ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനായി. നടപടികള്‍ പൂര്‍ത്തിയായതോടെ കാപ്പനെ റിലീസ് ചെയ്യാനുള്ള ഓര്‍ഡര്‍ ലഖ്നൗ സെഷന്‍സ് കോടതി ജയിലിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് ലഖ്‌നൗ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ഇനിയും നീതി ലഭിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായവര്‍ക്ക് കൂടെ നീതി ലഭിച്ചാലെ അത് പൂര്‍ണമാവുകയുള്ളുവെന്നും ജയിലില്‍ നിന്ന് മോചിതനായ ശേഷം കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘സന്തോഷകരം, പത്രപ്രവര്‍ത്തക യൂണിയനും മാധ്യമപ്രവര്‍ത്തകരും, അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വിഷയം ഉന്നയിച്ചു. മാധ്യമപ്രവര്‍ത്തകരോടും പൊതുസമൂഹത്തോടും നന്ദി.
ജയിലിലുള്ള സമയത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഉമ്മ എന്നെ വിട്ടുപോയി. പൊലീസ് എല്ലായിടത്തും ടൂളുകള്‍ മാത്രമാണ്. നീതി പൂര്‍ണാമായിട്ടും ലഭിച്ചിട്ടില്ല. നമ്മുടെ കൂടെയുള്ളവര്‍ പലരും കള്ളക്കേസില്‍ ഇപ്പോഴും ജയിലിലാണല്ലോ. ഞാന്‍ മാത്രം ഇറങ്ങിയതുകൊണ്ട് എന്ത് നീതിയാണ് പുലര്‍ന്നത്.
ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആരോപണങ്ങള്‍ക്ക് എങ്ങനെയാണ് ഞാന്‍ മറുപടി പറയുക. ആറ് ആഴ്ച ദല്‍ഹിയില്‍ നില്‍ക്കേണ്ടതുണ്ട്. അതിന് ശേഷമേ നാട്ടിലേക്ക് പോകാനാകു,’ സദ്ദീഖി കാപ്പന്‍ പറഞ്ഞു.
ഇ.ഡി കേസില്‍ അലഹബാദ് കോടതിയും, യു.എ.പി.എ കേസില്‍ സുപ്രീം കേടതിയും ജാമ്യം അനുവദിച്ചതോടെയാണ് കാപ്പന്‍ ജയില്‍ മോചിതനായത്.