്‍പ്പിക്കേണ്ടതില്ലെന്നും നേതാക്കന്മാര്‍ പറയുന്നു. ആ ക്രൂരതയോടെങ്കിലും പ്രതിഷേധിക്കണമെന്നും പാര്‍ട്ടികൂറിന്റെപേരില്‍ മാത്രം ഏതു കാട്ടാളത്തത്തിനും കൂട്ടുനില്‍ക്കുകയില്ലെന്നു തീരുമാനിക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു.
2012 മെയ് 19 ന് പ്രസിദ്ധീകരിച്ചത്
അഭിവാദനങ്ങളോടെ
കെ.കെ. രമ
Related Article