രാഹുല്‍ ഗാന്ധിയോട് സ്‌നേഹപൂര്‍വ്വം ചില വിയോജിപ്പുകള്‍
National Politics
രാഹുല്‍ ഗാന്ധിയോട് സ്‌നേഹപൂര്‍വ്വം ചില വിയോജിപ്പുകള്‍
കെ. ജയദേവന്‍
Friday, 4th February 2022, 3:02 pm
മോദി സര്‍ക്കാരിന്റെ വിദേശനയം ഇന്ത്യയെ ഒറ്റപ്പെടുത്തി എന്ന രാഹുലിന്റെ വിമര്‍ശനം ശരി തന്നെ. പക്ഷേ, അതിന് കാരണമായി അദ്ദേഹം ഉയര്‍ത്തിയ കാര്യങ്ങള്‍ സംഘപരിവാര്‍ പറയുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നില്ല. ചൈനയും പാകിസ്ഥാനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്നും അതില്‍ നിന്ന് രക്ഷനേടാന്‍ ഇനിയും ആയുധങ്ങള്‍ വാങ്ങുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നും പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രധാനിയായ ഒരാള്‍ പറയുമ്പോള്‍, ട്രഷറി ബെഞ്ചില്‍ ആ പഴങ്കഥയിലെ കുറുക്കന്റെ മാനസികാവസ്ഥയില്‍ ഇരിക്കുന്ന സംഘപരിവാര്‍ കോമരങ്ങളുടെ മുഖത്ത് വിരിയുന്ന ചിരി നമുക്കൂഹിക്കാവുന്നതേയുള്ളൂ.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ 50 മിനിട്ട് നീണ്ടുനിന്ന പ്രസംഗം ഞാനിന്നാണ് കേട്ടത്. ഫാസിസ്റ്റ് വിരുദ്ധ സമരത്തിനായി ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളാകെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍, കോണ്‍ഗ്രസിന്റെ പങ്ക് അതില്‍ നിസ്സാരമാവില്ല എന്ന ജനാധിപത്യ ബോധമാണ് ആ പ്രസംഗം കേള്‍ക്കാന്‍ അത്രയും സമയം ചെലവഴിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.

സംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനപരമായ പല പ്രവണതകളും രാഹുല്‍ അക്കമിട്ടു തന്നെ അവതരിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളെപ്പറ്റി വിശദീകരിച്ച അദ്ദേഹം, അതിനെ ഇല്ലാതാക്കുന്ന രാജവാഴ്ചക്ക് സമാനമായ മനോഭാവങ്ങളെ ഗംഭീരമായി വിമര്‍ശിച്ചു.

ഫെഡറലിസത്തെ തകര്‍ക്കുന്ന, ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ ഇല്ലാതാക്കുന്ന യൂണിയന്‍ സര്‍ക്കാരിന്റെ ചെയ്തികളെ അദ്ദേഹം തുറന്നു കാട്ടാന്‍ ശ്രമിച്ചു. കേരളം, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്ര ഭരണകക്ഷിക്ക് ഏറെ പഠിക്കാനുണ്ടെന്ന് ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധി, ഒരു ഭാഗത്ത് സമ്പത്ത് കുന്നു കൂടുന്നതിനെതിരെയും മറുഭാഗത്ത് അസമത്വവും ദാരിദ്ര്യവും പെരുകുന്നതിനെതിരെയും ആഞ്ഞടിച്ചു.

ആ വര്‍ത്തമാനങ്ങള്‍ ഒന്നാം തരമായിരുന്നു. ഒരുപക്ഷേ, ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു രാഹുല്‍ ഗാന്ധിക്ക് മാത്രം പറയാന്‍ പറ്റുന്ന തരത്തിലായിരുന്നു അതെല്ലാം.

എന്നാല്‍, അനുകൂലമായ സാഹചര്യങ്ങള്‍ പലതുണ്ടായിട്ടും എന്തുകൊണ്ടാണ് ബി.ജെ.പിക്ക് ഒരു സമ്പൂര്‍ണ്ണ ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോകുന്നത് എന്ന കാര്യവും രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ പ്രസംഗത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാനാവും.

സൂക്ഷ്മമായി നോക്കിയാല്‍ വൈരുദ്ധ്യങ്ങള്‍ പലതുമുണ്ടായിരുന്നു ആ പ്രസംഗത്തില്‍. ‘നിങ്ങളുടെ ജീവിതകാലത്തൊരിക്കലും തമിഴ്‌നാട് ഭരിക്കാനാവില്ല,’ എന്ന് ഭരണകക്ഷി നേതാക്കളോട് തറപ്പിച്ചു പറയുന്നുണ്ട് രാഹുല്‍ ഗാന്ധി. എന്നാല്‍ ആ ഉറപ്പോടെ, താന്‍ കൂടി പ്രതിനിധീകരിക്കുന്ന കേരളത്തെപ്പറ്റി പറയാന്‍ എന്തുകൊണ്ടാകും അദ്ദേഹത്തിന് കഴിയാതെ പോയത്? തമിഴ്‌നാട്ടില്‍ ബി.ജെ.പി ഭരണത്തില്‍ വരാതിരിക്കുന്നതില്‍ കോണ്‍ഗ്രസിന് പങ്കൊന്നുമില്ല. എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ല. ഇപ്പോള്‍ ഭരണത്തിലില്ലെങ്കിലും കോണ്‍ഗ്രസ് ഇവിടെയൊരു പ്രബല കക്ഷിയാണ്. അതുകൊണ്ടുതന്നെ സംഘപരിവാര്‍ അജണ്ടകളെ പ്രതിരോധിക്കാന്‍ അവര്‍ അവരുടേതായ സംഭാവനകള്‍ നല്‍കേണ്ടതുമാണ്.

എന്നാല്‍  കേരളത്തിലെ അനുഭവം മറിച്ചാണെന്ന് രാഹുല്‍ ഗാന്ധിയും മനസ്സിലാക്കിക്കാണും. ശബരിമല വിഷയത്തിലുള്‍പ്പെടെ നാമത് കണ്ടതാണ്. ജാതിഹിന്ദുവിന്റെ മ്ലേച്ഛമായ മനോഭാവങ്ങളെ സമൂഹത്തിന്റെ പൊതുബോധമാക്കി മാറ്റിത്തീര്‍ക്കുന്നതിന് കോണ്‍ഗ്രസ് നല്‍കുന്ന സംഭാവനകള്‍ എത്രയോ നിര്‍ണായകമാണ്. അവസരം വരുമ്പോള്‍ താനും ബി.ജെ.പിയിലേക്ക് പോകും എന്ന പരാമര്‍ശം നടത്തിയ ഒരു നേതാവിന്റെ കീഴില്‍ ‘സുധാകരനിസം’ എന്ന വീരസ്യബാനറും പിടിച്ച് അണിനിരക്കുന്ന സ്വന്തം അനുയായികളുടെ മതനിരപേക്ഷതയോടുള്ള ആത്മാര്‍ത്ഥതയില്ലാത്ത മനോഭാവത്തെ തനിക്കും തിരുത്താനാവില്ല എന്നാണോ അദ്ദേഹം പറയാതെ പറഞ്ഞത്.

ഇവിടെ നിന്നുള്ള ഒരേയൊരു ഇടതുപക്ഷ അംഗത്തിനാണ് ഈ വിധം പ്രസംഗിക്കാനൊരവസരം കിട്ടിയതെങ്കില്‍ തമിഴ്നാടിന്റെ കൂടെ കേരളത്തെക്കൂടി ബി.ജെ.പിയുടെ ‘ബാലികേറാമല’യായി അദ്ദേഹം അവിടെ ഉയര്‍ത്തിക്കാട്ടിയേനെ. അതിന്റെ കാരണം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. രൂക്ഷമായി പരിഹസിക്കപ്പെടും മട്ടില്‍ എണ്ണത്തില്‍ തീരെ കുറവുള്ള ഇടതുപക്ഷത്തിന്റെ ആ അംഗത്തിന് പറയാന്‍ പറ്റുമായിരുന്ന നിര്‍ണായകമായ ഒരു വാചകം എന്തുകൊണ്ടാണ് തങ്ങളുടെ സമുന്നതനായ നേതാവിന് (ഒരു പക്ഷേ ആഗ്രഹമുണ്ടായിട്ടു പോലും) പറയാന്‍ കഴിയാതെ പോയത് എന്നാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ സുഹൃത്തുക്കള്‍ ഇപ്പോള്‍ തലപുകഞ്ഞ് ആലോചിക്കേണ്ടത്.

സമ്പത്തിന്റെ കേന്ദ്രീകരണത്തെപ്പറ്റിയുള്ള രാഹുലിന്റെ പരാമര്‍ശം കൗതുകം ജനിപ്പിക്കുന്നതായിരുന്നു. ആ കൗതുകത്തിന്റെ കാരണം മറ്റൊന്നുമല്ല. ഈയിടെ ലോകത്തെവിടേയും കേട്ടുകേള്‍വിയില്ലാത്ത മട്ടിലുള്ള ഒരു ഡീലില്‍ എയര്‍ ഇന്ത്യയെ ടാറ്റാക്ക് വിറ്റപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടെന്തായിരുന്നു? ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ നവരത്‌ന കമ്പനികള്‍, ഇപ്പോഴിതാ LIC- ഓരോന്നും ചുളുവിലയ്ക്ക് വിറ്റുതുലയ്ക്കുകയാണ് മോദി സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ബി.ജെ.പി മുന്നോട്ടുവെക്കുന്ന സാമ്പത്തിക പദ്ധതികള്‍ക്ക് എന്ത് ബദലാണ് രാഹുല്‍ ഗാന്ധിക്കോ കോണ്‍ഗ്രസിനോ മുന്നോട്ടുവെക്കാനുള്ളത്?

ആ ബദലുകളുടെ കൂടി അഭാവമല്ലേ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള ഒരു സംഘപരിവാര്‍ വിരുദ്ധ കൂട്ടുകെട്ടിന് തടസം നില്‍ക്കുന്ന പ്രധാന ഘടകം? ആ വഴിക്ക് എപ്പോഴെങ്കിലും ചിന്തിച്ചു കാണുമോ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും. സാധ്യത തീരെ കുറവാണ്. ആ കുറവ് പക്ഷേ, ഒരു വ്യക്തിയുടെ കുറവല്ല, കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കുറവാണ്.

യൂണിയന്‍ സര്‍ക്കാരിന്റെ വിദേശനയത്തെ വിമര്‍ശിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ഏറ്റവും വലിയ അബദ്ധത്തില്‍ ചാടിയത്. എന്നാല്‍, അതൊരബദ്ധമാണെന്ന് രാഹുലോ കൂട്ടാളികളോ കരുതും എന്നും നാം പ്രതീക്ഷിക്കേണ്ടതില്ല. കൂട്ടാളികളെ തല്‍ക്കാലം വിടുക, 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും അതിന്റെ അനുബന്ധങ്ങളും ആര് മറന്നാലും രാഹുല്‍ ഗാന്ധി മറക്കാന്‍ പാടില്ലായിരുന്നു. സംഘപരിവാറിനെതിരായി, NDA ഇതര പാര്‍ട്ടികളെല്ലാം തങ്ങളുടേതായ സംഭാവനകള്‍ അന്ന് നല്‍കിയപ്പോള്‍ രാഹുല്‍ ഗാന്ധിയും അതിന്റെ മുന്‍നിരയിലുണ്ടായിരുന്നു. രാജ്യത്തെല്ലായിടത്തും ഓടിനടന്ന് അദ്ദേഹം ജനങ്ങളുമായി സംവദിച്ചു. ‘മോദി സര്‍ക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക’ എന്ന പ്രതിപക്ഷ മുദ്രാവാക്യത്തിന്റെ പ്രധാന ശബ്ദം തീര്‍ച്ചയായും രാഹുല്‍ ഗാന്ധിയുടേതായിരുന്നു.

ചില സന്ദര്‍ഭങ്ങളിലെങ്കിലും നരേന്ദ്ര മോദിയും സംഘവും പ്രതിരോധത്തിലാകുന്നതിന്റെ സൂചനകളും രാജ്യത്തിന്റെ പലഭാഗത്തു നിന്നും അന്ന് വന്നുകൊണ്ടിരിക്കുകയും ചെയ്തതാണ്. എന്നാല്‍, പൊടുന്നനെയാണ് ഏതൊരു ഫാസിസ്റ്റ് ഭരണാധികാരിയും ചെയ്യുന്നത് പോലെ, മോദി നിര്‍ണായകമായ രാജ്യസ്‌നേഹത്തിന്റെ ആ അവസാനത്തെ കാര്‍ഡിറക്കിയത്. ബാലക്കോട്ട് ആക്രമണവും തുടര്‍ന്ന് വന്‍തോതില്‍ കൊട്ടിഘോഷിക്കപ്പെട്ട ‘സര്‍ജിക്കല്‍ സ്‌ട്രൈക്കും’ അങ്ങിനെ സംഘടിപ്പിക്കപ്പെട്ടു- അതെ, സംഘടിപ്പിക്കപ്പെട്ടു. സംഘപരിവാറില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്ത പ്രതിപക്ഷ പാര്‍ട്ടികളുടെ അഭ്യര്‍ത്ഥനയേക്കാള്‍ ജനം മുഖവിലയ്‌ക്കെടുത്തത് നമ്മുടെ ശത്രുക്കളായ പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയെയായിരുന്നു.

വര്‍ഷങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മിലിറ്ററി ഫണ്ടമെന്റലിസത്തിന്റേയും ഊതിവീര്‍പ്പിച്ച രാജ്യസ്‌നേഹത്തിന്റേയും അകം പൊള്ളയായ കൂടാരങ്ങളില്‍ അന്തിയുറങ്ങുന്ന ഒരു ജനതയ്ക്ക് മോദിയുടെ അഭ്യര്‍ത്ഥന മുഖവിലയ്‌ക്കെടുക്കാന്‍ കാരണങ്ങളേറെയുണ്ടായിരുന്നു. ജീവിതദുരിതങ്ങള്‍ അനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ രോഷം ഏറ്റുവാങ്ങാനിരിക്കെ, അതിന്റെ ലക്ഷണമെന്നോണം ഒന്നാം ഗിയറില്‍ നിരങ്ങി നീങ്ങിയിരുന്ന സംഘപരിവാരത്തിന്റെ അധികാരവണ്ടിയെ പൊടുന്നനെയാണ് ദേശസ്‌നേഹത്തിന്റെ ഇന്ധനം നിറച്ച് ടോപ് ഗിയറിലേക്ക് മാറ്റാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചത്.

മോദി സര്‍ക്കാരിന്റെ വിദേശനയം ഇന്ത്യയെ ഒറ്റപ്പെടുത്തി എന്ന രാഹുലിന്റെ വിമര്‍ശനം ശരി തന്നെ. പക്ഷേ, അതിന് കാരണമായി അദ്ദേഹം ഉയര്‍ത്തിയ കാര്യങ്ങള്‍ സംഘപരിവാര്‍ പറയുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നില്ല. ചൈനയും പാകിസ്ഥാനും മാത്രമല്ല ബംഗ്ലാദേശും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും നേപ്പാളുമെല്ലാം ഇന്ത്യയുമായുള്ള ബന്ധം ഇപ്പോള്‍ എങ്ങിനെയാണ് നിലനിര്‍ത്തുന്നത് എന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യണമായിരുന്നു രാഹുല്‍ ഗാന്ധി. 2020 ജൂണില്‍ നേപ്പാള്‍ അതിര്‍ത്തിയില്‍, ബിഹാറില്‍, നേപ്പാള്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ച ഒരു ഇന്ത്യക്കാരന്റെ കാര്യം ആരറിഞ്ഞില്ലെങ്കിലും രാഹുല്‍ ഗാന്ധി അറിയണമായിരുന്നു.

തന്റെ മുത്തച്ഛന്റെ കാലം മുതല്‍ സൗഹൃദത്തിലായിരുന്ന നേപ്പാള്‍ എന്ന കൊച്ചു രാജ്യം എങ്ങിനെയാണ് ഈ വിധം ഇന്ത്യയില്‍ നിന്നകന്നത് എന്നതിലെ വസ്തുത ആരാണ് നമ്മുടെ ജനങ്ങളോട് പറയേണ്ടത്.? നേപ്പാളിന്റെ പ്രദേശമായ കാലാപാനി, ഇന്ത്യന്‍ ഭൂപടത്തില്‍ വരച്ചുവെച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച്, ലിംബിയാധുര എന്ന ഭൂപ്രദേശമുള്‍പ്പെടെ 400 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമി തങ്ങളുടെ ഭൂപടത്തില്‍ വരച്ചു വെയ്ക്കാന്‍ നേപ്പാളിന് ധൈര്യം കൊടുത്ത ഭരണമാണ് നരേന്ദ്ര മോദിയുടേത്. മറ്റ് രാജ്യങ്ങളുമായുള്ള കാര്യവും ഈ വിധം പറയാനാകും. വിസ്താരഭയത്താല്‍ ഇപ്പോഴിവിടെ മുതിരുന്നില്ല എന്നുമാത്രം.

ഈ കാര്യങ്ങളൊന്നും രാഹുല്‍ ഗാന്ധി ഓര്‍ക്കുന്നേയില്ല. പകരം, ചൈനയും പാകിസ്ഥാനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്നും അതില്‍ നിന്ന് രക്ഷനേടാന്‍ ഇനിയും ആയുധങ്ങള്‍ വാങ്ങുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നും പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രധാനിയായ ഒരാള്‍ പറയുമ്പോള്‍, ട്രഷറി ബെഞ്ചില്‍ ആ പഴങ്കഥയിലെ കുറുക്കന്റെ മാനസികാവസ്ഥയില്‍ ഇരിക്കുന്ന സംഘപരിവാര്‍ കോമരങ്ങളുടെ മുഖത്ത് വിരിയുന്ന ചിരി നമുക്കൂഹിക്കാവുന്നതേയുള്ളൂ. അയല്‍ രാജ്യങ്ങളുമായെല്ലാം ഉള്ള ബന്ധം മോശമാക്കുകയും എന്നാല്‍ അതില്‍ ചിലതിനെ മാത്രം ശത്രുരാജ്യങ്ങളായി ചിത്രീകരിക്കുകയും ചെയ്ത്, ആവശ്യം വരുമ്പോഴെല്ലാം ഒരു യുദ്ധാന്തരീക്ഷമുണ്ടാക്കി തീവ്രദേശീയതയെ ഒളിച്ചുകടത്തുന്ന സംഘപരിവാര്‍ തന്ത്രം, സ്വന്തം പാര്‍ട്ടിയിലെ അലസബുദ്ധികളായ കൂട്ടാളികള്‍ക്ക് മനസ്സിലായില്ലെങ്കിലും രാഹുല്‍ ഗാന്ധിക്കെങ്കിലും മനസ്സിലാകേണ്ടതായിരുന്നു. അതില്ലാഞ്ഞതുകൊണ്ടാണ്, ‘ഭൂപടത്തിലെ അയല്‍രാജ്യങ്ങള്‍ എങ്ങിനെയാണ് നിങ്ങളുടെ ഭരണത്തില്‍ ഈ വിധം ശത്രുരാജ്യങ്ങളായി മാറിയത്’, എന്ന നിര്‍ണായക ചോദ്യം കേന്ദ്ര ഭരണകക്ഷിയോട് രാഹുല്‍ ഗാന്ധിക്ക് ചോദിക്കാന്‍ കഴിയാതെ പോയത്. ഒരേ കല്ലില്‍ തട്ടി ഒന്നിലധികം തവണ വീണു പോകുന്നത് മഠയത്തമാണ് സര്‍.

തന്റെ മുത്തച്ഛനേയും, മുത്തശ്ശിയേയും, അച്ഛനേയും പറ്റി പറയുമ്പോള്‍ രാഹുല്‍ വികാരാധീനനായത് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അക്കാര്യത്തില്‍ അദ്ദേഹം പറഞ്ഞതത്രയും ശരിയുമാണ്. ഈ കാര്യങ്ങളിലെല്ലാമുള്ള രാഹുല്‍ ഗാന്ധിയുടെ ആത്മാര്‍ത്ഥത തീര്‍ത്തും കലര്‍പ്പില്ലാത്തതാണ് എന്ന കാര്യത്തിലും എനിക്ക് സംശയങ്ങളില്ല. എന്നാല്‍ ആ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ശോകമൂകമായ ഒരു പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അതിനെ പ്രചരിപ്പിക്കുന്ന രാഹുലിന്റെ ആഴം കുറഞ്ഞ അനുയായികളുടെ കാര്യം അങ്ങിനെയാകാനിടയില്ല.

ശ്രീപെരുംപത്തൂരില്‍, രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഥലത്ത്, രാജീവിന്റേതായി ഒരു വാചകം എഴുതി വെച്ചിട്ടുണ്ട് – ‘ഇന്ത്യ, ഒരു പുരാതന രാജ്യവും ആധുനിക രാഷ്ട്രവുമാണ്’ എന്നതാണ് അത്. ഇന്ത്യയുടെ ചരിത്രത്തെ, പാരമ്പര്യത്തെ, പൗരാണികതയെ ഒക്കെ പരാമര്‍ശിക്കുമ്പോള്‍, രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞ ഈ വാചകം ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. ഓര്‍ക്കാന്‍, മുത്തച്ഛന്‍ പറഞ്ഞ കാര്യങ്ങളാണെങ്കില്‍ ഒരുപാട് വേറെയുണ്ട് താനും. സംഘപരിവാറിന് എല്ലാ തരത്തിലുമുള്ള ഒരു ബദല്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെങ്കില്‍, ഏറെ കഷ്ടപ്പെട്ടാണെങ്കിലും അതെല്ലാം ഓര്‍ക്കാന്‍ ശ്രമിക്കണം നിശ്ചയമായും രാഹുല്‍ ഗാന്ധി.

‘ഞാനൊറ്റക്ക് നരേന്ദ്ര മോദിക്കെതിരെ യുദ്ധം ചെയ്യുമ്പോള്‍ നിങ്ങളെന്തു ചെയ്യുകയായിരുന്നു’ എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ഇന്നലത്തേതിലും വികാരാധിക്യത്താല്‍ AICC വര്‍ക്കിങ്ങ് കമ്മിറ്റി യോഗത്തില്‍ ചോദിച്ചയാളാണ് അദ്ദേഹം. ആ കൂട്ടുകാര്‍ തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന് ചുറ്റുമുള്ളത്. നേരത്തെ സൂചിപ്പിച്ച അപകടകരങ്ങളായ ഓര്‍മകള്‍ എങ്ങാനും ഉണ്ടാവുകയാണെങ്കില്‍, ഈ കൂട്ടാളികള്‍ക്കിടയില്‍ ആ ഓര്‍മകള്‍ക്ക് നല്‍കേണ്ട വിലയെപ്പറ്റി രാഹുല്‍ ഗാന്ധി ബോധവാനാണ് എന്നുണ്ടോ..? അറിയില്ല നമുക്ക്. അങ്ങിനെയാണെങ്കില്‍ ഒന്നില്‍ നിന്ന് തുടങ്ങണം സര്‍… ഈ വിധമാണെങ്കില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.


Content Highlight: K Jayachandran writes about Rahul Gandhi’s speech in LokSabha