ന്യൂദല്‍ഹി: മൂന്നുകോടി 21 ലക്ഷം രൂപയുടെ യു.എസ് ഡോളറുമായി ജെറ്റ് ഏയര്‍വേസ് ജീവനനക്കാരി പിടിയിലായി. 4,80,200 യു.എസ് ഡോളറുമായി ഫ്ളൈറ്റ് അറ്റന്‍ഡന്റിനെ ഡി.ആര്‍.ഐയാണ് അറസ്റ്റ് ചെയ്തത്. പേപ്പര്‍ ഫോയിലിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍.
തിങ്കളാഴ്ച ഹോങ്കോങ്ങിലേക്കുള്ള വിമാനത്തില്‍ പോകാനിരിക്കെയാണ് ഇവരെ ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച അര്‍ദ്ധരാത്രി നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്. അമിത് മല്‍ഹോത്ര എന്ന ഏജന്റ് മുഖേനയാണ് നോട്ടുകള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ജീവനക്കാരി പറഞ്ഞു.
വിദേശ കറന്‍സി കടത്തുന്നതിന് ഇയാള്‍ വിമാന ജീവനക്കാരെ സ്ഥിരമായി ഉപയോഗിച്ചുവന്നിരുന്നെന്നും ദല്‍ഹിയിലെ എയര്‍ഹോസ്റ്റസുമാര്‍ മുഖേന വിദേശത്ത് ഇത്തരത്തില്‍ പണം എത്തിക്കാറുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പണം ഉപയോഗിച്ച് വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങി തിരികെ ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു ഈ ശൃംഖല ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ആറ് മാസം മുമ്പ് ജെറ്റ് എയര്‍വേസില്‍ നടത്തിയ യാത്രയ്ക്കിടെയാണ് ഇപ്പോള്‍ അറസ്റ്റിലായ ജീവനക്കാരിയെ മല്‍ഹോത്ര പരിചയപ്പെടുന്നത്. സമാനമായ രീതിയില്‍ ഈ തട്ടിപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അമിത് മല്‍ഹോത്രയേയും ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തു.
A Jet Airways air hostess has been caught red-handed carrying Rs 3.21 cr worth hawala dollars.
Full Report: https://t.co/KZK8Qidzn7 pic.twitter.com/nXt9ahlU8k
— GoNews (@GoNews24x7) January 9, 2018
വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതായി റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹോങ്കോംഗിലേക്ക് കള്ളപ്പണം കടത്തി ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇവരെന്നും ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ജെറ്റ് എയര്‍വേയ്‌സിന് യാതൊരു ബന്ധമില്ലെന്നും കള്ളപ്പണം പിടിച്ചെടുത്ത ജീവനക്കാരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്പനി വക്താവ് റവന്യൂ ഇന്റലിജന്‍സിനെ അറിയിച്ചു.