Entertainment
ചോക്ലേറ്റാണ് ഏറ്റവും ഇഷ്ടമെന്ന് പറഞ്ഞ ആ പയ്യൻ ഇന്നിന്ത്യയിൽ സൂപ്പർ സ്റ്റാറായി മാറി: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 06, 06:38 am
Friday, 6th December 2024, 12:08 pm

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ 2.

ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കി. പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 1000 കോടിക്കുമുകളിൽ സ്വന്തമാക്കിയ പുഷ്പ സമ്മിശ്ര പ്രതികരണമാണ് ബോക്സ് ഓഫീസിൽ നേടുന്നത്.

മലയാളികൾ അല്ലുവിന്റെ ശബ്‌ദം കേട്ടിട്ടുള്ളത് സംവിധായകൻ ജിസ് ജോയിയുടെ സൗണ്ടിലാണ്. അല്ലു അർജുന് ഡബ്ബിങ് നൽകുന്നതിലൂടെ വലിയ ശ്രദ്ധ നേടാൻ ജിസ് ജോയിക്ക് കഴിഞ്ഞിട്ടുണ്ട്. അല്ലു അർജുന്റെ അഭിനയത്തിലും ഡബ്ബിങിലും വന്ന മാറ്റങ്ങൾ പറയുകയാണ് ജിസ് ജോയ്. ആര്യ എന്ന ചിത്രത്തിന്റെ സമയത്ത് ഏറ്റവും ഇഷ്ടം ചോക്ലേറ്റ് ആണെന്നാണ് അല്ലു പറഞ്ഞതെന്നും അതിൽ നിന്നെല്ലാം ഒരുപാട് മാറി തെലുങ്ക് സിനിമയിൽ ആദ്യമായി നാഷണൽ അവാർഡ് എത്തിക്കാൻ അല്ലുവിനെ കഴിഞ്ഞെന്നും ജിസ് ജോയ്‌ പറഞ്ഞു. ഡയലോഗ് ഡെലിവറിയിലെല്ലാം നല്ല മാറ്റം അല്ലുവിന് വന്നെന്നും അദ്ദേഹം പറഞ്ഞു.

‘പുഷ്പ കണ്ടപ്പോൾ എനിക്കുള്ള സന്തോഷം അല്ലു ഒരുപാട് മെച്വേർഡ് ആയി എന്നുള്ളതാണ്. നടനെന്ന നിലയിൽ അല്ലു ഒരുപാട് വളർന്നു എന്നതും എനിക്ക് വലിയ സന്തോഷം നൽകി. കാരണം ആര്യ എന്ന സിനിമ ഹിറ്റായി കഴിഞ്ഞപ്പോൾ അല്ലുവിനെ ഒരു ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു, ആ അഭിമുഖത്തിൽ നിങ്ങളുടെ ഫേവറീറ്റ് കാര്യമെന്താണെന്ന് ചോദിക്കുമ്പോൾ അല്ലു പറയുന്ന മറുപടി ചോക്ലേറ്റ് എന്നാണ്.

ഒരു ചോക്ലേറ്റ് കഴിക്കുന്ന പ്രായത്തിൽ നിന്ന് പുള്ളി ഒരു നാഷണൽ അവാർഡ് അവരുടെ സംസ്ഥാനത്തിലേക്ക് ആദ്യമായി എത്തിച്ചു. ഡയലോഗ് ഡെലിവറിയിൽ ആണെങ്കിലും ഒരു സ്പേസ് കട്ട് ചെയ്ത മറ്റൊരു ലെവലിലേക്ക് അല്ലു എത്തി. ഡബ്ബ് ചെയ്തപ്പോൾ അത് ഫീലായി. നല്ല സുഖമാണ് അത് ഡബ്ബ് ചെയ്യാൻ.

കാരണം പണ്ട് അല്ലു ഡയലോഗ് പറഞ്ഞിരുന്നത് നല്ല സ്പീഡിൽ അല്ലായിരുന്നോ. 140 കിലോമീറ്റർ സ്പീഡിൽ പോയിരുന്ന ഡയലോഗ് ഇപ്പോൾ ഒരു 60 കിലോമീറ്ററിലേക്ക് മാറിയിട്ടുണ്ട്. ടിപ്പിക്കൽ അല്ലു ഡയലോഗുകളില്ലേ, മധുമതി ഐ ലവ് യൂ എന്നൊക്കെ പറയുന്നത്, അതിനൊക്കെയുള്ള സ്പീഡ് ഇന്നാവശ്യമില്ല,’ജിസ് ജോയ് പറയുന്നു.

 

Content Highlight: Jis Joy About Allu Arjun’s Acting And Dubbing