കോഴിക്കോട്: അര്‍ഹരല്ലാത്തവര്‍ ഖുര്‍ആനെ വ്യാഖ്യാനിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
പരിഭാഷ നോക്കി വ്യാഖ്യാനിക്കപ്പെടേണ്ടതല്ല ഖുര്‍ആന്‍ എന്ന് അദ്ദേഹം പറഞ്ഞു.
വടക്കെ കൊവ്വലില്‍ സംഘടിപ്പിച്ച ഇ.കെ. മുസ് ലിയാര്‍ അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളെ വേദക്കാരായി പരിഗണിക്കാമെന്നും അവരെ വിവാഹം ചെയ്യുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ടെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാനും സി.പി.ഐ.എം നേതാവുമായ ടി.കെ. ഹംസ നേരത്തെ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന് മറപടിയായിട്ടായിരുന്നു തങ്ങളുടെ പ്രസ്താവന.
പലര്‍ക്കും ഖുര്‍ആന്‍ വ്യഖ്യാനിക്കാന്‍ തോന്നും. അത് അപകടത്തിലേക്കാവും ചെന്നെത്തിക്കുക. ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ പണിയാണ് ചെയ്യേണ്ടത്.അല്ലാതെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ വരരുത്. ഖുര്‍ആന്‍ ആര്‍ക്കെങ്കിലും വ്യാഖ്യാനിക്കാനുള്ളതല്ല. അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ അവ തള്ളികളയണം. പലരും ഖുര്‍ആനെ അങ്ങനെ വ്യാഖ്യാനിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുകാലം മുമ്പ് കള്ളന്മാരും ഖുര്‍ആനെ വ്യാഖ്യാനിക്കാറുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഗ്രന്ഥങ്ങള്‍ അനുസരിച്ച് ഖുര്‍ആന്‍ വിശകലനം ചെയ്യപ്പെടണമെന്നും അതിന് കഴിവുള്ളവര്‍ ഉണ്ടാവണമെന്നും ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ ആഗ്രഹിച്ചിരുന്നു.
അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം കൂടിയായിരുന്നു അതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ടി.കെ ഹംസ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തെന്ന വിമര്‍ശനവുമായി സമസ്ത നേതാവ് ബഹാവുദ്ദീന്‍ നദ്‌വി രംഗത്തുവന്നിരുന്നു. മിശ്രവിവാഹത്തെ ന്യായീകരിക്കാനാണ് ഹംസ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മതനിരാസവും നിരീശ്വരവാദവും അടിച്ചേല്‍പിക്കാന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ ശ്രമം നടക്കുന്നുണ്ട്. മിശ്ര വിവാഹം നിഷിദ്ധമാണെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. ജൂത, ക്രൈസ്തവ മതക്കാരെ വിവാഹം കഴിക്കാന്‍ അനുമതിയുണ്ടെങ്കിലും കൃത്യമായ വ്യവസ്ഥകളുണ്ടെന്നും നദ്‌വിപറയുന്നു.
മതകാര്യങ്ങളില്‍ പ്രാമാണികമായി അറിവില്ലാത്തവര്‍ ഇടപെട്ട് അനാവശ്യ അഭിപ്രായപ്രകടനം നടത്തുന്നത് ഒഴിവാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ പറഞ്ഞിരുന്നു.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ ഇസ്‌ലാമുമായി ബന്ധമില്ലാത്ത ചില വിവാഹങ്ങളെ ഖുര്‍ആനുമായും ഇസ്‌ലാമിക ചരിത്രവുമായും ബന്ധപ്പെടുത്തുന്നത് മതകാര്യത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞത വെളിപ്പെടുത്തുന്നതാണ്.
ഇസ്‌ലാമിക വിശ്വാസികള്‍ക്ക് വിവാഹത്തിന് മതത്തില്‍ വ്യക്തമായ നിയമങ്ങളുണ്ട്. എന്നാല്‍ മതത്തെ മാറ്റി നിര്‍ത്തി വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിവാഹം നടത്താം. എന്നാല്‍ അതിനെ ഇസ്‌ലാമുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടിരുന്നു.