Film News
അടിവയറ്റില്‍ കിട്ടിയ തൊഴിയില്‍ കിളി പറന്ന് രാജേഷ്; ഛലക് റാണി പാട്ട് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 26, 12:46 pm
Monday, 26th December 2022, 6:16 pm

ദര്‍ശന രാജേന്ദ്രന്‍ നായികയായ ജയ ജയ ജയ ജയ ഹേ തിയേറ്ററുകളിലെ വമ്പന്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അനീതിയും അക്രമങ്ങളും തുറന്നുകാട്ടിയ ചിത്രം വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. കല്യാണം കഴിഞ്ഞതുമുതല്‍ തന്നെ ഉപദ്രവിച്ചുകൊണ്ടിരുന്ന രാജേഷിനിട്ട് ജയ തിരിച്ചടിക്കുന്ന രംഗങ്ങളായിരുന്നു ഏറ്റവുമധികം ചര്‍ച്ചയായത്.

ജയ ഹേയിലെ പുതിയ പാട്ട് പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഛലക് റാണി എന്ന പാട്ടാണ് സൈന മ്യൂസിക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ജയയുടെ തിരിച്ചടിയില്‍ അമ്പരന്നിരിക്കുന്ന രാജേഷിലാണ് പാട്ട് തുടങ്ങുന്നത്. തുടര്‍ന്ന് കുളിമുറിയിലെ ഭിത്തിയിലുള്ള കാല്‍പ്പാടുകളും അലമാരിയിലേയും വാഷിങ് മെഷിനിലെയും തൊഴി കൊണ്ട് പൊട്ടിയ പാടുകളും കണ്ട് പല സംശയങ്ങളും തോന്നുന്ന രാജേഷിലേക്കാണ് എത്തുന്നത്.

പിന്നീട് തിരിച്ചടിക്കാനൊരുങ്ങുന്നതും അനു അണ്ണന്റെ ഉപദേശം കേട്ട് ജയയോട് സ്‌നേഹം അഭിനയിക്കുന്നതുമെല്ലാം പാട്ടില്‍ കാണാം. സിയ ഉള്‍ ഹക്കാണ് പാട്ട് പാടിയിരിക്കുന്നത്. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് അങ്കിത് മേനോനാണ് ഈണം നല്‍കിയിരിക്കുന്നത്.

വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചെറിയ ബജറ്റിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കളക്ഷനാണ് നേടിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ജയ ജയ ജയ ജയ ഹേയുടെ നിര്‍മാണം. അമല്‍ പോള്‍സനാണ് സഹ നിര്‍മാണം. നിര്‍മാണ നിര്‍വഹണം പ്രശാന്ത് നാരായണന്‍.

അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് ജയ ജയ ജയ ജയ ഹേയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Jhalakraani Video Song from jaya jaya jaya jaya hey