Advertisement
Entertainment
അയന്‍ എന്ന സിനിമ ഞാന്‍ ചെയ്യേണ്ടതായിരുന്നു, അപ്പോള്‍ റിലീസായ എന്റെ ആ സിനിമ വിജയിക്കാത്തതിനാല്‍ എനിക്കത് ചെയ്യാന്‍ സാധിച്ചില്ല: ജീവ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 02, 05:00 pm
Sunday, 2nd March 2025, 10:30 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജീവ. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന ജീവ 2003ല്‍ പുറത്തിറങ്ങിയ ആസൈ ആസൈയായ് എന്ന ചിത്രത്തിലൂടെയാണ് ജീവ നായകനായി അരങ്ങേറിയത്. മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കിടയിലും ജീവ ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ ജീവക്ക് സാധിച്ചു.

ജീവയുടെ കരിയറില്‍ വലിയൊരു ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകനാണ് കെ.വി. ആനന്ദ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റായ അയന്‍ എന്ന ചിത്രം താന്‍ ചെയ്യേണ്ടതായിരുന്നെന്ന് പറയുകയാണ് ജീവ. കെ.വി. ആനന്ദിനെ തനിക്ക് ആദ്യമേ അറിയാമായിരുന്നെന്നും അദ്ദേഹം സംവിധാനം ചെയ്ത ആദ്യചിത്രം വലിയ ഹിറ്റായിരുന്നെന്നും ജീവ പറഞ്ഞു.

കട്രത് തമിഴ് എന്ന സിനിമ റിലീസായപ്പോള്‍ ആനന്ദ് തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും ഒന്നിച്ച് വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെന്നും ജീവ കൂട്ടിച്ചേര്‍ത്തു. അയന്റെ കഥ തന്നോട് പറഞ്ഞിരുന്നെന്നും എന്നാല്‍ കട്രത് തമിഴ് ബോക്‌സ് ഓഫീസില്‍ പരാജയമായതിനാല്‍ തന്നെ വെച്ച് സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ മടിച്ചെന്നും ജീവ പറഞ്ഞു.

പിന്നീട് കോ എന്ന ചിത്രം തങ്ങള്‍ ഒരുമിച്ച് ചെയ്‌തെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി അത് മാറിയെന്നും ജീവ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ ചിത്രത്തില്‍ ആദ്യം നായകനായി അഭിനയിച്ചത് സിലമ്പരസനായിരുന്നെന്നും അയാള്‍ പിന്മാറിയതിനാലാണ് തന്നെ നായകനാക്കിയതെന്നും ജീവ പറഞ്ഞു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു ജീവ.

‘കെ.വി ആനന്ദ് സാറിന്റെ വലിയൊരു ഫാനാണ് ഞാന്‍. സംവിധായകനാകുന്നതിന് മുമ്പ് ക്യാമറാമാനായി അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നടന്മാരെക്കാള്‍ ക്യാമറാമാന്മാരോടായിരുന്നു എനിക്ക് ആരാധന. അവരാണല്ലോ നമ്മുടെ മുഖം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. കെ.വി. ആനന്ദ് സാര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ വലിയ ഹിറ്റായിരുന്നു. കട്രത് തമിഴ് റിലീസായപ്പോള്‍ ആനന്ദ് സാര്‍ എന്നെ വിളിച്ച് എന്റെ അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞു.

‘ഒരു സ്‌ക്രിപ്റ്റ് നോക്കുന്നുണ്ട്. അധികം വൈകാതെ ഒരുമിച്ച് വര്‍ക്ക് ചെയ്യാം’ എന്ന് അദ്ദേഹം പറഞ്ഞു. ആ സ്‌ക്രിപ്റ്റായിരുന്നു അയന്‍. എന്നാല്‍ കട്രത് തമിഴും ബാക്കി സിനിമകളും വലിയ ഹിറ്റാകാത്തതുകൊണ്ട് എനിക്ക് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് കോ എന്ന പടം ചെയ്തപ്പോള്‍ അതില്‍ ഞാന്‍ നായകനായി. ആദ്യം സിലമ്പരസനായിരുന്നു ആ പടത്തില്‍ ആദ്യത്തെ ഹീറോ. അദ്ദേഹം പിന്മാറിയപ്പോള്‍ എന്നെ വിളിക്കുകയായിരുന്നു,’ ജീവ പറഞ്ഞു.

Content Highlight: Jiiva saying he was supposed to do Ayan Movie starring Suriya