ബി.ജെ.പിയും ജെ.ഡി.എസും എന്നെ ഭയപ്പെടുന്നു; ഞാന്‍ ആരെയും ഭയപ്പെടുന്നില്ല: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
national news
ബി.ജെ.പിയും ജെ.ഡി.എസും എന്നെ ഭയപ്പെടുന്നു; ഞാന്‍ ആരെയും ഭയപ്പെടുന്നില്ല: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2024, 3:37 pm

ബെംഗളൂരു: ബി.ജെ.പിയും ജെ.ഡി.എസും തന്നെ ഭയപ്പെടുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മൂഡ കേസില്‍ താന്‍ തെറ്റുകാരനല്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ ഭയപ്പെടുന്നില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. മൈസൂരു വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.

‘ബി.ജെ.പിക്കും ജെ.ഡി.എസിനും എന്നെ പേടിയാണ്. അതുകൊണ്ടാണ് അവര്‍ എന്നെ വീണ്ടും വീണ്ടും ലക്ഷ്യമിടുന്നത്. ഇത് ആദ്യത്തെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണ്. ഞാന്‍ ഭയപ്പെടുന്നില്ല,’ സിദ്ധരാമയ്യ പറഞ്ഞു.

തനിക്കെതിരെ ആരോപിക്കപ്പെട്ട കേസില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പിന്നെ താന്‍ എന്തിനാണ് രാജി വെക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജിക്ക് വേണ്ടി പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെന്തിന് രാജി വെക്കണം. എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് എന്നോട് പറയൂ. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്. ഞങ്ങള്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. നിയമപരമായി പോരാടും,’ സിദ്ധരാമയ്യ പറഞ്ഞു.

സിദ്ധരാമയ്യ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

സിദ്ധരാമയ്യക്കെതിരെയുള്ള ആരോപണങ്ങളില്‍ ലോകായുക്തയുടെ അന്വേഷണം വേണമെന്ന് സ്‌പെഷ്യല്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

മുഡ (മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി) കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയുള്ള കേസുകള്‍ ലോകായുക്ത അന്വേഷണം നടത്തണമെന്ന് ബെംഗളൂരു കോടതി നിര്‍ദേശിച്ചിരുന്നത്.

മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) സ്ഥലങ്ങള്‍ സിദ്ധരാമയ്യയുടെ ഭാര്യക്ക് അനധികൃതമായി അനുദിച്ചുവെന്ന ആരോപണത്തില്‍ സിദ്ധരാമയ്യക്കെതിരെ ലോകായുക്തയുടെ അന്വേഷണം വേണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്.

Content Highlight: BJP and JDS scares me; I am not afraid of anyone: KARNATAKA CM SIDHARAMAYYA