ന്യൂദല്‍ഹി: 2016 ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് പ്രകടനത്തില്‍ നുഴഞ്ഞു കയറിയ എ.ബി.വി.പി പ്രവര്‍ത്തകരെന്ന് മുന്‍ എ.ബി.വി.പി നേതാക്കളുടെ വെളിപ്പെടുത്തല്‍. വിവാദം സൃഷ്ടിച്ച് രോഹിത് വെമുലയുടെ മരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനായിരുന്നു എ.ബി.വി.പിയുടെ ശ്രമമെന്നും ഇവര്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് ജെ.എന്‍.യു എ.ബി.വി.പി യൂണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാല്‍ എന്നിവരാണ് എ.ബി.വി.പിയുടെ പങ്ക് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
ന്യൂസ് ചാനലുകളില്‍ പ്രചരിച്ച വീഡിയോയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് എ.ബി.വി.പി പ്രവര്‍ത്തകരും അനുകൂലികളുമാണെന്ന് ഇവര്‍ പറയുന്നു.
ഫെബ്രുവരി 2016നാണ് ഇവര്‍ എ.ബി.വി.പിയില്‍ നിന്ന് രാജിവെച്ചത്. “ഞാനും ജതിനും ദളിതരാണ്. രോഹിത് വെമുലയുടെ മരണത്തില്‍ എ.ബി.വി.പിക്ക് അനുകൂലമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങളെ നിരവധി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സംഘടന നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ രോഹിത് വെമുലയെ അവര്‍ തീവ്രവാദിയായിട്ടായിരുന്നു ചിത്രീകരിക്കാന്‍ ശ്രമിച്ചതു കൊണ്ട് ഞങ്ങള്‍ അതിനു വിസമ്മതിച്ചു. ഫെബ്രുവരി 9 ന് നടന്ന സംഭവം രോഹിത് വെമുലയുടെ മരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗമായി അവര്‍ കാണുകയായിരുന്നു”- പത്രസമ്മേളനത്തില്‍ നര്‍വാള്‍ പറയുന്നു.
ഫെബ്രുവരി 9ന് നടക്കുന്ന പരിപാടിയില്‍ എങ്ങനെ സംഘര്‍ഷം ഉണ്ടാക്കാമെന്ന് ജെ.എന്‍.യു എ.ബി.വി.പി വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് ഗോരയ്യ പറയുന്നു.
എന്നാല്‍ വിവാദം സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതു പ്രകാരമാണ് ഇരുവരും വാര്‍ത്താ സമ്മേളനം നടത്തിയതെന്ന് എ.ബി.വി.പിയുടെ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറി സൗരഭ് ശര്‍മ്മ ആരോപിച്ചു. ഇരുവരും കോണ്‍ഗ്രസ് അംഗങ്ങളാണെന്നും സൗരഭ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ നര്‍വാല്‍ കോണ്‍ഗ്രസില്‍ അംഗമാണെങ്കിലും ഗൊരയ്യ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമല്ല.
രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തിയെന്ന ആരോപണത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാക്കളായിരുന്ന കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരടക്കം 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇരുവരും നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്ന ഏഴ് വിദ്യാര്‍ത്ഥികള്‍ കശ്മീരില്‍ നിന്നുള്ളവരാണ്.