ജമ്മു കശ്മീരിലെ നീതിന്യായ വ്യവസ്ഥ ക്രൂരമായ തമാശയായി മാറി: ഹൈക്കോടതി
NATIONALNEWS
ജമ്മു കശ്മീരിലെ നീതിന്യായ വ്യവസ്ഥ ക്രൂരമായ തമാശയായി മാറി: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2024, 2:39 pm

ശ്രീനഗർ: ഒരു വർഷം മുമ്പ് പുറപ്പെടുവിച്ച കോടതി ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജമ്മു കാശ്മീർ ഹൈക്കോടതി കേന്ദ്രഭരണ പ്രദേശത്തെ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചു. ജമ്മു കശ്മീരിലെ നീതിന്യായ വ്യവസ്ഥ ക്രൂരമായ തമാശയായി മാറിയെന്ന് ഹൈക്കോടതി പറഞ്ഞു.

2023 ഓഗസ്റ്റ് മുതലുള്ള കോടതി ഉത്തരവ് പാലിക്കാത്തതിന് ഭരണകൂടത്തിനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ്
ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, ജാവേദ് ഇഖ്ബാൽ വാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

ചീഫ് സെക്രട്ടറി അടൽ ദുല്ല, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി സന്തോഷ് ഡി. വൈദ്യം, ജനറൽ അഡ്‌മിനിസ്ട്രേഷൻ വകുപ്പ് സെക്രട്ടറി സഞ്ജീവ് വർമ, പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ് ആൻഡ് ബ്രിഡ്ജസ്) സെക്രട്ടറി ദുപീസർ കുമാർ എന്നിവരോട് വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ ബെഞ്ച് നിർദ്ദേശിച്ചു. വ്യാഴാഴ്ച വാദം കേൾക്കും.

‘വ്യക്തിപരമായി ഹാജരാകാനുള്ള നിർദ്ദേശം അവരിൽ ആരെങ്കിലും പാലിക്കുന്നില്ലെങ്കിൽ അവരുടെ സാന്നിധ്യം ഉറപ്പാക്കാൻ ഈ കോടതി നിർബന്ധിത നടപടികൾ സ്വീകരിക്കും,’ കോടതി പറഞ്ഞു.

ചീഫ് എൻജിനീയർമാരുടെയും ഉയർന്ന റാങ്കിലുള്ള എൻജിനീയർമാരുടെയും ശമ്പള വർധന സംബന്ധിച്ച് 2023 ഓഗസ്റ്റിൽ പുറപ്പെടുവിച്ച മുൻ ഉത്തരവ് പാലിക്കാത്തതിനെ തുടർന്നുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്.

കോടതിയലക്ഷ്യക്കേസുകൾ പാലിക്കാതെ നീണ്ടുനിൽക്കുകയാണെങ്കിൽ, അതിൻ്റെ ഉത്തരവുകളും കീഴ്ക്കോടതികളുടെ ഉത്തരവുകളും ഗൗരവമായി എടുക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശനമായ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

‘ഈ കോടതിയുടെ നിലനിൽപ്പ് തന്നെ അർത്ഥശൂന്യമാണ്. ഈ കോടതിയും മറ്റ് കോടതികളും പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കാതെ നീണ്ടുനിൽക്കുകയാണെങ്കിൽ അതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ കോടതി നിർബന്ധിതരാകും. കോടതി ഉത്തരവുകൾ പാലിക്കപെടുന്നുണ്ടെന്ന് യു.ടി ഭരണകൂടവും അതിൻ്റെ ബ്യൂറോക്രസിയും ശ്രദ്ധിക്കേണ്ടതാണ് ,’ കോടതി പറഞ്ഞു.

 

 

Content Highlight: Justice system in Jammu and Kashmir reduced to a ‘cruel joke’, says High Court