അഞ്ച് ഭാഷകളില്‍ എത്തുന്ന പണി; ആ സംവിധായകര്‍ തന്ന പ്രചോദനമാണ് എന്റെ ധൈര്യം: ജോജു ജോര്‍ജ്
Entertainment
അഞ്ച് ഭാഷകളില്‍ എത്തുന്ന പണി; ആ സംവിധായകര്‍ തന്ന പ്രചോദനമാണ് എന്റെ ധൈര്യം: ജോജു ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st October 2024, 8:21 am

ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിടുന്നത് ജോജു തന്നെയാണ്. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് ജോജു പണിയുടെ സംവിധാനത്തിലേക്ക് ഇറങ്ങിയത്.

മുന്‍ ബിഗ്‌ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അറുപതോളം പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. ജോജുവിന്റെ ആദ്യ സംവിധാന ചിത്രമായ പണി അഞ്ച് ഭാഷകളിലായാണ് റിലീസിനെത്തുന്നത്.

എന്നാല്‍ പണിയുടെ കഥ എഴുതിയപ്പോഴോ സിനിമ ഷൂട്ട് ചെയ്തപ്പോഴോ ഇത് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് പറയുകയാണ് ജോജു ജോര്‍ജ്. സംവിധായകന്‍ ജോഷിയും തമിഴിലെ തന്റെ സുഹൃത്തുക്കളായ ചില സംവിധായകരും നല്‍കിയ പ്രചോദനമാണ് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റാനുള്ള ധൈര്യം നല്‍കിയതെന്നും നടന്‍ പറയുന്നു. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു.

‘കഥ എഴുതിയപ്പോഴോ ഷൂട്ട് ചെയ്തപ്പോഴോ ഒന്നും ഇത് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. സിനിമ പൂര്‍ത്തിയായപ്പോള്‍ ജോഷി സാറിനെയും തമിഴില്‍ എന്റെ സുഹൃത്തുക്കളായ ചില സംവിധായകരെയും കാണിച്ചു.

സത്യത്തില്‍ അവര്‍ നല്‍കിയ പ്രചോദനമാണ് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റാനുള്ള ധൈര്യം തന്നത്. മലയാളം റിലീസിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് ശ്രമം,’ ജോജു ജോര്‍ജ് പറഞ്ഞു.

പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചുകൊടുക്കുന്നതുമായ സംഭവങ്ങളാണ് ഈ സിനിമ പറയുന്നതെന്നും കണ്ടതും കേട്ടതുമായ ഒരുപാട് സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയാറാക്കിയ കഥയാണ് പണിയുടേതെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നു.

‘ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചുകൊടുക്കുന്നതുമായ സംഭവങ്ങളാണ് ഈ സിനിമ. കണ്ടതും കേട്ടതുമായ ഒരുപാട് സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയാറാക്കിയ കഥയാണ്. എന്റെ നാട് തൃശൂരാണ്. അതുകൊണ്ടുതന്നെ തൃശൂരില്‍ എനിക്കു പരിചിതമായ സ്ഥലങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞുപോകുന്നത്,’ ജോജു ജോര്‍ജ് പറഞ്ഞു.

Content Highlight: Joju George Talks About Pani Movie And Joshiy