ബ്രദര്‍ഹുഡിനെ അമേരിക്ക ഭീകരസംഘടനയായി കാണുന്നില്ല: യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ്
World
ബ്രദര്‍ഹുഡിനെ അമേരിക്ക ഭീകരസംഘടനയായി കാണുന്നില്ല: യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2013, 12:55 am

[]വാഷിങ്ടണ്‍: ബ്രദര്‍ഹുഡിനെ അമേരിക്ക ഭീകരസംഘടനയായി കാണുന്നില്ലെന്ന് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് ജെന്‍ സാക്കി അറിയിച്ചു.

ഈജിപ്തിലെ ഏറ്റവും വലിയ സംഘടനയായ മുസ്‌ലീം ബ്രദര്‍ഹുഡിനെ ഇടക്കാല സര്‍ക്കാര്‍ ഭീകരപ്രസ്ഥാനമായി മുദ്രകുത്തിയതില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആശങ്ക പ്രകടിപ്പിച്ചു.

ഈജിപ്ത് വിദേശകാര്യമന്ത്രി നബീന്‍ ഫഹ്മിയെ ഫോണില്‍ വിളിച്ചാണ് കെറി ആശങ്ക അറിയിച്ചത്.

അതേസമയം മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ഇടക്കാല സര്‍ക്കാര്‍ ബ്രദര്‍ഹുഡ് അനുയായികള്‍ക്കെതിരായ വേട്ട ശക്തമാക്കി.

സര്‍ക്കാര്‍ പ്രഖ്യാപനത്തിനിടെ കഴിഞ്ഞ ദിവസം തെരുവില്‍ പ്രതിഷേധ റാലി നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

കൈറോയില്‍ ബ്രദര്‍ഹുഡിനെ അനുകൂലിക്കുന്ന വിദ്യാര്‍ഥികളും എതിരാളികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ കൂടുതല്‍ വീറോടെയും സമാധാനപരമായും പ്രതിഷേധിക്കുമെന്ന് ബ്രദര്‍ഹുഡ് അട്ടിമറിവിരുദ്ധ മുന്നണി അറിയിച്ചു.