Kerala News
സഭയുടെ ഔദ്യോഗിക മുദ്രയുപയോഗിച്ച് വിദ്വേഷപ്രചരണം; ബി.ജെ.പി നേതാവിനെതിരെ കെ.സി.ബി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 12, 04:56 pm
Tuesday, 12th January 2021, 10:26 pm

കൊച്ചി: ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത ബി.ജെ.പി കോട്ടയം ജില്ല പ്രസിഡന്റ് നോബിള്‍ മാത്യുവിനെതിരെ പ്രതിഷേധവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി).

‘ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാന്‍ ഇനി ഞങ്ങളില്ല’ എന്നെഴുതിയ പോസ്റ്ററില്‍ തങ്ങളുടെ ഔദ്യോഗികമുദ്ര നോബിള്‍ മാത്യൂ ഉപയോഗിച്ചെന്ന് കെ.സി.ബി.സി ആരോപിച്ചു.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ അനാവശ്യ പ്രചാരണത്തിനായി സഭയുടെ ഔദ്യോഗിക മുദ്ര ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.

കേരള സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചക്കും സൗഹാര്‍ദത്തിനും മതനിരപേക്ഷതയ്ക്കുമാണ് കെ.സി.ബി.സി നിലപാടെടുക്കുന്നത്. ഇത്തരത്തില്‍ പോസ്റ്റര്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും ഭൂഷണമല്ല.

തീവ്രവാദം ഏതുതരത്തിലായാലും നാടിന് ആപത്താണെന്ന് സഭ വിശ്വസിക്കുന്നു. വിഭാഗീയതക്ക് അതീതമായി നാടിന്റെ നന്മയ്ക്കും മാനവികതയ്ക്കുമായാണ് കെ.സി.ബി.സി എന്നും നിലകൊണ്ടിട്ടുള്ളതെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചായിരുന്നു നോബിള്‍ മാത്യൂവിന്റെ കുറിപ്പ്. കേരളത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ക്രൈസ്തവ സഭകള്‍ കയറിയിറങ്ങുകയാണെന്നും കുഞ്ഞാലിക്കുട്ടിയുടെ ചിത്രവും വാര്‍ത്തയും കോഴിക്കൂടിനു വലം വെയ്ക്കുന്ന കുറുക്കന്റെ കഥയുമായി ഏറെ സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇസ്‌ലാമിക് തീവ്രവാദത്തിന്റെ ഇരകളായി മാറിയ ക്രിസ്ത്യാനികളെ പാട്ടിലാക്കുന്നതിനായാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ പ്രവേശനമെന്നും നോബിളിന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: K C B C Aganist BJP Leader Noble Mathew