കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് ജിസ് ജോയ്. സംവിധാനത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്ന രീതിയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം.
ജിസ് ജോയ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും. ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും ഒന്നിച്ച ചിത്രം വളരെ മികച്ച അഭിപ്രായമായിരുന്നു നേടിയത്. ഇപ്പോള്‍ നാന സിനിമാ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് ജിസ് ജോയ്.
‘വിജയ് സൂപ്പറും പൗര്‍ണമിയും വിജയിക്കുമെന്ന് ആദ്യമേ ഉറപ്പായിരുന്നോയെന്ന് ചോദിച്ചാല്‍, അങ്ങനെയൊരു ഉറപ്പ് ആര്‍ക്കും പറയാന്‍ പറ്റില്ല. നമ്മള്‍ നന്നായി വര്‍ക്ക് ചെയ്തു. നന്നായി പ്രാര്‍ത്ഥിച്ചു. ക്രിട്ടിക്കുകളായ നമ്മുടെ സുഹൃത്തുക്കളെ കാണിച്ച് അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ചില സംഗതികള്‍ കറക്ട് ചെയ്തു.
‘കൊള്ളാം’ എന്ന അവസ്ഥയിലാണ് ആ പടം ഇറക്കിയത്. പിന്നെ എല്ലാം വിധിയായിരുന്നു. എന്റെ ആദ്യത്തെ രണ്ട് പടത്തിനും ടെന്‍ഷനില്ലായിരുന്നു. ബൈസിക്കിള്‍ തീവ്‌സ് ചെയ്യുമ്പോള്‍ എനിക്ക് ഒരു ഇമേജുമില്ലായിരുന്നു.
സണ്‍ഡേ ഹോളിഡേ ചെയ്യുമ്പോള്‍ മൂന്ന് വര്‍ഷത്തിന് മുമ്പ് ഒരു പടം ചെയ്ത ആള്‍ എന്നതായിരുന്നു ഇമേജ്. എന്നാല്‍ സണ്‍ഡേ ഹോളിഡേ കഴിഞ്ഞപ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞു. ആ സിനിമ ഭയങ്കരമായി റീച്ച് ചെയ്തു. നല്ല സംവിധായകനെന്ന പേര് കിട്ടി.
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമ ഇറങ്ങുന്നതിന് മുമ്പ് ആ സിനിമയെ കുറിച്ച് ഒരു കാര്യം പറഞ്ഞിരുന്നു. ‘ഈ സിനിമ കഴിഞ്ഞ് തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ചെറിയ പുഞ്ചിരി മുഖത്തുണ്ടാകും. അത് ഞാന്‍ ഗ്യാരന്റി തരാം’ എന്നായിരുന്നു ഞാന്‍ പറഞ്ഞത്.
എന്നാല്‍ അന്ന് ചെറിയ ചിരി തിയേറ്ററില്‍ വലിയ പൊട്ടിച്ചിരിയായി മാറി. സിനിമയുടെ അവസാനഭാഗത്ത് ആളുകള്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. അങ്ങനെയൊരു കാഴ്ച ഫിലിം മേക്കര്‍ എന്ന നിലയില്‍ നമ്മുടെയൊക്കെ സ്വപ്നമാണ്. അത് എനിക്ക് ആ സിനിമ നേടിത്തന്നു,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talks About Vijay Superum Pournamiyum Movie