കോഴിക്കോട്: സംഘപരിവാര്‍ ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍. ആക്രമണത്തില്‍ സത്വരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“മുഖ്യമന്ത്രിക്ക് വളരെ വിശദമായ പരാതി കൊടുത്തിട്ടുണ്ട്. കേരളത്തിലുടനീളം 45 മാധ്യമ പ്രവര്‍ത്തകര്‍ക്ക് നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അവരുടെ വിവരങ്ങളും അവര്‍ക്കുണ്ടായ നഷ്ടങ്ങളും അടക്കമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. 39 മാധ്യമ പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ചിട്ടുണ്ട്.”
കേരളാ ഹൗസിനു മുമ്പില്‍ വെച്ച് മൂന്നു മലയാളി മാധ്യമപ്രവര്‍ത്തകരും രണ്ടു തമിഴ് മാധ്യമ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം എല്ലാ വിവരങ്ങളും ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ പൊലീസ് സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നുവെന്നും കമാല്‍ വരദൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ആക്രമിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ സ്‌പെഷ്യല്‍ പൊലീസ് സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും അക്രമികള്‍ക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വാക്ക് തന്നിട്ടുണ്ട്. ജില്ലകളില്‍ കെ.യു.ഡബ്ല്യൂ.ജെയുടെ മറ്റു പ്രതിഷേധ പരിപാടികള്‍ ഉണ്ടാകും. ഇനി ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ബി.ജെ.പിക്കെതിരെ നടപടിയുമായി മുന്നോട്ടു പോകുമെന്നും പാര്‍ട്ടിയെ ബഹിഷ്‌ക്കരിക്കുമെന്നും അവരോട് പറഞ്ഞിട്ടുണ്ട്- കമാല്‍ വരദൂര്‍
യൂണിയന്‍ എടുക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനമെന്ന് ന്യൂസ് 18 കേരള എഡിറ്റര്‍ രാജീവ് ദേവരാജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“എക്ക്യുപ്‌മെന്റ്‌സ് കേടുവന്നതിന് പരാതി നല്‍കിയിട്ടുണ്ട്. അതിനനുസരിച്ചുള്ള കാര്യങ്ങള്‍ മുന്നോട്ടു ചെയ്തിട്ടുണ്ട്. പരിക്ക് പറ്റിയ മാധ്യമ പ്രവര്‍ത്തകര്‍ യൂണിയന്‍ മെമ്പര്‍മാരാണ്. യൂണിയന്‍ എടുക്കുന്ന തീരുമാനങ്ങളുമായാണ് മുന്നോട്ടു പോയത്. സ്വന്തം നിലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതില്‍ ഞങ്ങള്‍ നിയമപരമായി മുന്നോട്ടു പോകുന്നതിനെ കുറിച്ച് ആലോചനയിലാണ്.”- രാജീവ് ദേവരാജ് പറഞ്ഞു.
ഇത്തരസംഭവങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു. “ഇന്നലെ തിരുവനന്തപുരത്ത് ശ്രീധരന്‍ പിള്ളയുടെ പ്രസ് കോണ്‍ഫറന്‍സ് എല്ലാവരും കൂടി ചേര്‍ന്ന് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. അതിനകത്ത് ഞങ്ങളും ആ കൂട്ടായ്മയുടെ ഭാഗമായി നിന്നു”
ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാക്കളെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരമായി ബി.ജെ.പിയെ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറും പറഞ്ഞു. ഹര്‍ത്താലിനിടെ നേരിട്ട ആക്രമണത്തില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും സിന്ധു സൂര്യകുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ഇനി ബി.ജെ.പി ആയാലും സി.പി.ഐ.എം ആയാലും എന്തായാലും ഞങ്ങളുടെ ആള്‍ക്കാര്‍ക്ക് ഇതുപോലെ ആക്രമണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ പരാതികള്‍ കൊടുക്കാറുണ്ട്. ഒഫീഷ്യല്‍ ആയി ബി.ജെ.പിക്കാരും മാധ്യമങ്ങളെ ബഹിഷ്‌ക്കരിച്ചിട്ടില്ല. ഇന്നലെ കേരളത്തിലുണ്ടായ സാഹചര്യത്തിന്റെ ഭാഗമായാണ് അങ്ങനെ ഒരു തീരുമാനം ഉണ്ടായത്. ആത്യന്തികമയിട്ട് ഇന്നലെ ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യുകയാണ് വേണ്ടിയിരുന്നത്.”
അതേസമയം, കെ.യു.ഡബ്ല്യൂ.ജെ കൂട്ടമായി എന്തെങ്കിലും തീരുമാനമെടുത്താല്‍ അതിന്റെ കൂടെ നില്‍ക്കുമെന്നും സിന്ധു സൂര്യകുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് റിപ്പോര്‍ട്ടര്‍ ടി.വി ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനും അഭിപ്രായപ്പെട്ടു.
“ഞങ്ങള്‍ പലതവണ ആക്രമിക്കപ്പെട്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. ആദ്യത്തേത് പത്തനംതിട്ട വെച്ച് ആക്രമിക്കപ്പെട്ടു. അന്ന് നേരിട്ട് ഡി.ജി.പിക്ക് അടക്കം പരാതി കൊടുത്തിരുന്നു. ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ആ കേസ് ഇപ്പോഴും ഉണ്ട്. രണ്ടാമത്തേത് കോഴിക്കോട് ഓഫീസ് ആക്രമിച്ചതും റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ടുള്ളതാണ്.”-അഭിലാഷ് മോഹന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ബഹിഷ്‌ക്കരിക്കുന്ന സാഹചര്യം വന്നത് പരിപാടികള്‍ ഒരു തരത്തിലും കവര്‍ ചെയ്യാന്‍ കഴിയില്ല എന്നൊരു അവസ്ഥയിലാണ്. ബി.ജെ.പിയുടെ രണ്ടു ദിവസത്തെ പ്രകടനങ്ങള്‍ കവര്‍ ചെയ്യാന്‍ പോയ ആളുകള്‍ ആക്രമിക്കപ്പെട്ടു. അങ്ങനത്തെ അവസ്ഥയില്‍, ഇതൊരു രാഷ്ട്രീയ ബഹിഷ്‌ക്കരണമല്ല, ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ മാധ്യമ പ്രവര്‍ത്തകരെ ടാര്‍ഗറ്റ് ചെയ്യുന്നത് അവസാനിപ്പിച്ചാല്‍, അവര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റും എന്നുള്ള ഒരുറപ്പ് കിട്ടണം”.
“ആക്രമിക്കുന്ന അവസ്ഥ മാറണം. ബി.ജെ.പിക്കാര്‍ ആക്രമിക്കില്ല എന്ന സംവിധാനം ഉണ്ടാക്കുന്നത് വരെ ഉള്ളൂ. അതല്ലാതെ നീണ്ട് നില്‍ക്കുന്ന കാര്യമല്ല അത്. ഇത് ഈ ഒരൊറ്റ വിഷയത്തില്‍ മാത്രമാണ്. അവര്‍ ആക്രമിക്കില്ല എന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ അവസാനിക്കുന്ന വിഷയമാണ്. ആരെയും ഞങ്ങള്‍ രാഷ്ട്രീയമായി ബഹിഷ്‌ക്കരിക്കാറില്ലെന്നും” അഭിലാഷ് മോഹന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.