ഒടുവില്‍ പുറത്ത് ഇനി ആര് ?
Football
ഒടുവില്‍ പുറത്ത് ഇനി ആര് ?
മുഹമ്മദ് ജാസ്
Tuesday, 18th December 2018, 10:14 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതാപകാലം വീണ്ടെടുക്കാന്‍ ഇനി ആര് എന്ന ചോദ്യത്തിന് സമയമായി. കഴിഞ്ഞ ദിവസം ലിവര്‍പൂളിനോട് തോല്‍വി ഏറ്റുവാങ്ങിയതോടെ പോര്‍ചുഗീസ് പരിശീലകന്‍ ജോസ് മൗറീഞ്ഞോയുടെ സ്ഥാനം തെറിച്ചിരിക്കുന്നു. അലക്സ് ഫെര്‍ഗുസന് ശേഷം വന്നവര്‍ക്കൊന്നും ക്ലബിന്റെ പ്രതാപം വീണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ മൗറീഞ്ഞോയും പടിയിറങ്ങി. ഇനി ഫുട്ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് ആരാണ് അടുത്ത പരിശീലകന്‍ എന്നതാണ്.

സിനദിന്‍ സിദാന്‍

എങ്ങും ഉയര്‍ന്ന് കേള്‍ക്കുന്ന പേര്  ഫ്രഞ്ച് മുന്‍ താരവും റയല്‍ മാഡ്രിഡ് മുന്‍ പരിശീലകനുമായിരുന്ന സിദാന്റെതാണ്. എന്നാല്‍ മാഞ്ചസ്റ്ററിലേക്ക് പറന്നെത്തുമെന്ന് ഉറപ്പില്ല. മാസങ്ങള്‍ക്ക് മുന്‍പ് യുണൈറ്റഡ് തോല്‍വി ഏറ്റ് വാങ്ങിയപ്പോള്‍ തന്നെ ഈ പേര് ഉയര്‍ന്ന് വന്നതാണ്. എന്നാല്‍ തനിക്ക് യുണൈറ്റഡിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് ആ സമയം സിദാന്‍ എടുത്തത്.

ഒരു പക്ഷെ സിദാന്‍ യുണൈറ്റഡിലെത്തുകയാണെങ്കില്‍ ഫെര്‍ഗുസന് ശേഷം പ്രതാപം വീണ്ടെടുക്കാന്‍ യുണൈറ്റഡിനാവും. വെറും രണ്ടര വര്‍ഷം കൊണ്ട് റയല്‍ മാഡ്രിഡിന് വേണ്ടി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടികൊടുത്ത സിദാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും അതുപോലെ കിരീടം നേടി കൊടുക്കാനാവും എന്നാണ് ഫുട്ബോള്‍ ലോകം വിലയിരുത്തുന്നത്.

മൗറീസിയോ പോട്ടച്ചീനൗ

സിദാന്‍ ഇല്ലെങ്കില്‍ ആര് അന്ന് ചോദ്യത്തിന്റെ ഉത്തരമാണ് മൗറീസിയോ പോട്ടച്ചീനൗ. സൗതാപ്ട്ടന്റെ പരിശീലകനായാണ് പോട്ടച്ചീനൗ പ്രമീയര്‍ ലീഗിലെത്തുന്നത്. 2014 ല്‍ ടോട്ടന്‍ഹാമിന്റെ പരിശീലകനായി. പിന്നീടാണ് ഹാരി കെയ്നെയും ഡെലി അലിയെയും ഫുട്ബോള്‍ ലോകം അറിയാന്‍ തുടങ്ങുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് ടോട്ടന്‍ഹാമിനെ അടിമുടി മാറ്റാന്‍ പോട്ടച്ചീനൗക്കായി എന്ന് വേണം പറയാന്‍. എന്നാല്‍ പോട്ടച്ചീനൗ ടോട്ടന്‍ഹാം വിട്ട് യുണൈറ്റഡിലേക്ക് പോകുമോ എന്നതും സംശയമാണ്. കഴിഞ്ഞ മത്സരത്തോടെ ടോട്ടന്‍ഹാം ചരിത്രത്തില്‍ 100 വിജയം സ്വന്തമാക്കുന്ന പരിശീലകനായ പോട്ടച്ചീനൗ ടോട്ടന്‍ഹാം വിടുമോ എന്ന് കണ്ടറിയാം

അന്റോണിയോ കൊന്റെ

ആദ്യ സീസണില്‍ തന്നെ ചെല്‍സിക്ക് കിരീടം നേടി കൊടുത്ത പരിശീലകന്‍ അന്റോണിയോ കൊന്റെയുടെ പേരാണ് മറ്റൊന്ന്. പരിശീലിപ്പിച്ച ലീഗിലെല്ലാം മികച്ച റെക്കോര്‍ഡുള്ള കൊന്റെയെ ടീമിലെത്തിക്കാന്‍ അത്ര എളുപ്പമല്ല. മാസങ്ങള്‍ക്ക് മുന്‍പ് റയല്‍ മാഡ്രിഡ് മാനേജ്മെന്റ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ സമീപിച്ചപ്പോള്‍ കൊന്റെ നിരത്തിയ ആവശ്യങ്ങള്‍ നിരവധിയായിരുന്നു. താന്‍ ആവശ്യപ്പെടുന്ന കളിക്കാരന്‍, സഹപരിശീലകര്‍ ആ ലിസ്റ്റ് ഇങ്ങനെ നീളുന്നു ആ കാരണത്താലാണ് റയല്‍ മാഡ്രിഡ് പോലും കൊന്റെയെ വേണ്ടെന്ന് വച്ചത്.

കാരിക്ക് & ഗിഗ്സ്

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ മൈക്കിള്‍ കാരിക്കിന്റെയും ഗിഗ്സിന്റെയും പേര് ഒരുപോലെ വരുന്നുണ്ട്. എന്നാല്‍ അവരെ വിശ്വസിച്ച് ഇത്രയും വലിയ ഒരു ക്ലബ് ഏല്‍പ്പിക്കുക എന്നതും ഫുട്ബോള്‍ ലോകം ഉറ്റ് നോക്കുന്നുണ്ട്. ക്ലബിന്റെ പള്‍സ് കൃത്യമായി അറിയുന്ന ഈ താരങ്ങള്‍ക്ക് പരിശീലന റോളില്‍ വലിയ പരിചയമില്ല എന്നതാണ് വലിയ വെല്ലുവിളി.

ഡിയാഗോ സിമോണിയുടെയും കാര്‍ലോസ് അന്‍ചലോട്ടിയുടെയും പേരുകള്‍ പരിഗണനയിലുണ്ട്.

ആര് പരിശീലന സ്ഥാനം ഏറ്റെടുത്താലും കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഉയര്‍ന്ന പ്രതിഫലവും സൗകര്യങ്ങളും ലഭിക്കുമെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുക എന്നത് പ്രയാസം നിറഞ്ഞ കാര്യമാണ്.

WATCH THIS VIDEO: