ആഷസ് പരമ്പരയിലെ നാലാം മത്സരത്തിന്റെ ഒരുക്കത്തിലാണ് ഇരു ടീമുകളും. വിജയം മാത്രം ലക്ഷ്യമിട്ടാകും ഇംഗ്ലണ്ടും ഓസീസും നാലാം ടെസ്റ്റിനിറങ്ങുക. ആഷസ് നിലനിര്‍ത്താന്‍ കമ്മിന്‍സ് ഒരുങ്ങുമ്പോള്‍ ആഷസ് തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് സ്റ്റോക്‌സ്.
ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരമ്പരയിലെ നാലാം മത്സരം അരങ്ങേറുന്നത്. നാലാം ടെസ്റ്റ് വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഓസീസും പരമ്പരയില്‍ സജീവമാകാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല എന്ന ഉത്തമ ബോധ്യത്തോടെ ത്രീ ലയണ്‍സും ഇറങ്ങുമ്പോള്‍ മാഞ്ചസ്റ്ററില്‍ തീ പാറും.
മാഞ്ചസ്റ്ററിലെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ നേരിയ വിജയസാധ്യത ഇംഗ്ലണ്ടിനൊപ്പമാണ്. എന്നാല്‍ ഒന്നും പ്രവചിക്കാന്‍ സാധിക്കാത്ത ക്രിക്കറ്റിന്റെ മാന്ത്രികത കാണാന്‍ തന്നെയാണ് ആരാധകര്‍ ഒരുങ്ങുന്നത്.
ഇതിന് പുറമെ ജോ റൂട്ട് മാഞ്ചസ്റ്ററിന്റെ പുതിയ രാജകുമാരനാകുന്ന കാഴ്ചക്കായും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടുന്ന താരം റെക്കോഡിലേക്കാണ് റൂട്ട് കണ്ണുവെക്കുന്നത്.
ലോങ്ങര്‍ ഫോര്‍മാറ്റിലെ 11 മത്സരത്തില്‍ നിന്നുമായി 790 റണ്‍സാണ് റൂട്ട് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും അടക്കം 60.76 എന്ന ശരാശരിയിലാണ് റൂട്ട് റണ്ണടിച്ചുകൂട്ടിയത്.
നിലവില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റൂട്ട്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡെന്നീസ് കോംപ്ടണാണ് ഒന്നാം സ്ഥാനത്ത്. 818 റണ്‍സാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കോംപ്ടണിന്റെ സമ്പാദ്യം.
മുന്‍ ഇംഗ്ലണ്ട് നായകനെ മറികടക്കാന്‍ റൂട്ടിന് വെറും 29 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താല്‍ മതിയാകും. താരത്തിന്റെ നിലവിലെ ഫോമില്‍ ഈ നേട്ടം നിഷ്പ്രയാസം മറികടക്കാനും സാധിക്കും.
ഓസീസിനെതിരായ മത്സരത്തില്‍ ഈ നേട്ടം കൈവരിക്കാന്‍ റൂട്ടിന് സാധിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് വരെ റൂട്ടിന് കാത്തിരിക്കേണ്ടി വരും. ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റാണ് ഇതിന് ശേഷം റൂട്ടും ഇംഗ്ലണ്ടും ഓള്‍ഡ് ട്രാഫോര്‍ഡില്‍ കളിക്കുക.
അതേസമയം, ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഓസീസ് 2-1 എന്ന ലീഡ് നേടിയിരിക്കുകയാണ്. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്നില്‍ വിജയിക്കുകയോ അല്ലെങ്കില്‍ രണ്ടും സമനിലയില്‍ കലാശിക്കുകയോ ചെയ്താല്‍ ഓസീസിന് പരമ്പര സ്വന്തമാക്കാം. എന്നാല്‍ മാഞ്ചസ്റ്ററിലും ഓവലിലും വിജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് വീണ്ടും ആഷസില്‍ മുത്തമിടാന്‍ സാധിക്കൂ.
Content Highlight: Joe Root sets his sights on a record haul in a Test at Old Trafford