രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിച്ചപ്പോള്‍ എല്ലാംതന്നെ മലയാള സിനിമയ്ക്ക് വളരെ വ്യത്യസ്തങ്ങളായ സിനിമകള്‍ ലഭിച്ചിട്ടുണ്ട്. തന്റെ ഒരോ സിനിമയും ഒന്നില്‍ നിന്ന് ഒന്ന് വ്യത്യസ്തമായി രഞ്ജിത് അണിയിച്ച് ഒരുക്കാറുമുണ്ട്. അത് കൊണ്ട് തന്നെ വീണ്ടും ആ കൂട്ട്‌കെട്ട് ഒന്നിക്കുമ്പോള്‍ പ്രതീക്ഷകളും വലുത് തന്നെയാണ്.
തന്റെ സിനിമകള്‍ വ്യത്യസ്തമാക്കാന്‍ ജയസൂര്യയും മനപ്പൂര്‍വ്വം ശ്രദ്ധിക്കാറുണ്ടെന്നത് കഴിഞ്ഞ കുറെ സിനിമകള്‍ നോക്കിയാല്‍ മനസിലാകും. അത്തരത്തില്‍ ഒരു “പരീക്ഷണ ചിത്രം” എന്ന് തന്നെ പറയാവുന്ന സിനിമ തന്നെയാണ് ഇന്ന് തിയേറ്ററുകളില്‍ എത്തിയ ഞാന്‍ മേരിക്കുട്ടി. പരീക്ഷണ ചിത്രം എന്നത് മനപ്പുര്‍വ്വം ഉപയോഗിച്ചത് തന്നെയാണ്. കാരണം ശക്തമായ ഒരു പ്രമേയം അതിന്റെ പ്രാധാന്യം നഷ്ടപ്പെടാതെയും അനാവശ്യ സങ്കടപറച്ചിലുകളോ സംവിധായകന്റെ “ബ്രില്ല്യന്‍സ്” ഗിമ്മിക്കുകളോ ഇല്ലാതെയും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് തീര്‍ച്ചയായും ഒരു പരീക്ഷണം തന്നെയാണ്. സംവിധായകന്റെ തന്നെ തിരക്കഥ അക്കാര്യത്തില്‍ മേരിക്കുട്ടിയെ ഏറെ സഹായിച്ചിട്ടുണ്ട്.
വളരെ ലളിതമായി തന്നെയാണ് സിനിമയുടെ ആരംഭം. ട്രാന്‍സ് സെക്ഷ്വലായ മാത്തുക്കുട്ടി എന്ന മേരിക്കുട്ടിയുടെ കഥയാണ് ഞാന്‍ മേരിക്കുട്ടി. ഒരു ആണിന്റെ ശരീരത്തോടെയും പെണ്ണിന്റെ മനസോടെയും ജനിച്ച മാത്തുക്കുട്ടിയുടെ മേരിക്കുട്ടിയിലേക്കുള്ള യാത്രയിലൂടെയാണ് സിനിമയാരംഭിക്കുന്നത്.
മേരിക്കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു പൊലീസ് ഓഫീസര്‍ ആകണമെന്നതാണ്. ഒരു ജോലിക്ക് വേണ്ടിയല്ല അത്. മറിച്ച് തന്റെ വ്യക്തിത്വം സമൂഹം അംഗീകരിക്കണമെങ്കില്‍ ഈ തൊഴില്‍ തന്നെ വേണമെന്ന് മേരിക്കുട്ടിക്ക് അറിയാം. അത്തരമൊരു ദിവസം വരും എന്ന ശുഭപ്രതീക്ഷ മേരിക്കുട്ടിക്ക് ഉണ്ട്. ഈ സ്വപ്‌നത്തിലേക്കുള്ള യാത്രയാണ് ഞാന്‍ മേരിക്കുട്ടി എന്ന സിനിമ.
കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഈ സിനിമയിലൂടെ രഞ്ജിത് ശങ്കര്‍ കാണിക്കുന്നുണ്ട്. ട്രാന്‍സായ ഒരു വ്യക്തിക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നീതി ലഭിക്കേണ്ട പൊലീസില്‍ നിന്നുമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്ന ക്രൂരതകള്‍ ചുരുങ്ങിയ സമയത്തില്‍ സിനിമയില്‍ അതിശയോക്തി കലരാതെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോടുള്ള മലയാളി സമൂഹത്തിന്റെ മനോഭാവത്തിന് മലയാള സിനിമയും വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ചാന്ത്‌പൊട്ടുകള്‍ എന്നും മാങ്ങപറി ചളികുത്ത് എന്നും ധിംതരികിട തോം എന്നുമെല്ലാം മലയാളി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ കളിയാക്കി വിളിക്കാന്‍ പ്രധാനകാരണം മലയാളത്തില്‍ ഇറങ്ങിയ സിനിമകള്‍ തന്നെയായിരുന്നു. ഇത് വരെ മലയാള സിനിമയില്‍ ക്രൂരമായ തമാശ കഥാപാത്രങ്ങള്‍ മാത്രമാവേണ്ടി വന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോട് ചെയ്യാന്‍ കഴിയുന്ന ചെറുതല്ലാത്ത ഒരു പരിഹാരമാണ് ഞാന്‍ മേരിക്കുട്ടി എന്ന സിനിമ.
ഒരോ സിനിമ കഴിയും തോറും ജയസൂര്യ എന്ന നടന്റെ ഗ്രാഫ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഞാന്‍മേരിക്കുട്ടി എന്ന സിനിമ. ഒരു ട്രാന്‍സ് സെക്ഷ്വല്‍ വ്യക്തിയുടെ ശരീരഭാഷയിലേക്ക് മനോഹരമായി ജയസൂര്യ അനായാസേന പകര്‍ന്നാടുന്നുണ്ട്. എടുത്ത് പറയേണ്ട ഒരാള്‍ ജോജുവാണ്. ഒരു പക്ക പൊലീസുകാരനായി ജോജു സിനിമയില്‍ ഉണ്ട്. സിനിമയില്‍ നായകന്‍ ഇല്ലെങ്കിലും ശക്തമായ വില്ലന്‍ കഥാപാത്രമാവാന്‍ ജോജുവിനായിട്ടുണ്ട്. എവിടെയോ കണ്ട് മറന്ന ഒരു പൊലീസ്‌കാരനെ ഓര്‍മ്മിപ്പിക്കുന്നത് തന്നെയാണ് ജോജുവിന്റെ അഭിനയം.
ട്രാന്‍സ് ഫോബിക് ആയ സമൂഹത്തില്‍ നിന്ന് സംരക്ഷിക്കേണ്ട പൊലീസ് തന്നെ എല്‍.ജി.ബി.ടി വിഭാഗത്തെ ദ്രോഹിക്കുന്നു എന്ന ദു:ഖ സത്യം കേരള ജനത നിരവധി തവണ കണ്ടതാണ്. ഇത്തരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ ദ്രോഹിക്കുന്ന പൊലീസിന് ഒരു മാറ്റമുണ്ടാക്കണമെങ്കില്‍ ആദ്യം പൊലീസില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയൊരാള്‍ വേണമെന്ന് ചിത്രത്തില്‍ മേരിക്കുട്ടി പറയുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂടിന്റെ കളക്ടര്‍ കഥാപാത്രവും മികച്ച് നിന്നു. മികച്ച കൈയ്യടക്കത്തോടെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സുരാജിന് കഴിഞ്ഞിട്ടുണ്ട്. അജു വര്‍ഗീസ്, ഇന്നസെന്റ്, ജുവല്‍ മേരി, ശിവജി ഗുരുവായൂര്‍ തുടങ്ങി ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ റോളുകള്‍ മികച്ചതാക്കി.
സിനിമയിലെ ഗാനങ്ങള്‍ എല്ലാം തന്നെ മികച്ച് നിന്നെങ്കിലും പശ്ചാത്തല സംഗീതം ചിലപ്പോഴെങ്കിലും ചെറിയ ഒരു കല്ലുകടിയായി തോന്നി. സിനിമയുടെ എഡിറ്റിംഗ് ചെയ്ത സഞ്ജന്‍ വിയും ക്യാമറ ചലിപ്പിച്ച് വിഷ്ണു നാരായണനും സിനിമയുടെ ഒഴുക്കിനെ ഒരിക്കല്‍ പോലും തടസ്സപ്പെടുത്തിയില്ല എന്നതാണ്സത്യം.
ചെറുതായി ഒന്ന് പിഴച്ചാല്‍ പോലും ഒരു ഡോക്യുഫിഷന് സ്വഭാവത്തിലേക്ക് വഴുതി മാറാവുന്ന സിനിമയെ ഇത്രയ്ക്ക് കൈയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് സംവിധായകന്റെയും ജയസൂര്യ എന്ന നടന്റെയും കഴിവാണ് എന്ന് തീര്‍ത്ത് പറയാം.
സിനിമയില്‍ പറയുമ്പോലെ തന്നെ ഈ ലോകം ആണുങ്ങളുടേതോ പെണ്ണുങ്ങളുടേതോ അല്ല കഴിവുള്ളവരുടേതാണ്. അത് തന്നെയാണ് സിനിമ മുന്നോട്ടേക്ക് വെയ്ക്കുന്ന പ്രധാനാശയവും