Entertainment
മോഹൻലാലിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അതിന് സാധിച്ചില്ല: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 08, 02:34 pm
Saturday, 8th February 2025, 8:04 pm

ത്രില്ലര്‍ സിനിമകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ സിനിമയായ ‘ഡിറ്റക്റ്റീവ്‘ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

പിന്നീട് വന്ന ‘മെമ്മറീസ്‘ എന്ന സിനിമയിലൂടെയാണ് ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേര് ജീത്തുവിന് ലഭിക്കുന്നത്. 2013ല്‍ മോഹന്‍ലാലിനെ നായകനാക്കി എത്തിയ ദൃശ്യം എന്നൊരൊറ്റ ത്രില്ലര്‍ ചിത്രത്തിലൂടെ ജീത്തു വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ആ സിനിമയോടെ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടിനും വലിയ ആരാധകരും ഉണ്ടായി. ദൃശ്യം എന്ന സിനിമ ഇന്ത്യയൊട്ടാകെ അദ്ദേഹം ശ്രദ്ധ നേടി.

ജീത്തുവിന്റെ സംവിധാനത്തിൽ ബോളിവുഡിൽ ഇറങ്ങിയ സിനിമയായിരുന്നു ബോഡി. ഇമ്രാൻ ഹാഷ്മി, വേദിക തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ ഹിന്ദിയിലെ മികച്ച നടന്മാരിൽ ഒരാളായ ഋഷി കപൂറിന്റെ അവസാന സിനിമകളിൽ ഒന്നായിരുന്നു. ആദ്യമായി ഋഷി കപൂറിനെ കാണുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹം വലിയ തമാശക്കാരനായിരുന്നുവെന്നും ജീത്തു പറയുന്നു. മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന് അദ്ദേഹം ആഗ്രഹം പറഞ്ഞിരുന്നുവെന്നും എന്നാൽ അതിന് മുമ്പ് ഋഷി കപൂർ മരണപ്പെട്ടെന്നും ജീത്തു കൂട്ടിച്ചേർത്തു.

‘അദ്ദേഹത്തെ ആദ്യം കാണുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ, ആദ്യ വാചകത്തിൽ അദ്ദേഹം വീഴ്ത്തി. ‘യു ആർ ദൃശ്യം ഡയറക്‌ടർ. ഐ വാസ് എക്സ്പെക്ടിങ് എ ഫിഫ്റ്റി പ്ലസ് ഗൈ.’ വലിയ തമാശക്കാരനാണ്. അതുപോലെ ദേഷ്യവും. രാത്രി എട്ടു കഴിഞ്ഞാൽ ഷൂട്ടിങ്ങിന് നിൽക്കില്ല. പക്ഷേ, ബോഡിക്ക് വേണ്ടി മൂന്നുദിവസം രാത്രി ഒരു മണി വരെ നിന്നു.

ഷെഡ്യൂൾ കഴിഞ്ഞപ്പോൾ എൻ്റെ വീട്ടിലേക്ക് വരാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ, ഒരുദിവസം പ്രൊഡ്യൂസർ വിളിക്കുന്നു. ‘ഞങ്ങൾ വരുന്നുണ്ട്. ഋഷി സാറിന് കരിമീൻ പൊള്ളിച്ചതു കഴിക്കണം’. പക്ഷേ, അദ്ദേഹം യാത്ര പോയത് അങ്ങേ ലോകത്തേക്കാണ്. മോഹൻലാലിനൊപ്പം അഭിനയിക്കണമെന്നും കഥ ആലോചിക്കാമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു,’ജീത്തു ജോസഫ് പറയുന്നു.

പാപനാശം എന്ന സിനിമയിൽ കമൽ ഹാസനൊപ്പം വർക്ക് ചെയ്ത അനുഭവവും ജീത്തു പങ്കുവെച്ചു.

പാപനാശത്തിൽ തല്ല് കൊള്ളുന്ന സീനിൻ വേണ്ടി മൂക്ക് നീരുവന്നു വീർത്ത പോലെ വേണം അതിനുള്ള റബർ പീസ് കമൽ സാറിൻ്റെ മൂക്കിലേക്ക് കയറ്റിവച്ചപ്പോൾ ഉള്ളിലേക്കു കയറിപോയി. ഷൂട്ടിങ് നിർത്തിവയ്ക്കേണ്ട എന്നു കരുതി അദ്ദേഹം ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ല. അവസാനം ഓപറേഷൻ തിയറ്ററിൽ കയറ്റിയാണ് അതു പുറത്തെടുത്തത്,’ ജീത്തു പറയുന്നു.

 

Content Highlight: Jeethu Joseph  About Rishi Kapoor