ന്യൂദല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറിയിലെ ബ്രാഹ്മണാധിപത്യം രാജ്യസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി ജോണ്‍ ബ്രിട്ടാസ് എം.പി.
ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്ന ആനുപാതികമല്ലാത്ത ഉയര്‍ന്ന ബ്രാഹ്മണ പ്രാതിനിധ്യത്തെക്കുറിച്ചാണ് ബ്രിട്ടാസ് തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്.
ഹൈക്കോര്‍ട്ട് ആന്‍ഡ് സുപ്രീംകോര്‍ട്ട് ജഡ്ജസ് സാലറീസ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ് അമന്‍മെന്റ് ബില്‍ 2021 രാജ്യസഭയില്‍ ചര്‍ച്ചചെയ്തപ്പോഴാണ് ഇക്കാര്യം ബ്രിട്ടാസ് പറഞ്ഞത്.
മന്ത്രിസഭയില്‍ മാത്രം വൈവിധ്യം മതിയോ ജുഡീഷ്യറിയില്‍ വൈവിധ്യം ആവശ്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ന്യായാധിപന്മാരുടെ നിയമനങ്ങളില്‍ സുതാര്യത ആവശ്യമല്ലേ, പിന്നോക്ക, ദുര്‍ബല, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉന്നത നീതി ന്യായ കോടതികളില്‍ എന്തുകൊണ്ട് മതിയായ പ്രാതിനിധ്യം ലഭിക്കാതെ പോകുന്നു, 1980 വരെ സുപ്രീംകോടതിയില്‍ ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാരും തന്നെ ന്യായാധിപന്മാരായി നിയമിക്കപ്പെട്ടില്ല എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം രാജ്യസഭയില്‍ ഉന്നയിച്ചു.
ഇതുവരെയുള്ള ഇന്ത്യയുടെ 47 ചീഫ് ജസ്റ്റിസുമാരില്‍ കുറഞ്ഞത് 14 പേരെങ്കിലും ബ്രാഹ്മണരാണെന്ന് ബ്രിട്ടാസ് പറഞ്ഞു.
മികച്ച പ്രസംഗമാണ് ജോണ്‍ ബ്രിട്ടാസ് നടത്തിയത് എന്ന് കേരളീയം വി.കെ. മാധവന്‍കുട്ടി പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കവെ വെങ്കയ്യ നായിഡു പറഞ്ഞു. വളരെ താല്പര്യത്തോടെയാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം കേട്ടത്. മികച്ച പ്രസംഗം ആയിരുന്നു അതെന്നും നായിഡു പറഞ്ഞു. എന്നാല്‍ അടുത്ത ദിവസം മാധ്യമങ്ങളില്‍ ബ്രിട്ടാസിന്റെ പ്രസംഗത്തെക്കുറിച്ചുള്ള വാര്‍ത്ത കാണാത്തതില്‍ നിരാശ അനുഭവപ്പെട്ടെന്നും നായിഡു പറഞ്ഞു.