അദ്ദേഹമില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടം വരെ എത്തില്ല; 33ാം സെഞ്ച്വറി മുന്‍ താരത്തിന് സമര്‍പ്പിച്ച് റൂട്ട്
Sports News
അദ്ദേഹമില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടം വരെ എത്തില്ല; 33ാം സെഞ്ച്വറി മുന്‍ താരത്തിന് സമര്‍പ്പിച്ച് റൂട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th August 2024, 12:51 pm

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ലോഡ്സില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് നേടിയത്.

ആദ്യ ദിനത്തില്‍ ഓപ്പണറായ ബെന്‍ ഡക്കറ്റ് 40 റണ്‍സ് നേടിയപ്പോള്‍, ഡാന്‍ ലോറന്‍സിനെയും മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഒലി പോപ്പിനെയും ഒറ്റയക്കത്തിന് നഷ്ടമായ ഇംഗ്ലണ്ടിന് സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് തുണയായത്. 206 പന്തില്‍ 18 ഫോര്‍ നേടിയാണ് താരം 143 റണ്‍സ് അടിച്ചുകൂട്ടിയത്. ടെസ്റ്റ് ഫോര്‍മാറ്റിലെ 33ാം സെഞ്ച്വറിയാണ് റൂട്ട് ലോര്‍ഡ്‌സില്‍ കുറിച്ചത്.

സെഞ്ച്വറി നേടിയ ശേഷം താരം ബാറ്റ്  ഉയര്‍ത്തി മുന്‍ ഇംഗ്ലണ്ട് താരവും പരിശീലകനുമായ ഗ്രഹാം തോര്‍പ്പിനെ അനുസ്മരിച്ചെന്നും തന്റെ സെഞ്ച്വറി അദ്ദേഹത്തിന് വേണ്ടി സമര്‍പ്പിച്ചതായും റൂട്ട് സംസാരിച്ചിരുന്നു.

2024 ഓഗസ്റ്റ് നാലിന് മരണപ്പെട്ട ഗ്രഹാം തോര്‍പ്പ് ഒരു നല്ല സുഹൃത്തായിരുന്നുവെന്നും ഇരുവരും കളിക്കളത്തിന് പുറത്തും നല്ല സൗഹൃദത്തിലായിരുന്നെന്നും ജോ റൂട്ട് പറഞ്ഞു.

‘ഗ്രഹാം തോര്‍പ്പിനെപ്പോലെയുള്ള ചിലരെ ലഭിച്ചത് എന്റെ ഭാഗ്യമാണ്. 10-12 വര്‍ഷം അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു. എനിക്ക് അവനോട് എപ്പോള്‍ വേണമെങ്കിലും സംസാരിക്കാമായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി, അവനോടൊപ്പം സമയം ചെലവഴിക്കുന്നത് ഞാന്‍ ആസ്വദിച്ചു. അദ്ദേഹത്തിനുള്ള ഒരു ചെറിയ ആദരവായിരുന്നു അത്. അദ്ദേഹം എന്റെ കളിയിലും കരിയറിലും ഒരുപാട് കാര്യങ്ങള്‍ ചെയ്തു, അദ്ദേഹത്തിന്റെ സഹായമില്ലാതെ ഞാന്‍ ഇവിടംവരെ എത്തില്ലെന്ന് തീര്‍ച്ചയാണ്.

ഇംഗ്ലണ്ടിന് വേണ്ടി 1993 മുതല്‍ 2002 വരെ 82 ഏകദിന മത്സരത്തിലെ 77 ഇന്നിങ്‌സില്‍ നിന്ന് 2380 റണ്‍സ് തോര്‍പ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 100 മത്സരങ്ങളിലെ 179 ഇന്നിങ്‌സില്‍ നിന്ന് 6744 റണ്‍സും 200* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഗ്രഹാം നേടിയിട്ടുണ്ട്.

 

Content Highlight: Joe Root Talking About Graham Thorpe