ജിഷ വധക്കേസ്; 'അനാറുളിനെക്കുറിച്ച് വിവരമില്ല'; കൊലപാതകത്തിലെ ദുരൂഹത നീക്കാന്‍ കേസ് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍
Jisha Murder Case
ജിഷ വധക്കേസ്; 'അനാറുളിനെക്കുറിച്ച് വിവരമില്ല'; കൊലപാതകത്തിലെ ദുരൂഹത നീക്കാന്‍ കേസ് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th December 2017, 4:29 pm

കൊച്ചി:നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തിലെ ദുരൂഹത നീക്കാന്‍ കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കേസിന്റെ തുടക്കം മുതല്‍ പൊലീസ് തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും ആദ്യം പ്രതിസ്ഥാനത്തുണ്ടായിരുന്ന അനാറുള്‍ ഇസ്‌ലാമിനെക്കുറിച്ച് ഇപ്പോള്‍ യാതൊരു വിവരവുമില്ലെന്നും കൗണ്‍സില്‍ ആരോപിച്ചു.

ജിഷ വധക്കേസില്‍ ഇന്നലെയായിരുന്നു കോടതി ശിക്ഷ വിധിച്ചിരുന്നത്. കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ അമീറുല്‍ ഇസ്‌ലാമിനെ മരണം വരെ തൂക്കിക്കൊല്ലാനായിരുന്നു കോടതി വിധി. പൊലീസ് നടപടികള്‍ക്കെതിരെ രംഗത്തെത്തിയ ആക്ഷന്‍ കൗണ്‍സില്‍ കുറ്റകൃത്യം നടന്നതു മുതല്‍ പിടികൂടുന്നതു വരെ അമീറുള്‍ എവിടെയായിരുന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നില്ലെന്നും ഈ കാലയളവില്‍ കൃത്രിമ തെളിവുണ്ടാക്കുന്നതിനായി അമീറുളിന്റെ ഉമിനീര്‍ പൊലീസ് ശേഖരിച്ചിരുന്നുവോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി അമീറുള്‍ ഇസ്‌ലാം നിരപരാധിയാണെന്ന് സംശയിക്കുന്നതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഒന്നാം അന്വേഷണസംഘം ആര്‍ഡിഒ ഇല്ലാതെയാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യിച്ചു. നിയമം ലംഘിച്ച് രാത്രി തന്നെ മൃതദേഹം ദഹിപ്പിച്ചു. വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടെന്ന അയല്‍വാസി യുവതികളുടെ മൊഴി ഗൗരവമായി അന്വേഷിച്ചില്ല. സംഭവ ദിവസം മഴ മാറിയപ്പോള്‍, വീടിന് പിറകിലൂടെ മഞ്ഞഷര്‍ട്ട് ധരിച്ച ഒരാള്‍ കനാലിലൂടെ ഇറങ്ങിപ്പോകുന്നതായി ഒരു വീട്ടമ്മ മൊഴി നല്‍കിയിരുന്നു. ഇതിലും കാര്യമായ അന്വേഷണം നടന്നില്ല. 2016 ഏപ്രില്‍ 28 ന് ജിഷ കൊല്ലപ്പെട്ട്, നാലു ദിവസം കഴിഞ്ഞാണ് കനാലില്‍ നിന്നും പ്രതിയുടേതെന്ന് ആരോപിക്കപ്പെടുന്ന ചെരുപ്പ് പൊലീസ് കണ്ടെടുക്കുന്നതെന്നും കൗണ്‍സില്‍ പറയുന്നു.

മകളെ കൊന്നയാളെന്ന് ജിഷയുടെ അമ്മ ആരോപിച്ച അയല്‍വാസി സാബുവും ഇയാളുടെ വീട്ടില്‍ വന്ന പുറംനാട്ടുകാരനായ ഓട്ടോഡ്രൈവറുമാണ് ചെരുപ്പ് കണ്ടെടുത്തതിന്റെ സാക്ഷികള്‍. രാജേശ്വരിയുടെ ആരോപണത്തെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സാബുവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും തൊണ്ടി മുതല്‍ കണ്ടെടുക്കാനുണ്ടായ കാലതാമസം, കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുന്നതിനു വേണ്ടിയാണെന്ന സംശയം ബലപ്പെടുത്തുന്നതാണെന്നും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി കെ സെയ്ത് മുഹമ്മദാലി, ഇസ്മയില്‍ പള്ളിപ്രം, അമ്പിളി ഓമനക്കുട്ടന്‍, സുല്‍ഫിക്കര്‍ ഓലി, ഒര്‍ണ കൃഷ്ണന്‍കുട്ടി, ലൈല റഷീദ് എന്നിവര്‍ ആരോപിച്ചു

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് നിരീക്ഷിച്ചയായിരുന്നു കോടതി അമീറുളിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. ഐ.പി.സി 302 ാം വകുപ്പ് പ്രകാരമായിരുന്ന് വധശിക്ഷ വിധിച്ചത്. ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയും കോടതി വിധിച്ചിരുന്നു.