നിമിഷയെ നോക്കുമ്പോള്‍ താന്‍ കാണിക്കുന്ന താല്‍പര്യം കുറഞ്ഞുപോയോ എന്നാണ് തോന്നിയത്; മാലിക്കിലെ അനുഭവം പങ്കുവെച്ച് ജോജു ജോര്‍ജ്
Entertainment news
നിമിഷയെ നോക്കുമ്പോള്‍ താന്‍ കാണിക്കുന്ന താല്‍പര്യം കുറഞ്ഞുപോയോ എന്നാണ് തോന്നിയത്; മാലിക്കിലെ അനുഭവം പങ്കുവെച്ച് ജോജു ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th July 2021, 4:52 pm

മാലിക്കിലെ നിമിഷ സജയന്റെ കഥാപാത്രത്തെയും നടിയുടെ അഭിനയത്തെയും കുറിച്ച് തുറന്നുപറയുകയാണ് നടന്‍മാരായ ജോജു ജോര്‍ജും വിനയ് ഫോര്‍ട്ടും.

സിനിമയില്‍ നിമിഷ തന്റെ കഥാപാത്രത്തിന്റെ അനുജത്തിയായാണ് എത്തുന്നതെന്നും നിലവില്‍ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും പൊട്ടന്‍ഷ്യല്‍ ഉള്ള നടിയാണ് നിമിഷയെന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നു. നിമിഷയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും ഒരു കഥാപാത്രത്തെ എത്രത്തോളം സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിയുമോ അത്രയും ചെയ്യുന്ന നടിയാണ് അവരെന്നും വിനയ് പറഞ്ഞു.

തുറമുഖം, ചോല, നായാട്ട് എന്നീ ചിത്രങ്ങളില്‍ നിമിഷ തനിക്കൊപ്പം അഭിനയിച്ചപ്പോള്‍ തോന്നിയ കാര്യത്തെക്കുറിച്ചാണ് ഇതേ അഭിമുഖത്തില്‍ ജോജു ജോര്‍ജ് പറയുന്നത്. നിമിഷയെ നോക്കുമ്പോള്‍ നമ്മള്‍ കാണിക്കുന്ന താല്‍പര്യം കുറഞ്ഞുപോവുമോയെന്നാണ് അനുഭവപ്പെട്ടിട്ടുള്ളതെന്നും വര്‍ക്കില്‍ നല്ല ക്വാളിറ്റി കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആര്‍ട്ടിസ്റ്റാണ് നിമിഷയെന്നുമാണ് ജോജു പറഞ്ഞത്.

മഹേഷ് നാരായണന്‍ എന്ന സംവിധായകന് മാത്രം ചെയ്യാന്‍ കഴിയുന്ന സിനിമയാണ് മാലിക് എന്ന് ദിലീഷ് പോത്തനും പറയുകയുണ്ടായി.

തന്റെ ചിത്രങ്ങളില്‍ വെച്ച് കൂടുതല്‍ സ്‌ക്രീന്‍ സ്പേസുള്ള, കഥയില്‍ വളരെ പ്രാധാന്യമുള്ള ഒരു വേഷം തന്നെയാണ് മാലികിലേതെന്നും ഒരു പീരീഡില്‍ നടക്കുന്ന കഥയാണ് മാലികെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമായ മാലിക് ജൂലൈ 15നാണ് റിലീസ് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ഒ.ടി.ടി. റിലീസ് ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലാണ് എത്തുന്നത്.

ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Joju George and Vinay Fort says about Nimisha Sajayan