23ാം വയസില്‍ അത്യപൂര്‍വ നേട്ടവുമായി ജൂലിയന്‍ അല്‍വാരസ്; കോരിത്തരിച്ച് ആരാധകര്‍
Football
23ാം വയസില്‍ അത്യപൂര്‍വ നേട്ടവുമായി ജൂലിയന്‍ അല്‍വാരസ്; കോരിത്തരിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th June 2023, 7:05 pm

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനോട് പൊരുതി കന്നി കിരീടം തട്ടകത്തിലെത്തിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെയും സംഘത്തിന്റെയും ജയം. ഈ സീസണില്‍ പ്രീമിയര്‍ ലീഗ് ടൈറ്റിലും എഫ്.എ കപ്പും പേരിലാക്കിയ മാന്‍ സിറ്റി ഇതോടെ ട്രെബിള്‍ എന്ന അപൂര്‍വ നേട്ടം കൊയ്തിരിക്കുകയാണ്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡ് നേട്ടത്തോടൊപ്പം 23ാം വയസില്‍ തന്റെ ഫുട്‌ബോള്‍ കരിയര്‍ സമ്പൂര്‍ണമാക്കിയിരിക്കുകയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ജൂലിയന്‍ അല്‍വാരസ്. 2022ല്‍ ലോകകപ്പ് ചാമ്പ്യനായ അല്‍വാരസ് രാജ്യത്തിനായി കോപ്പ അമേരിക്ക, ഫൈനലിസിമ കിരീടം നേടുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഇവക്ക് പുറമെ അര്‍ജന്റൈന്‍ പ്രൈമേര, കോപ്പ ലിബര്‍ട്ടാഡോറസ്, കോപ്പ അര്‍ജന്റീന, സൂപ്പര്‍കോപ്പ അര്‍ജന്റീന, ട്രോഫി ഡി കാമ്പന്യോസ്, റീകോപ്പ സുഡാമെറിക്കാന എന്നീ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. താരം നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉയര്‍ത്താനും താരത്തിന് സാധിച്ചു.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് അല്‍വാരസ് റിവര്‍പ്ലേറ്റില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയത്. സിറ്റിയിലെത്തിയതിന് ശേഷം കുറഞ്ഞ അവസരങ്ങള്‍ മാത്രമെ താരത്തിന് ലഭിച്ചിട്ടുള്ളൂവെങ്കിലും കിട്ടിയ ചാന്‍സുകള്‍ കൃത്യമായി ഉപയോഗപ്പെടുത്താന്‍ അര്‍ജന്റൈന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹാലണ്ടിന്റെ അഭാവത്തില്‍ കളത്തിലിറങ്ങാറുള്ള അല്‍വാരസിന് ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ സ്‌കോര്‍ ചെയ്യാനും സാധിച്ചിരുന്നു.

തുടക്കത്തില്‍ ഹാലണ്ടിനെയും അല്‍വാരസിനെയും ഒരേസമയം ഉപയോഗപ്പെടുത്താന്‍ പെപ് പാടുപ്പെട്ടിരുന്നെങ്കിലും ക്രമേണ സിറ്റിയുടെ പ്രധാന മുഖമായി മാറാന്‍ അല്‍വാരസിന് സാധിച്ചു.

അതേസമയം, ഖത്തര്‍ ലോകപ്പില്‍ അര്‍ജന്റീനക്കായി മെസിക്ക് പിന്നാലെ കൂടുതല്‍ ഗോള്‍ നേടി ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ താരമാണ് അല്‍വാരസ്. തന്റെ ആദ്യ വേള്‍ഡ് കപ്പില്‍ തന്നെ നാല് ഗോളുകള്‍ പേരിലാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

മധ്യനിരയിലും ഡിഫന്‍ഡിങ്ങിലും സഹായിക്കാന്‍ പലപ്പോഴും അല്‍വാരസിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വേള്‍ഡ് കപ്പില്‍ ലൗട്ടാരോ മങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അഭാവം അറിയിക്കാതെ അര്‍ജന്റീനയെ മുന്നോട്ടുകൊണ്ടുപോയത് ജൂലിയന്‍ അല്‍വാരസായിരുന്നു. അര്‍ജന്റീനക്ക് ഇനിയും ഏറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ കഴിയുന്ന താരമാണ് അല്‍വാരസ്. ഈ സീസണില്‍ 18 ഗോളും നാല് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. 

Content Highlights: Julian Alvarez completes football in the age of 23