ഇംഫാല്‍: മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി മെയ്‌തെയ് വിഭാഗത്തെ പിന്തുണച്ചുവെന്നും മണിപ്പൂരി മാധ്യമ പ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് വസ്തുതാ പരിശോധ സമിതി റിപ്പോര്‍ട്ട്. കലാപം ആരംഭിച്ച നാള്‍ മുതലുള്ള ഇന്റര്‍നെറ്റ് നിരോധനം സംസ്ഥാനത്ത് വിപരീതഫലം ഉണ്ടാക്കിയെന്നും മണിപ്പൂരില്‍ നിന്നുള്ള യഥാര്‍ത്ഥ വാര്‍ത്തകള്‍ പുറത്തുവരുന്നില്ലെന്നും മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മണിപ്പൂരില്‍ മെയ് മൂന്നിന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ദിവസങ്ങളില്‍ കുകി ഭൂരിപക്ഷ ജില്ലകളായ ചുരാചന്ദ്പൂര്‍, കാങ്പോക്പി, തെങ്നൗപാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമായതായി എഡിറ്റേഴ്സ് ഗില്‍ഡ് ടീം കണ്ടെത്തി. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയ 10ലധികം സംഭവങ്ങള്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി.
ഏഴ് വയസുള്ള കുകി ബാലനെ മെയ്‌തെയ് ആള്‍ക്കൂട്ടം ആക്രമിച്ച വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയേയും അമ്മയേയും ആംബുലന്‍സില്‍ ജീവനോടെ കത്തിച്ചതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കുകി ആധിപത്യമുള്ള ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയില്‍ മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് ചികിത്സ നല്‍കി എന്ന വാര്‍ത്ത പല മാധ്യമങ്ങളും പുറത്തുവിട്ടു. ഗ്വാള്‍ട്ടബിയിലെ ഒരു ക്ഷേത്രം കുകി മിലിറ്റന്റുകള്‍ അശുദ്ധമാക്കിയെന്ന വാര്‍ത്തയും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് സംബന്ധിച്ച് ദിമാപുര്‍ ആസ്ഥാനമായ കരസേനയുടെ സ്പിയര്‍ കോര്‍, എഡിറ്റേഴ്‌സ് ഗില്‍ഡിന് കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സീമ ഗുഹ, സഞ്ജയ് കപൂര്‍, ഭരത് ഭൂഷണ്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് നിയോഗിച്ചത്.
ഇംഫാലില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ജനങ്ങളോട് പ്രതികരിക്കുന്നതിന് പകരം ഫോണ്‍ സ്വിച്ച്് ഓഫ് ചെയ്ത് വെച്ചതായി തെളിവെടുപ്പിനിടെ ജനങ്ങള്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഫാലില്‍ നിന്നുള്ള വാര്‍ത്തകള്‍ അസം റൈഫിള്‍സ് സൂക്ഷ്മ പരിശോധന നടത്തണമെന്നും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം സാധ്യമാക്കേണ്ട സ്വതന്ത്ര മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അടിയന്തരമായി നിര്‍ത്തണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് വസ്തുതാ പരിശോധന സമിതി ആവശ്യപ്പെട്ടു.