Entertainment
ഒരു സിനിമ കൊണ്ട് സമൂഹത്തെ മുഴുവന്‍ മാറ്റാന്‍ പറ്റുമെന്നുള്ള വിചാരമൊന്നും എനിക്കില്ല: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 09, 11:40 am
Sunday, 9th June 2024, 5:10 pm

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും, കാതലും കൊണ്ട് മാത്രം സമൂഹത്തില്‍ മാറ്റമുണ്ടാകുമെന്ന് താന്‍ കരുതില്ലെന്ന് സംവിധായകന്‍ ജിയോ ബേബി. പുതിയ ചിത്രമായ സ്വകാര്യം സംഭവബഹുലം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജിയോ ബേബി ഇക്കാര്യം പറഞ്ഞത്. സിനിമ കൊണ്ട് മാത്രം സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ പറ്റില്ലെന്നും ജിയോ ബേബി പറഞ്ഞു.

കല്യാണം എന്നു പറയുന്നത് ആണിനും പെണ്ണിനും മാത്രമുള്ളതാണെന്നുള്ള ചിന്തകള്‍ തൊട്ട് ഈ മാറ്റം കൊണ്ടുവരണമെന്നും ഒരുപാട് കാലതാമസം എടുക്കാന്‍ സാധ്യതയുള്ള പ്രൊസസ്സാണ് അതെന്നും ജിയോ ബേബി പറഞ്ഞു. സമൂഹത്തിനെ മുഴുവന്‍ മാറ്റാന്‍ സിനിമക്ക് മാത്രം കഴിയില്ലെന്നും ബാക്കി മേഖലയിലും ഇത്തരം മാറ്റങ്ങള്‍ വന്നാല്‍ മാത്രമേ എല്ലാ തരം മനുഷ്യരെയും സ്വീകരിക്കാനുള്ള മനസ്സ് സമൂഹത്തിനുണ്ടാവുകയുള്ളൂ എന്നും ജിയോ ബേബി പറഞ്ഞു.

‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും, കാതലും സമൂഹത്തെ മുഴുവന്‍ മാറ്റിമറിച്ചു എന്ന വാദമൊന്നും എനിക്കില്ല. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കണ്ട ശേഷം ഒരുപാട് പേര്‍ സ്വന്തം പ്ലേറ്റ് കഴുകാന്‍ തുടങ്ങിയെന്ന് കേട്ടു. അത് നല്ല കാര്യമായി തോന്നി. അതുപോലെ കാതല്‍ സിനിമ കണ്ടിട്ട് കുറച്ചു പേരെങ്കിലും സ്വവര്‍ഗാനുരാഗം നോര്‍മലാണെന്ന് കരുതാന്‍ തുടങ്ങിയിട്ടുണ്ടെന്ന് കേട്ടു. പക്ഷേ വെറും രണ്ട് സിനിമ കൊണ്ട് സമൂഹത്തെ മൊത്തം നന്നാക്കാന്‍ പറ്റുമെന്നുള്ള ചിന്തയൊന്നും എനിക്കില്ല.

സിനിമയിലൂടെ മാത്രമേ ഇവിടെ മാറ്റം കൊണ്ടുവാരാന്‍ പറ്റുള്ളൂ എന്ന തോന്നലൊന്നും എനിക്കില്ല. സമൂഹത്തിലെ മറ്റ് മേഖലകളിലും ഇത്തരം മാറ്റങ്ങള്‍ വരണം. ആണും പെണ്ണും തമ്മില്‍ മാത്രമേ കല്യാണം കഴിക്കാന്‍ പാടുള്ളൂ എന്ന് കുട്ടികളെ പഠിപ്പിക്കുന്നത് മാറ്റാതെ അവര്‍ക്കൊന്നും ഇത്തരം കാര്യങ്ങള്‍ മനസിലാകാകന്‍ കഴിയില്ല. വിദ്യാഭ്യാസ രംഗത്തും മറ്റ് മേഖലയിലും മാറ്റങ്ങള്‍ വന്നാല്‍ മാത്രമേ സമൂഹം മാറുള്ളൂ. സിനിമക്ക് അതിനെ സഹായിക്കുക എന്ന കടമ മാത്രമേയുള്ളൂ,’ ജിയോ ബേബി പറഞ്ഞു.

Content highlight: Jeo Baby saying that he never felt his cinema changes the society