ജൂലിയൻ അസാൻജിന് വിലക്ക്; അനുമതിയില്ലാതെ യു.എസിലേക്ക് മടങ്ങാൻ കഴിയില്ല
Worldnews
ജൂലിയൻ അസാൻജിന് വിലക്ക്; അനുമതിയില്ലാതെ യു.എസിലേക്ക് മടങ്ങാൻ കഴിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th June 2024, 4:18 pm

വാഷിങ്ടൺ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് അമേരിക്കയിലേക്ക് മടങ്ങാൻ വിലക്ക്. സർക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ അസാൻജിന് അമേരിക്കയിലേക്ക് മടങ്ങാൻ സാധിക്കില്ല. യു.എസ് നീതിന്യായ വകുപ്പാണ് അസാൻജിന് വിലക്കേർപ്പെടുത്തിയത്.

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് യു.കെയിലെ ബെൽമാർഷ്‌ ജയിലിൽ നിന്നും കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 62 മാസത്തെ തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ജയിലിൽ മോചനം. യു.എസ് ചാരവൃത്തി നിയമം ലംഘിച്ചതായി കുറ്റസമ്മതം നടത്താമെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് മോചനം.

‘പ്ലീ ഉടമ്പടി പ്രകാരം അനുമതിയില്ലാതെ അമേരിക്കയിലേക്ക് മടങ്ങുന്നതിൽ നിന്ന് അസാൻജിനെ വിലക്കിയിരിക്കുന്നു,’ നീതിന്യായ വകുപ്പ് പറഞ്ഞു.

2019 മുതൽ അദ്ദേഹം ലണ്ടനിലെ ബെൽമാർഷ്‌ ജയിലിലായിരുന്നു. യു.എസ് സർക്കാരിന്റെ ആയിരക്കണക്കിന് രഹസ്യ രേഖകൾ ചോർത്തി തന്റെ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് അസാൻജിനെതിരെയുള്ള കേസ്. ഈ നടപടി ആഭ്യന്തര സുരക്ഷക്ക് ഭീഷണിയുണ്ടാക്കിയെന്നാണ് അമേരിക്കയുടെ ആരോപണം. നയതന്ത്ര രഹസ്യങ്ങൾ ഉൾപ്പെടുന്ന 70000ത്തോളം രേഖകൾ അദ്ദേഹം പുറത്തു വിട്ടിരുന്നു.

2010ൽ അദ്ദേഹം ഒരു യു.എസ് സൈനിക ഹെലികോപ്റ്ററിൽ നിന്നുള്ള വീഡിയോ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ രണ്ട് റോയിട്ടേഴ്‌സ് ന്യൂസ് റിപ്പോർട്ടേഴ്‌സ് ഉൾപ്പടെ നിരവധി ഇറാഖി പൗരന്മാരും കൊല്ലപ്പെട്ടതായി കാണിച്ചിരുന്നു.

അമേരിക്ക പലരാജ്യങ്ങളിലും തങ്ങളുടെ എംബസികൾ വഴി ചാരപ്രവർത്തനം നടത്തിയിരുന്നു എന്നതും സഖ്യ രാജ്യങ്ങളിലെ നേതാക്കളെക്കുറിച്ച് തരംതാണ രീതിയിൽ അമേരിക്കൻ നേതാക്കൾ പരാമർശങ്ങൾ നടത്തിയതുമായ വിവരങ്ങൾ അസാൻജ് വഴി പുറത്ത് വന്നിരുന്നു.

ഇതെല്ലാം അമേരിക്കൻ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധത്തിലാക്കി. അമേരിക്കയുൾപ്പടെ നിരവധി രാജ്യങ്ങളിലെ നേതാക്കളുടെ പരാമർശങ്ങളും വിക്കിലീക്സ് വെബ്‌സൈറ്റിൽ വന്നിരുന്നു.

യു.എസ് ചാരവൃത്തി നിയമം ലംഘിച്ചതായി ആരോപിച്ച് 2019 ൽ യു.എസ് ഫെഡറൽ ഗ്രാൻഡ് ജൂറി അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയായിരുന്നു.

പിന്നീട് അദ്ദേഹത്തിന്റെ പേരിൽ ലൈംഗികാക്രമം ആരോപിക്കപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചു. സ്വീഡൻ ആയിരുന്നു അദ്ദേഹത്തിന്‌നെതിരെ ലൈംഗികാക്രമണ കുറ്റത്തിന് കേസ് എടുത്തത്. എന്നാൽ പിന്നീട് അമേരിക്കയുടെ സമ്മർദ്ദ ഫലമായാണ് സ്വീഡൻ ഇത് ചെയ്തതെന്ന് വാർത്തകൾ വന്നു.

സ്വീഡനിലേക്ക്‌ കൈമാറാതിരിക്കാൻ ഇക്വഡോറിലേ ലണ്ടൺ എംബസിയിൽ ഏഴ് വർഷത്തോളം അസാൻജ് കഴിഞ്ഞിരുന്നു.

 

Content Highlight: Julian Assange banned from returning to US without permission: How the plea deal came about