ന്യൂദല്‍ഹി: കോടതിയലക്ഷ്യ നടപടികളില്‍ സുപ്രീംകോടതിയിലും അപ്പീലിന് അവസരമുണ്ടാകണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജ് കുര്യന്‍ ജോസഫ്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ സുപ്രിംകോടതി ചുമത്തിയ കേസില്‍ നാളെ ശിക്ഷ വരാനിരിക്കവേയാണ് കുര്യന്‍ ജോസഫിന്റെ പ്രസ്താവന.
ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കണമെന്നാണ് കോടതിയുടെ സിദ്ധാന്തമെന്നും നീതി നടപ്പാകാതെ വന്നാലോ തെറ്റായ രീതിയില്‍ നീതിനടപ്പാക്കിയാലോ ആകാശം തീര്‍ച്ചയായും ഇടിഞ്ഞു വീഴുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി എതെങ്കിലും തരത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചാല്‍ അത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ അവസരമുണ്ട് എന്നാല്‍ സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് കോടതിയലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോള്‍ അതിന് അപ്പീല്‍ നല്‍കാനുള്ള ഒരു ഫോറം സുപ്രീംകോടതിയില്‍ തന്നെ ഉണ്ടാകണം. അതല്ലെങ്കില്‍ നീതി നടപ്പാകില്ല എന്ന തോന്നല്‍ ഉണ്ടാകുമെന്നും അതിനെക്കുറിച്ച് സുപ്രീംകോടതി ആലോചിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. കോടതിയലക്ഷ്യ കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതിലെ പോരായ്മയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം കേസുകള്‍ കേള്‍ക്കാന്‍ കുറഞ്ഞത് അഞ്ചംഗ ബെഞ്ച് എങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.