[]തിരുവനന്തപുരം: അഞ്ച് ദിവസത്തെ നിരാഹാര സമരത്തിനു ശേഷം ആര്‍.എം.പി നേതാവ് കെ.കെ രമ ഇന്ന് കോഴിക്കോട്ടേക്ക് മടങ്ങി.
ഏതാണ്ട് വൈകീട്ടോടെ രമ കോഴിക്കോട്ടെത്തുമെന്നാണ് സൂചന. കോഴിക്കോട്ട് രമയ്ക്ക് ആര്‍.എം.പിയുടെ സ്വീകരണവുമുണ്ടായിരിയ്ക്കും.
സന്തോഷത്തോടെയാണ് മടങ്ങിപ്പോവുന്നതെന്നും സമരവുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും രമ പറഞ്ഞു.
കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന ആവശ്യം ഉന്നയിച്ചാണ് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
100 മണിക്കൂര്‍ നീണ്ട നിരാഹാര സമരം കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായ ശേഷം വെള്ളിയാഴ്ച അവസാനിപ്പിയ്ക്കുകയായിരുന്നു.
പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രണ്ട് ദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വിശ്രമത്തിലായിരുന്നു.
രമയുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിവിധ സാംസ്‌കാരിക- സാമൂഹിക നേതാക്കളും രാഷ്ട്രീയ നേതാക്കളും സാധാരണക്കാരുമുള്‍പ്പെടെ ആയിരങ്ങളാണ് തിരുവനന്തപുരത്തെത്തിയത്.