അവർ വിജയം അർഹിക്കുന്നു, ഞെട്ടിക്കുന്ന തോൽവിയിൽ നിരാശയുണ്ട്: ഇംഗ്ലീഷ് നായകൻ
Cricket
അവർ വിജയം അർഹിക്കുന്നു, ഞെട്ടിക്കുന്ന തോൽവിയിൽ നിരാശയുണ്ട്: ഇംഗ്ലീഷ് നായകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th October 2023, 2:03 pm

ഏകദിന ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചിരുന്നു. ദൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 69 റൺസിനാണ് അഫ്ഗാനിസ്ഥാൻ നിലവിലെ ചാമ്പ്യൻമാരെ അട്ടിമറിച്ചത്.

തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിന്റെ മോശം പ്രകടനത്തിലുള്ള നിരാശ ക്യാപ്റ്റൻ ജോസ് ബട്ലർ പങ്കുവെച്ചു. അഫ്ഗാനിസ്ഥാൻ വിജയം പൂർണമായും അർഹിക്കുന്നുവെന്നും ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തിൽ നിരാശയുണ്ടെന്നുമാണ്‌ ബട്ലർ പറഞ്ഞത്.

 

‘ഞങ്ങൾ ശരിക്കും നിരാശരാണ്. മികച്ച പ്രകടനം നടത്തണമെന്ന് ആഗ്രഹിച്ചാണ്  ഇവിടെ എത്തിയത്. എന്നാൽ ഞങ്ങൾ തോറ്റു. അഫ്ഗാനിസ്ഥാൻ പൂർണമായും വിജയം അർഹിക്കുന്നു,’ ബട്ലർ മത്സരശേഷം പറഞ്ഞു.

 

ഇനിയുള്ള മത്സരങ്ങളിൽ ടീമിന് തിരിച്ചു വരാനുള്ള കരുത്തുണ്ടെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.

‘ഈ തോൽവിയിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിക്കണം. വരാനിരിക്കുന്ന മത്സരങ്ങളിൽ എതിരാളികളെ പ്രതിരോധിക്കുകയും ശക്തമായി തിരിച്ചുവരുകയും ചെയ്യണം. താരങ്ങൾ സമ്മർദത്തിന് അടിമപ്പെടാതെ കളിക്കുന്നതിനായി കഠിനാധ്വാനം ചെയ്യണം,’ ബട്ലർ കൂട്ടിച്ചേർത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 284 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ ഇംഗ്ലണ്ട് ടീം 40.3 ഓവറിൽ 215 റൺസിന് പുറത്താവുകയായിരുന്നു. റാഷിദ്‌ ഖാൻ, മുജീബ് റഹ്‌മാൻ എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തികൊണ്ട് മികച്ച പ്രകടനം നടത്തിയപ്പോൾ ക്രിക്കറ്റ്‌ ലോകം കണ്ടത് മറ്റൊരു അട്ടിമറിയായിരുന്നു.

 

 

1992ൽ സിംബാവെയും 2011ൽ അയർലാൻഡും ഇംഗ്ലണ്ടിലെ അട്ടിമറിച്ചിരുന്നു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ട ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്തുകൊണ്ട് ടൂർണമെന്റിലേക്ക് തിരിച്ചുവന്നിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ഞെട്ടിക്കുന്ന തോൽവി കടുത്ത തിരിച്ചടിയായിരിക്കും നിലവിലെ ചാമ്പ്യൻമാർക്ക് നൽകുക.

 

ഒക്ടോബർ 21ന് സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. മുംബൈ വാങ്കഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Jos Buttler expresses disappointment at England’s poor performance.