തിരുവനന്തപുരം: നേമം റെയില്‍വേ കോച്ചിങ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. ഇതുസംബന്ധിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ജോണ്‍ ബ്രിട്ടാസ് കത്തയച്ചു.
നേമം ടെര്‍മിനലിന്റെ കാര്യത്തില്‍ വലിയൊരു ഗൂഢാലോചനയും കള്ളക്കളിയുമാണ് നടന്നിരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
നിരന്തരമായി ഇക്കാര്യം ഉന്നയിച്ചതുകൊണ്ടും രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കിയതുകൊണ്ടുമാണ് പദ്ധതി ഉപേക്ഷിച്ച കാര്യം തുറന്നുപറയാന്‍ റെയില്‍വേ തയ്യാറായത്.
‘കേരളത്തിന്റെ റെയില്‍ വികസന സ്വപ്നങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വക മറ്റൊരു ഇരുട്ടടി കൂടി!
ഒരു പതിറ്റാണ്ടിലേറെ കാലമായി കേരളം സജീവമായി ചര്‍ച്ച ചെയ്യുന്നതും 2011- 12 റെയില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതും 2019 മാര്‍ച്ചില്‍ കേന്ദ്ര റെയിവേ മന്ത്രി തറക്കല്ലിട്ടതുമായ നേമം റെയില്‍വേ കോച്ചിങ് ടെര്‍മിനല്‍ പദ്ധതിയാണ് കേന്ദ്രം രഹസ്യമായി ഉപേക്ഷിച്ചത്.
നേമം ടെര്‍മിനലിന്റെ കാര്യത്തില്‍ വലിയൊരു ഗൂഢാലോചനയും കള്ളക്കളിയുമാണ് നടന്നിരിക്കുന്നത്. നിരന്തരമായി ഈ വിഷയം രാജ്യസഭയില്‍ ചോദ്യങ്ങളിലൂടെയും ഉപക്ഷേപങ്ങളിലൂടെയും ഉന്നയിച്ചിട്ടും വ്യക്തമായ മറുപടി കേന്ദ്രസര്‍ക്കാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് രാജ്യസഭാ ചെയര്‍മാന് പരാതി നല്കിയപ്പോഴാണ് മറുപടിയായി പദ്ധതി ഉപേക്ഷിച്ച കാര്യം തുറന്നു പറയാന്‍ റെയില്‍വേ നിര്‍ബന്ധിതമായത്.
പദ്ധതി ഒരു പതിറ്റാണ്ടിനുമുമ്പ് പ്രഖ്യാപിച്ചതാണ്. തിരുവനന്തപുരം സെന്‍ട്രലിലെ തിരക്കുകുറയ്ക്കാനുള്ളതാണ് പദ്ധതി. 2011-12 ലെ റെയില്‍വേ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. നേമത്ത് ഒരു ടെര്‍മിനല്‍സ് സ്റ്റേഷന്‍ എന്ന നിലയില്‍ ഉപടെര്‍മിനല്‍ ഉണ്ടാക്കാനുള്ളതാണ് പദ്ധതി. കോച്ച് പരിപാലനമാകെ നേമത്തേയ്ക്കു മാറ്റുന്നതും വിഭാവനം ചെയ്തിരുന്നു,’ ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രലിലും കൊച്ചുവേളിയിലുമുള്ള പ്ലാറ്റ്‌ഫോം സൗകര്യങ്ങള്‍ അപര്യാപ്തമെന്നു കണ്ടാണ് പദ്ധതി പരിഗണിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ കഴിവിനേക്കാള്‍ രണ്ടര ഇരട്ടിയോളം തീവണ്ടികള്‍ കൈകാര്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരം കൊച്ചുവേളി പാത പലപ്പോഴും സ്തംഭിക്കുന്നു.
ചെന്നൈ ബേസിന്‍ ബ്രിഡ്ജ് കോച്ചിങ് ഡിപ്പോയെ മാതൃകയാക്കി, 30 തീവണ്ടികള്‍ക്ക് ഇടം നല്‍കും വിധം 10പിറ്റ് ലൈനുകളും 12 സ്റ്റേബ്‌ളിങ് ലൈനുകളും സിക്ക് ലൈനുകളും ഒരുക്കാനായിരുന്നു പദ്ധതി.
നിരവധി വര്‍ഷങ്ങളുടെ കാലതാമസത്തിനു ശേഷം പദ്ധതി 2018-19ല്‍ റെയില്‍വേ അംബ്രലാ വര്‍ക്കിന്റെ ഭാഗമാക്കി. അതനുസരിച്ച് റെയില്‍വേ മന്ത്രി 2019 മാര്‍ച്ച് ഏഴിന് തറക്കല്ലും ഇട്ടു. എന്നാല്‍ പദ്ധതി രേഖ അന്തിമമാക്കുന്നത് പിന്നെയും വൈകി.
ടെര്‍മിനല്‍ നിര്‍മാണം അകാരണമായി വൈകുന്നതിനെക്കുറിച്ച് രാജ്യസഭയില്‍ നിരവധി തവണ ചോദ്യങ്ങളും ഉപക്ഷേപങ്ങളും ഉന്നയിച്ചിരുന്നു. പദ്ധതി രേഖ പരിഗണനയില്‍ എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയായിരുന്നു റെയില്‍വേയുടെ ഭാഗത്തുനിന്നുവന്നത്. തറക്കല്ലിട്ട പദ്ധതി എന്നു തുടങ്ങുമെന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാത്തത് രാജ്യസഭാംഗത്തിനുള്ള അവകാശങ്ങളുടെ നിഷേധമാണെന്നു ചൂണ്ടിക്കാട്ടി സഭാധ്യക്ഷനു പരാതിയും നല്‍കി. ഇതില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട സഭാധ്യക്ഷന്‍ വ്യക്തമായ മറുപടി നല്കണമെന്ന് റെയില്‍വേയോടു നിര്‍ദേശിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രലിന്റെ ഉപ ടെര്‍മിനലായി കൊച്ചുവേളിയുള്ള സ്ഥിതിക്ക് നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് 30.05.2022ലെ ഓഫീസ് മെമ്മോറാണ്ടത്തിലൂടെ റെയില്‍വേ മന്ത്രാലയം രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖേന എന്നെ വിവരം അറിയിക്കുകയാണ് ചെയ്തത്.
കേരളത്തിലെ റെയില്‍ വികസനത്തോട് കാലാകാലങ്ങളായി കേന്ദ്രം അനുവര്‍ത്തിച്ചു വരുന്ന ചിറ്റമ്മ നയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ തീരുമാനമെന്നും ബ്രിട്ടസ് പറഞ്ഞു.