പ്രണവ് മോഹൻലാൽ അടുത്ത് നിൽക്കുമ്പോൾ മുനികുമാരനെപോലെ തോന്നാറുണ്ട്: ജോണി ആന്റണി
Entertainment news
പ്രണവ് മോഹൻലാൽ അടുത്ത് നിൽക്കുമ്പോൾ മുനികുമാരനെപോലെ തോന്നാറുണ്ട്: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th November 2023, 6:41 pm

പ്രണവ് മോഹൻലാലുമായുള്ള അനുഭവം പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ ജോണി ആന്റണി. പ്രണവിനെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും അടുത്ത് നിൽക്കുമ്പോൾ പോസറ്റീവ് എനർജി വരുമെന്നും ജോണി ആന്റണി പറഞ്ഞു. പ്രണവ് ഒരുപാട് യാത്ര ചെയ്യുന്നതുകൊണ്ട് അടുത്ത് നിൽക്കുമ്പോൾ മുനികുമാരനെപോലെ തോന്നുമെന്നും ജോണി ആന്റണി കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രണവിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അടുത്തു നിൽക്കുമ്പോൾ ഒരു പോസിറ്റീവ് ഒക്കെ തോന്നാറുണ്ട്. ഒരുപാട് യാത്ര ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. മുനികുമാരൻ എന്നൊക്കെ പറയുമല്ലോ അതുപോലെയാണ് അടുത്തു നിൽക്കുമ്പോൾ. ഒരു പോസ്റ്റ് എനർജി ആയിട്ട് തോന്നിയിട്ടുണ്ട്,’ ജോണി ആന്റണി പറഞ്ഞു.

സൈക്കിൾ എന്ന ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസൻ അഭിനയത്തിലേക്ക് എത്തിയതെന്നും ജോണി ആന്റണി പറയുന്നുണ്ട്. വിനീതിനെ സിനിമയിലേക്ക് എടുക്കുമ്പോൾ ശ്രീനിവാസന് ഒരുപാട് ഉത്കണ്ഠ ഉണ്ടായിരുന്നെന്നും എന്നാൽ സീൻ കാണിച്ച് കൊടുത്തപ്പോൾ സമാധാനമായെന്നും ജോണി ആന്റണി പറഞ്ഞു. വിനീതിനെ താൻ കൊണ്ടുവന്നില്ലെങ്കിലും നടനാകുമെന്നും അത് വിധിച്ചത് തനിക്കാണെന്നും ജോണി ആന്റണി കൂട്ടിച്ചേർത്തു.

‘വിനീത് നല്ല ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരനാണ്. വിനീതിനെ പടത്തിലേക്ക് എടുക്കുമ്പോൾ ആദ്യം ഞാൻ ശ്രീനിയേട്ടനോട് സംസാരിച്ചു. അദ്ദേഹം എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞു, കണ്ടു. അവർക്ക് ഉത്കണ്ഠയുണ്ടായിരുന്നു. ‘ഞാൻ നടനും സംവിധായകനുമായ ശ്രീനിവാസനായിട്ടല്ല അച്ഛനായിട്ടാണ് ഞാൻ വിളിച്ചിരിക്കുന്നത്. ജോണി ഇതിനു മുന്നേ ചെയ്ത പടങ്ങളൊക്കെ മമ്മൂക്കയൊക്കെ വെച്ചിട്ടല്ലേ ചെയ്തിരുന്നത്, അവർ വലിയ ആർട്ടിസ്റ്റുകളാണ്. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്തിട്ടില്ലല്ലോ’ എന്ന് ശ്രീനിയേട്ടൻ എന്നോട് ചോദിച്ചു. അവരെ അത് തന്നെ വിചാരിച്ചിരുന്നെങ്കിൽ അത് നടക്കില്ലായിരുന്നല്ലോ എന്ന് ഞാൻ പറഞ്ഞു. അപ്പോൾ പുള്ളിക്ക് എന്തോ മനസ്സിലായി.

കുറച്ചു കഴിഞ്ഞ് ശ്രീനി കണ്ണൂര് വന്നപ്പോൾ ഞാൻ എടുത്ത സീനൊക്കെ കട്ട് ചെയ്തു കാണിച്ചിരുന്നു. വിനീതനെ കൊണ്ട് നിങ്ങൾ നന്നായി ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് പുള്ളി പറഞ്ഞു. അത് പിന്നീട് ഒരുപാട് ഗുണകരമായി. ഒരച്ഛൻ കാണിക്കുന്ന ഉത്കണ്ഠ അത് അദ്ദേഹം കാണിച്ചിട്ടുണ്ട്. സിനിമ വലിയ മോശമായില്ല, എല്ലാവരും നല്ലത് പറഞ്ഞ ഒരു സിനിമയാണ്. വിനീതിനെ ഞാൻ കൊണ്ടുവന്നിട്ടില്ലെങ്കിലും അവൻ നടനാകും. എനിക്കായിരുന്നു അത് വിധിച്ചതെന്ന് മാത്രം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം,’ ജോണി ആന്റണി പറഞ്ഞു.

Content Highlight: Johny antony about pranav mohanlal