Advertisement
Daily News
ജോയ്‌സ് ജോര്‍ജ് എം.പിയുടെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 24, 05:45 am
Wednesday, 24th September 2014, 11:15 am

[] അടിമാലി:  നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നില്‍ ജോയ്‌സ് ജോര്‍ജ് എം.പി ആരംഭിച്ച നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക്.  മലയോര ഹൈവേയുടെ ഭാഗമായി നിര്‍മ്മിക്കുന്ന എളംബ്ലാശേരി റോഡിലെ കലുങ്കുകള്‍ തകര്‍ത്ത വനപാലകരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.

കലുങ്കുകള്‍ തകര്‍ത്ത വനപാലകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നിര്‍മാണജോലികള്‍ പുനരാരംഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സമരസമിതി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു.

തിങ്കളാഴ്ച രാവിലെ മാമലക്കണ്ടം, പഴമ്പിള്ളിച്ചാല്‍, കുറത്തിക്കുടി മേഖലകളിലെ നാട്ടുകാര്‍ നേര്യമംഗലം റേഞ്ച് ഓഫിസും ദേശീയപാതയും ഉപരോധിക്കുന്നതറിഞ്ഞ് എത്തിയ എം.പി സമരം ഏറ്റെടുക്കുകയായിരുന്നു.വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ജോയ്‌സ് ജോര്‍ജ് എം.പിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളും കുടുംബശ്രീ, യുവജന സന്നദ്ധ സംഘടനകളും പ്രകടനവുമായെത്തിയാണ് സമരത്തില്‍ പങ്കാളികളായത്.

സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് 48 മണിക്കൂര്‍ തെരുവുവാസ സമരത്തിന് സംയുക്ത സമരസമിതി ആഹ്വാനം ചെയ്തു. വാഴാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ശനി വൈകിട്ട് അഞ്ചു വരെയാണു തെരുവുവാസ സമരം. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായ സംയുക്തസമിതി മാങ്കുളം ഗ്രാമപഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.