Entertainment news
ആ സിനിമയിൽ അഭിനയിക്കുമ്പോൾ ഞാനൊരു പൊട്ടിയായിരുന്നു: ജോമോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 04, 07:37 am
Monday, 4th December 2023, 1:07 pm

മലയാളികൾക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ജോമോൾ. നിറം, എന്ന് സ്വന്തം ജാനകിക്കുട്ടി, വടക്കൻ വീരഗാഥ, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ജോമോൾ അവതരിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം ജോമോൾ സിനിമയിൽ നിന്നും ഒരിടവേളയെടുത്തിരുന്നു. ഇപ്പോൾ ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ എന്ന സിനിമയിൽ ഓമന എന്ന ജ്യോതികയുടെ കഥാപാത്രത്തിന് ശബ്‍ദം നൽകിയത് ജോമോളാണ്.

താൻ ഒട്ടും പേടിയില്ലാതെ അഭിനയിച്ച സിനിമ എന്ന് സ്വന്തം ജാനകിക്കുട്ടിയാണെന്ന് ജോമോൾ പറഞ്ഞു. അന്ന് തനിക്ക് സിനിമ എന്താണെന്ന് അറിയില്ലായിരുന്നെന്നും ഒരു പൊട്ടിയെപോലെയായിരുന്നു അഭിനയിച്ചതെന്നും ജോമോൾ റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഞാൻ ഒട്ടും പേടിയില്ലാതെ ചെയ്ത കഥാപാത്രം ജാനകി കുട്ടിയായിരുന്നു. ഒന്നും അറിയില്ലായിരുന്നല്ലോ. പൊട്ടത്തിയെ പോലെ ആയിരുന്നല്ലോ. ആ പ്രായവും ആയിരുന്നു, ഒന്നുമറിയില്ല. സിനിമ എന്താണെന്ന് അറിയില്ല. വിളിച്ചു പരിചയമുള്ള ആളുകളുണ്ട്. അങ്ങനെ പോയി. എല്ലാവരും പുതുമുഖങ്ങൾ ആയിരുന്നു,’ ജോമോൾ പറഞ്ഞു.

നിറം സിനിമയിലെ വർഷ എന്ന കഥാപാത്രം ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നെന്ന് ജോമോൾ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. അതുപോലെ താൻ അഭിനയിച്ച സിനിമകളിലെ പാട്ടുകളാണ് സിനിയമയെക്കാൾ ആളുകൾ സ്വീകരിച്ചതെന്നും ജോമോൾ പറയുന്നുണ്ട്. താൻ ഏതെങ്കിലും റെസ്റ്റോറന്റിൽ പോയിക്കഴിഞ്ഞാൽ തന്റെ പടത്തിലെ പാട്ടുകളാണ് വെക്കുകയെന്നും ജോമോൾ പറഞ്ഞു. തന്റെ പടങ്ങളെക്കാൾ പാട്ടുകളാണ് പോപ്പുലർ ആയിട്ടുള്ളതെന്നും ജോമോൾ കൂട്ടിച്ചേർത്തു.

‘ഞാൻ എപ്പോഴും പറയും എന്റെ പടം ഹിറ്റ് ആയിട്ടില്ലെങ്കിലും പടത്തിലെ പാട്ടുകൾ ഒരുപാട് അപ്പ്രീസിയേഷൻ കിട്ടിയിട്ടുണ്ട് എന്ന് . പ്രത്യേകിച്ച് ദീപസ്തംഭം മഹാശ്ചര്യത്തിലെ പാട്ട് . ഏതെങ്കിലും ഒക്കെ റെസ്റ്റോറന്റിൽ പോയി കഴിഞ്ഞാൽ നമ്മൾ കഴിക്കാൻ ഇരിക്കുമ്പോൾ, വന്നു കഴിഞ്ഞ് ഒരു 15 മിനിറ്റ് കഴിഞ്ഞാൽ നമ്മുടെ പടത്തിലെ പാട്ടുകളായിരിക്കും ഇടുക. അപ്പോഴാണ് മനസ്സിലാക്കുക പടം അത്ര പോപ്പുലർ ആയിട്ടില്ലെങ്കിലും പാട്ട് പോപ്പുലർ ആയിട്ടുണ്ട് എന്ന്,’ ജോമോൾ പറഞ്ഞു.

Content Highlight: jomol shares her difficult character in movie