യൂണിഫോമിന്റെ പേരും പറഞ്ഞ് സ്ത്രീ അഭിഭാഷകരെ മോറല്‍ പൊലീസ് ചെയ്യാന്‍ നില്‍ക്കരുത്; അഭിഭാഷകരോട് ചീഫ് ജസ്റ്റിസ്
national news
യൂണിഫോമിന്റെ പേരും പറഞ്ഞ് സ്ത്രീ അഭിഭാഷകരെ മോറല്‍ പൊലീസ് ചെയ്യാന്‍ നില്‍ക്കരുത്; അഭിഭാഷകരോട് ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th November 2022, 11:17 pm

ന്യൂദല്‍ഹി: അഭിഭാഷകരുടെ യൂണിഫോമുമായി ബന്ധപ്പെട്ട കര്‍ശനരീതികളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വേനല്‍ക്കാലങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ് ചൂടു പിടിക്കുന്ന അന്തരീക്ഷമുണ്ടാകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ജസ്റ്റിസ് സംസാരിച്ചത്.

വസ്ത്രകാര്യങ്ങളിലെ കണിശമായ രീതി സ്ത്രീ അഭിഭാഷകരെ മോറല്‍ പൊലീസ് ചെയ്യാന്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂദല്‍ഹിയില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

‘അഭിഭാഷക ജോലി കൊളോണിയല്‍ രീതികളില്‍ നിന്നും മോചിതമാകേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം ഇന്ത്യയിലെ വേനല്‍ക്കാലങ്ങളില്‍ താപതരംഗങ്ങളടക്കമുണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ ആ സമയത്തെങ്കിലും അഭിഭാഷകര്‍ക്കുള്ള ഈ കര്‍ശനമായ ഡ്രസ് കോഡിനെ പറ്റി നമ്മള്‍ പുനര്‍ചിന്തിച്ചേ മതിയാകൂ. വസ്ത്രക്കാര്യങ്ങളിലെ ഈ കാര്‍ക്കശ്യം വെച്ച് സ്ത്രീ അഭിഭാഷകരെ മോറല്‍ പൊലീസ് ചെയ്യാനും നില്‍ക്കരുത്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

അഭിഭാഷകരുടെ കറുത്ത വസ്ത്രവും കോട്ടും ‘യെസ് മൈ ലോഡ്’ പോലെയുള്ള പ്രയോഗങ്ങളും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ നേര്‍പതിപ്പാണെന്ന് കാലങ്ങളായി വിമര്‍ശനമുയരുന്നുണ്ട്. ഇന്ത്യന്‍ കാലവസ്ഥക്ക് ഒട്ടും അനുയോജ്യമല്ലാത്ത യൂണിഫോമാണ് അഭിഭാഷകരുടേതെന്നാണ് വ്യാപകമായി ഉയര്‍ന്നിരുന്ന വിമര്‍ശനം.

കോടതിയില്‍ ജഡ്ജിയെ അഭിസംബോധന ചെയ്യാനുപയോഗിക്കുന്ന പദങ്ങളിലെ അമിതമായ വിധേയത്വം രാജഭരണത്തെ ഓര്‍മിപ്പിക്കുന്നതാണെന്നായിരുന്നു മറ്റൊരു വിമര്‍ശനം. നേരത്തെ ജസ്റ്റിസ് എസ്. മുരളീധര്‍ താന്‍ ചീഫ് ജസ്റ്റിസായെത്തിയ ഹൈക്കോടതികളില്‍ മൈ ലോഡ്, യുവര്‍ ഓണര്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് അറിയിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

അതേസമയം കോടതിയും നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റു പല വിഷയങ്ങളും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചിരുന്നു. ശീതകാല അവധിക്ക് മുമ്പ് ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമ്യഹരജികളുടെ കാര്യത്തിലും വേഗത്തിലുള്ള നടപടികളുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മൂവായിരത്തോളം ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ കോടതിക്ക് മുമ്പിലുണ്ട്. നിലവില്‍ 13 ബെഞ്ചുകളുള്ളതിനാല്‍ ദിവസം 150 എന്ന കണക്കില്‍ ഈ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കാന്‍ കഴിയണം. ജാമ്യാപേക്ഷകളുടെ കാര്യത്തിലും ത്വരിത നടപടികള്‍ സ്വീകരിക്കാന്‍ കഴിയണം,’ അദ്ദേഹം പറഞ്ഞു.

കൊളീജിയത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഒരു ജനാധിപത്യവ്യവസ്ഥയില്‍ ഒരു സ്ഥാപനവും പെര്‍ഫെക്ടായിരിക്കില്ലെന്നും ഭരണഘടനക്കനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Content Highlight:  Justice D Y Chandrachud about dress code of lawyers