ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ജനുവരി 25ന് ആരംഭിക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്.
മത്സരത്തില്‍ ഇംഗ്ലണ്ട് ആരാധകരും ഇന്ത്യന്‍ ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്ന താരമാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ വജ്രായുധങ്ങളില്‍ പ്രധാനിയാണ് മോഡേണ്‍ ഡേ ലെജന്‍ഡായ റൂട്ട്. ഫാബ് ഫോറില്‍ സ്ഥിരതയോടെ ബാറ്റ് വീശുന്നതും റൂട്ട് തന്നെ.
ഇന്ത്യക്കെതിരായ പരമ്പരയില്‍ കളത്തിലിറങ്ങുമ്പോള്‍ ഒരു മികച്ച റെക്കോഡാണ് റൂട്ടിനെ കാത്തിരിക്കുന്നത്. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് റൂട്ടിന് മുമ്പിലുള്ളത്. വെറും പത്ത് റണ്‍സ് നേടിയാല്‍ റൂട്ടിന് ഒന്നാം സ്ഥാനത്തെത്താം.
നിലവില്‍ ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്തുള്ളത്. 2,535 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുള്ളത്.
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 2,535
ജോ റൂട്ട് (ഇംഗ്ലണ്ട്) – 2,526
സുനില്‍ ഗവാസ്‌കര്‍ (ഇന്ത്യ) – 2,483
അതേസമയം, ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സൂപ്പര്‍ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇല്ലാതെയാണ് ത്രീ ലയണ്‍സ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.