തിരുവനന്തപുരം: വനിത മാഗസിന്റെ കവര്‍ ഫോട്ടോയില്‍ ദിലീപിന്റെ ചിത്രം വെച്ചതിനെതിരെ വിമര്‍ശനവുമായി പ്രശസ്ത മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍. വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന് സ്വയം വിശേഷിപ്പിക്കുന്ന വനിത, എങ്ങനെയാണ് ക്രൂരമായ ഒരു കുറ്റകൃത്യം ചെയ്ത ഒരാളെ വൈറ്റ് വാഷ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ധന്യ ചോദിക്കുന്നു.
ചിത്രത്തില്‍ കാണുന്ന വ്യക്തി ക്രൂരമായ ഒരു കുറ്റകൃത്യം ചെയ്തതിന്റെ പേരില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മാസിക ഇത്തരമൊരു ചിത്രത്തോടെ പ്രസിദ്ധീകരിക്കുന്നത് എന്നാണ് ധന്യ പറയുന്നത്.
‘മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പണം വേണം, അവ ചാരിറ്റി ഹൗസുകളല്ല. അതെനിക്കറിയാം. മനോരമ ഗ്രൂപ്പിന്റെ രണ്ട് ശതമാനം പോലും വലുതല്ലാത്ത ഒരു മാധ്യമ സ്ഥാപനം ഞാന്‍ നടത്തുന്നുണ്ട്. പക്ഷെ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാം, ഒരു മാധ്യമ സ്ഥാപനവും, മനോരമയെ പോലെ ശക്തരായ ഒരു സംഘടനയും ഇങ്ങനെ ചെയ്യരുത്. അല്ലാതെ തന്നെ നിങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കാം,’ പോസ്റ്റില്‍ പറയുന്നു.
സ്ത്രീകളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തോടുമൊപ്പം നിര്‍ക്കാന്‍ മാധ്യസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ധന്യ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണത്തില്‍ ദിലീപ് കുറ്റവിമുക്തനായേക്കാമെന്നും, അദ്ദേഹത്തെ വെള്ള പൂശാന്‍ ശ്രമിച്ചുകൊണ്ടികരിക്കുന്ന എല്ലാവര്‍ക്കും അപ്പോള്‍ ആഘോഷിക്കാമെന്നും അതുവരെ അടിസ്ഥാന മര്യാദ പാലിക്കണമെന്നും അവര്‍ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്മേല്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിരുന്നു. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസില്‍ പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കും. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക.
തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈല്‍ഫോണ്‍ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സുനിയെയും ദിലീപിനെയും ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.
നിലവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ ചോദ്യംചെയ്യാനായി പൊലീസ് സംഘം ആദ്യം കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനുശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. അതിനിടെ, തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.