ഇന്ത്യൻ സിനിമയ്‌ക്ക് മുമ്പിൽ മലയാള സിനിമയുടെ പ്രൊഫൈൽ കെട്ടിപൊക്കിയത് അവരാണ്: ജിസ് ജോയ്
Entertainment
ഇന്ത്യൻ സിനിമയ്‌ക്ക് മുമ്പിൽ മലയാള സിനിമയുടെ പ്രൊഫൈൽ കെട്ടിപൊക്കിയത് അവരാണ്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd March 2024, 1:34 pm

ഇന്ന് മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ജിസ് ജോയ്.

കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാവാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് പറയുകയാണ് ജിസ് ജോയ്.

തുടർച്ചയായി നല്ല സിനിമകൾ നമ്മളിലേക്ക് വരുന്നത് ഒരു ഭാഗ്യമാണെന്ന് ജിസ് ജോയ് പറയുന്നു. ആ ഭാഗ്യം വേണ്ടുവോളം ലഭിച്ച താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലുമെന്നും ജിസ് ജോയ് പറഞ്ഞു. മികച്ച സംവിധായകരോടൊപ്പമുള്ള നിരവധി സിനിമകളിൽ ഇരുവർക്കും ഭാഗമാകാൻ സാധിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സിനിമയ്ക്ക് മുമ്പിൽ മലയാള സിനിമയെ ഉയർത്തി നിർത്തുന്നതിൽ അവരുടെ പങ്ക് വളരെ വലുതാണെന്നും ജിസ് ജോയ് പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘തുടർച്ചയായി നമ്മളിലേക്ക് നല്ല സിനിമകൾ വരുക എന്നത് വലിയൊരു സംഭവമാണ്. നമുക്ക് ഉദാഹരണത്തിന് മോഹൻലാൽ സാറിനെയും മമ്മൂട്ടി സാറിനെയും എടുക്കാം. രണ്ടുപേരുടെയും കാര്യം ഒന്നാലോചിച്ചു നോക്കാം, അവരുടെ തുടക്കം ഒന്ന് ആലോചിച്ചു നോക്കാം.

അതായത് ഒരു പടം അരവിന്ദന്റെ കൂടെ ചെയ്ത് അടുത്തത് പോവുന്നത് ജോഷി സാറിന്റെ സെറ്റിലേക്കാണ്. അവിടുന്ന് പോവുന്നത് ഐ.വി ശശി സാറിന്റെ സെറ്റിലേക്കാണ്. പിന്നെ അവിടെ നിന്ന് പത്മരാജന്റെ സെറ്റിലേക്ക്. അങ്ങനെ സിബി മലയിൽ, കമൽ അങ്ങനെ ഈ റൗണ്ട് കഴിയുമ്പോൾ അടുത്ത പത്മരാജന്റെ പടം സെറ്റ് ആയിട്ടുണ്ടാവും.

ഇങ്ങനെയാണ് പോയികൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ ആ സമയത്തെ പടങ്ങൾ കാണുമ്പോൾ എല്ലാം ഒരു രക്ഷയും ഇല്ലാത്ത സിനിമകളാണ്. ഭീകര റിപ്പീറ്റ് വാല്യൂവുള്ള സിനിമകളാണ് എല്ലാം. അവരുണ്ടാക്കി വെച്ച ആ ഇതിലാണ് നമ്മുടെ മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്ക് മുമ്പിൽ ഉയർന്ന് നിൽക്കുന്നത്.

അതായത് ഇന്ത്യൻ സിനിമ മലയാള സിനിമയെ നോക്കികാണുന്ന പ്രൊഫൈൽ കെട്ടിപൊക്കിയത് അവരും അവർക്ക് വന്ന് ചേർന്ന ഭാഗ്യവുമാണെന്ന് ഞാൻ പറയും,’ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talk About Mammootty And Mohanlal