കാലങ്ങളായി ഫുട്‌ബോളില്‍ നിലനില്‍ക്കുന്ന മെസി-ക്രിസ്റ്റിയാനോ ഫാന്‍ ഡിബേറ്റില്‍ മികച്ച താരം ആരെന്ന തന്റെ അഭിപ്രായം വ്യക്തമാക്കി അത്‌ലെറ്റികോ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ജോവാ ഫെലിക്‌സ്. സ്പാനിഷ് മീഡിയക്ക് താരം മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖം ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. ക്രിസ്റ്റ്യാനോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും അദ്ദേഹം ലയണല്‍ മസെിയെക്കാള്‍ മികച്ച കളിക്കാരനാണെന്നുമാണ് അഭിമുഖത്തില്‍ ജോവാ പറഞ്ഞത്.
‘എന്നെ സംബന്ധിച്ച് റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. അദ്ദേഹം തന്നെയാണ് ബെസ്റ്റ്, അദ്ദേഹം മെസിയെക്കാള്‍ മികച്ച താരമാണ്. ലയണല്‍ മെസിക്ക് നേടാന്‍ പറ്റാത്ത പല റെക്കോഡുകളും റൊണാള്‍ഡോ പേരിലാക്കിയിട്ടുണ്ട്.
മെസിയാണ് റൊണാള്‍ഡോയെക്കാള്‍ മികച്ചതെന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് ഒന്നുമറിയില്ല. റൊണാള്‍ഡോ പ്രായമായി വരികയാണ്, അത് കളിയില്‍ കാണാനുമുണ്ട്. എന്നാല്‍ ആരാണ് മികച്ച താരമെന്ന് ഇവിടെ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്,’ ഫെലിക്‌സ് പറഞ്ഞു.
ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ലെന്‍സിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മത്സരത്തില്‍ മെസി ഒരു ഗോള്‍ നേടിയിരുന്നു. എംബാപ്പെ, വിറ്റിന്‍ഹ എന്നിവരാണ് പി.എസ്.ജിക്കായി ഗോള്‍ നേടിയ മറ്റുതാരങ്ങള്‍.
ബാഴ്‌സലോണക്കായി 778 മത്സരങ്ങള്‍ കളിച്ച മെസി 672 ഗോളുകളാണ് ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുള്ളത്. പി.എസ്.ജിയില്‍ 68 മത്സരങ്ങളില്‍ നിന്നും 30 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.
ഈ സീസണില്‍ പാരിസ് ക്ലബ്ബിനായി 35മത്സരങ്ങള്‍ കളിച്ച മെസി 20 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. റൊണാള്‍ഡോ തന്റെ ക്ലബ്ബായ അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തമാക്കി.