കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ഇന്ന് പ്രധാനമന്ത്രി മോദി നടത്തിയ പരാമര്‍ശങ്ങള്‍ വിഘടന വാദമാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. കശ്മീരിലെ വിഘടന വാദികളെ പോലെയാണ് മോദി സംസാരിക്കുന്നതെന്നും പ്രധാനമന്ത്രിയായ ഒരാളാണ് മണ്ഡലങ്ങളെ വര്‍ഗീയ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതെന്നും പകരം വീട്ടണമെന്ന് വോട്ടര്‍മാരോട് ആഹ്വാനം ചെയ്യുന്നതെന്നും ജോസഫ് സി മാത്യു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ വാക്കുകള്‍ കേരളത്തില്‍ എന്തെങ്കിലും സാധ്യതയുണ്ടെന്ന് പറയുന്ന തിരുവനന്തപുരം പോലുള്ള സ്ഥലത്ത് പോലും ബി.ജെ.പിയുടെ വോട്ട് കുറയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് പാര്‍ട്ടിയാണ് എതിരാളികളുടെ ശക്തി കേന്ദ്രത്തില്‍ പോയി മത്സരിക്കുകയെന്നും ജോസഫ് സി മാത്യു ചോദിച്ചു. സാധാരണ ഒരു പാര്‍ട്ടിയുടെ നേതാവിന് മത്സരിക്കാന്‍ ഏറ്റവും സുരക്ഷിത മണ്ഡലം പോയി തെരഞ്ഞെടുക്കുകയാണ് ചെയ്യാറുള്ളത്. എതിരാളിയുടെ അവരുടെ മണ്ഡലത്തില്‍ പോയി നേരിട്ടത് തന്റെ അറിവില്‍ ഷീലാ ദീക്ഷിതിനെതിരെയും മോദിയ്‌ക്കെതിരെയും മത്സരിച്ച അരവിന്ദ് കെജ്‌രിവാള്‍ മാത്രമാണെന്നും ജോസഫ് സി മാത്യു പറഞ്ഞു.
മഹാരാഷ്ട്രയിലെ വര്‍ധയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മോദി വിവാദ പരാമര്‍ശം നടത്തിയത്.
“ഭൂരിപക്ഷ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ഭയമാണ്”
“കോണ്‍ഗ്രസ് ഹിന്ദുക്കളെ അവഹേളിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ അവരെ ശിക്ഷിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ട് അവര്‍ക്ക് ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയമാണ്.”