Entertainment
ദൃശ്യം പോലെ ആ ചിത്രത്തിനും രണ്ടാംഭാഗത്തിന് സാധ്യതയുണ്ട്, ചിലപ്പോൾ വന്നേക്കാം: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 17, 03:33 am
Saturday, 17th August 2024, 9:03 am

മലയാളത്തിലെ മികച്ച ത്രില്ലറുകളിൽ ഒന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ്. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തിലൂടെയാണ് ത്രില്ലർ സിനിമകളുടെ സംവിധായകൻ എന്ന പേര് ജീത്തു ജോസഫിന് ലഭിക്കുന്നത്. മെമ്മറീസിന് ശേഷം ജീത്തു സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ വലിയ വിജയമാവുകയും ചിത്രത്തിന്റെ രണ്ടാംഭാഗം ഉണ്ടാവുകയും ചെയ്തിരുന്നു.

എന്നാൽ മെമ്മറീസിന് ഒരു രണ്ടാംഭാഗത്തിനുള്ള സാധ്യതയുണ്ടെന്നും ദൃശ്യത്തിന് ശേഷം ചിലർ അതിനെ കുറിച്ച് ചോദിച്ചിരുന്നുവെന്നും ജീത്തു പറയുന്നു. സാം അലക്സ്‌ എന്ന കഥാപാത്രത്തിന് അതിനുള്ള സാധ്യതയുണ്ടെന്നും എന്നാൽ ചിത്രം സംഭവിക്കുമോയെന്ന് തനിക്ക് അറിയില്ലെന്നും ജീത്തു പറഞ്ഞു. മെമ്മറീസിന്റെ കഥ ഉണ്ടായതിനെ കുറിച്ചും ജീത്തു കൂട്ടിച്ചേർത്തു. റെഡ്.എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നോട് ദൃശ്യം കഴിഞ്ഞപ്പോൾ ഒന്ന് രണ്ട് ആളുകൾ ചോദിച്ചിരുന്നു, മെമ്മറീസിന് ഒരു രണ്ടാംഭാഗം ഉണ്ടാവുമോയെന്ന്. ഞാനും ആലോചിച്ചു അത് ശരിയാണല്ലോയെന്ന്. കാരണം മുന്നോട്ട് കൊണ്ടുപോവാൻ സാധ്യതയുള്ള ഒരു കഥാപാത്രമാണ് സാം അലക്സ്‌. ചിലപ്പോൾ ഉണ്ടാവുമായിരിക്കും. എനിക്കറിയില്ല.

പണ്ട് മറ്റൊരു സിനിമയുടെ ഭാഗമായി ഡെന്നീസ് ജോസഫ് സാറിന്റെ കൂടെ ഞാനൊരു സ്ക്രിപ്റ്റിൽ ഇരുന്നിരുന്നു. ചെസ്സ് എന്ന സിനിമയൊക്കെ സംവിധാനം ചെയ്ത രാജ്ബാബു ആയിരുന്നു അതിന്റെ സംവിധായകൻ. അന്ന് അവിടെ നിന്ന് തുടങ്ങിയ ഒരു ആലോചനയാണ് ഒരു സീരിയൽ കില്ലർ സിനിമ ആലോചിച്ചാല്ലോയെന്നത്.

ആദ്യം നാല് പെണ്ണുങ്ങൾ കൊലപ്പെടുന്നതായിട്ടായിരുന്നു ആലോചിച്ചത്. അവിടെ നിന്ന് അത് മാറി ആണുങ്ങളായി. അതായിരുന്നു മെമ്മറീസിന്റെ ആദ്യത്തെ തോട്ട്. അവിടെ നിന്ന് വർക്ക്‌ ചെയ്തിട്ടാണ് ബൈബിളും കണക്ഷൻസുമൊക്കെ കൊണ്ട് വരുന്നത്.

ഞാൻ റിവേഴ്‌സ് ചെയ്ത് വർക്ക്‌ ചെയ്ത് വന്ന ചിത്രം ഡിറ്റെക്റ്റീവാണ്. കാരണം ആദ്യമേ കൊലപാതക രീതി എനിക്ക് കിട്ടിയിരുന്നു. അതുവെച്ചിട്ട് അവിടെ നിന്ന് പുറകോട്ട് ഞാൻ വർക്ക്‌ ചെയ്ത സിനിമയാണ് ഡിറ്റക്റ്റീവ്,’ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talk About possibilities  of Second Part Of  Memories Movie