ലണ്ടന്‍: ബ്രിട്ടനെ ഇളക്കി മറിച്ച് ബ്രീട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍. ഗ്ലാസ്ടന്‍ബറി ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള പരിപാടിയിലെ കോര്‍ബിന്റെ പ്രസംഗമാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്. “രാഷ്ട്രീയം നമ്മുടെയെല്ലാം ജീവിതത്തെ സംബന്ധിച്ചുള്ളതാണ്. ഒരുപാട് പേരെ രാഷ്ട്രീയത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതില്‍ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. നിരാശരായ യുവാക്കള്‍ ജനാധിപത്യ പ്രക്രിയയില്‍ ഏറെ താല്‍പര്യത്തോടെ പങ്കെടുക്കുന്നു എന്നത് വലിയ പ്രചോദനമാണ്””.അദ്ദേഹം പറയുന്നു.
തന്റെ പ്രിയ കവിയായ പിബി ഷെല്ലിയെ ഉദ്ധരിച്ചാണ് ആവേശകരമായ കോര്‍ബിന്റെ പ്രസംഗം.
“”ചെറിയ മയക്കത്തിന് ശേഷം സിംഹങ്ങളെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കൂ,
ഒരിക്കലും പരാജയപ്പെടുത്താന്‍ കഴിയാത്ത വിധം കരുത്ത് നേടൂ
ഉറക്കത്തില്‍ നിങ്ങളെ ബന്ധനത്തിലാക്കിയ ചങ്ങലകള്‍ കുടഞ്ഞെറിയൂ
നമ്മളാണ് ഭൂരിപക്ഷം, അവര്‍ കുറച്ച് പേരേ ഉള്ളൂ
മറ്റൊരു ലോകം സാധ്യമാണ്, നമ്മള്‍ ഒരുമിച്ച് നിന്നാല്‍””.
ഷെല്ലിയുടെ പ്രശസ്തമായ ഈ വരികള്‍ ആലപിച്ചു കൊണ്ടാണ് കോര്‍ബിന്‍ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.
അഭയാര്‍ത്ഥികളെ അധിക്ഷേപിക്കുന്നത് നീര്‍ത്തണമെന്നാവശ്യപ്പെട്ട കോര്‍ബിന്‍ അതിജീവനത്തിനും സുരക്ഷയ്ക്കുമായി അപകടകരമായ ഈ ലോകത്ത് ഇടം തേടുന്നവരാണ് അഭയാര്‍ത്ഥികളെന്നും പറഞ്ഞു. അവരെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട കോര്‍ബിന്‍ ഈ സന്ദേശം ലോകം മുഴുവന്‍ എത്തണമെന്നും പറഞ്ഞു.
അതേസമയം, അഭയാര്‍ത്ഥി വിരുദ്ധ നിലപാടുകളിലൂടേയും പ്രസംഗങ്ങളിലൂടേയും അമേരിക്കയുടെ തലപ്പത്തെത്തിയ ഡൊണാള്‍്ഡ് ട്രംപിനെതിരെ കോര്‍ബിന്‍ ആഞ്ഞടിക്കുകയും ചെയ്തു. “ഡൊണാള്‍ഡ് ട്രംപിനോട് എനിക്ക് പറയാനുള്ളത് ഇതാണ് പാലങ്ങള്‍ നിര്‍മ്മിക്കൂ, മതിലുകളല്ല””. എന്നായിരുന്നു കോര്‍ബിന്റെ വാക്കുകള്‍.