വെള്ളം..... സിനിമ, രാഷ്ട്രീയം, ഫെമിനിസം
Film Review
വെള്ളം..... സിനിമ, രാഷ്ട്രീയം, ഫെമിനിസം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd January 2021, 9:58 am

Vellam Malayalam Movie Review : വെള്ളം ഒരു മുഴുക്കുടിയന്റെ കഥയാണ്. എന്നാല്‍ മദ്യപിക്കല്ലേ എന്ന് ആ സിനിമ പറഞ്ഞുവെക്കുന്നില്ല. പക്ഷേ ചിലതൊക്കെ ചിന്തിപ്പിക്കുന്നുണ്ട്. കുടിക്കുന്നവരെ മാത്രമല്ല, ചുറ്റുമുള്ളവരെയും.

സിനിമയുടെ രസച്ചരട്

ഒരു പെണ്ണുകാണലോ, കല്യാണവീടോ, പ്രവാസിയുടെ തിരിച്ചുവരവോ അതെന്തും ആഘോഷിക്കാന്‍ കുപ്പി പൊട്ടിക്കണം. അങ്ങനെ ശീലിച്ച് ശീലിച്ച് ഒരാളെങ്കിലും മുഴുക്കുടിയനാവുകയാണ്. അയാളുടെ ജീവിതം അയാളറിയാതെ താളം തെറ്റുന്നു. കൈവിട്ടു പോകുന്നു. ഒപ്പം അയാളുടെ കുടുംബവും കൂട്ടുകാരുമെല്ലാം അന്യരാകുന്നു.

ഇങ്ങനെ ഒരു കഥ തീര്‍ത്തും സങ്കടകരമാണ്. ഇത്തരം അനുഭവങ്ങള്‍ നമ്മളില്‍ പലര്‍ക്കും അന്യവുമല്ല. അച്ഛനോ ഭര്‍ത്താവോ സഹോദരനോ അമ്മാവനോ കൂട്ടുകാരനോ ആരെങ്കിലുമൊക്കെ ആ പരിചിതവലയത്തിലുണ്ടാവും .പക്ഷേ അതിനെ എങ്ങനെ ബോറടിപ്പിക്കാതെ സ്‌ക്രീനിലെത്തിക്കാനാകും .അതാണ് പ്രജേഷ് സെന്‍ വെള്ളത്തിലൂടെ ചെയ്യുന്നത്. ഒരു നല്ല സിനിമാ മേക്കറെ നമുക്ക് ഇതില്‍ കാണാം.

തമാശയും പാട്ടുമൊക്കെയായാണ് മുരളി നമ്പ്യാരുടെ കഥ പുരോഗമിക്കുന്നത്. ഇടയ്ക്ക് അയാളുടെ അമ്മയെയും ഭാര്യയെയും പോലെ നമ്മളും കരഞ്ഞുപോവും. എല്ലാത്തിനുമൊടുവില്‍ അയാളിലെ ഹീറോയെ തിരിച്ചറിയുമ്പോള്‍ എണീറ്റ് നിന്ന് കയ്യടിച്ചേ മതിയാവൂ.

ജയസൂര്യയെന്ന നടന്‍

ജയസൂര്യയുടെ കരിയറില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന സിനിമ തന്നെയാണ് വെള്ളം. റിയലിസ്റ്റിക്കായ സീനുകളെ അത്ര മെയ് വഴക്കത്തോടെ അയാള്‍ കൈകാര്യം ചെയ്തിരിക്കുന്നു. ശരിക്കും ഒരു വാട്ടര്‍മാന്‍ ആയി. പക്ഷേ അതൊരിക്കലും അയ്യപ്പ ബൈജുവല്ല. അയാളുടെ ഓരോ ചലനത്തിലും ജയസൂര്യയില്ല, മുരളി മാത്രം.

കല്ല് വെട്ടുന്ന, മരത്തില്‍ ഓടിക്കയറുന്ന, കിണറ്റില്‍ ചാടുന്ന മുരളി. എത്ര അനായാസമാണ് ഓരോ സാഹചര്യവും അയാള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മദ്യാസക്തിയില്‍ തറയില്‍ നക്കിയ അയാള്‍ക്ക് ഒരു കുപ്പി മദ്യം ആരെങ്കിലും കൊടുത്തെങ്കിലെന്ന് ഞാന്‍ അവിടിരുന്നു ആഗ്രഹിച്ചു. അതിശയോക്തിയല്ല. അയാളിലെ പ്രതിഭയെക്കുറിച്ച് പറഞ്ഞതാണ്.

സംവിധായകനെക്കുറിച്ച്

ക്യാപ്റ്റനെന്ന ആദ്യ സിനിയിലൂടെ തന്റെ ബ്രില്യന്‍സ് തെളിയിച്ച സംവിധായകനാണ് പ്രജേഷ് സെന്‍. റോക്കട്രി എന്ന ബോളിവുഡ് സിനിമയിലെ കോ ഡയറക്ടറായുള്ള അനുഭവ പരിചയം കൂടുതല്‍ കരുത്തനാക്കിയെന്ന് വെള്ളം തെളിയിക്കുന്നു. സാങ്കേതികത്തികവിലും ഒരു സിനിമ പുലര്‍ത്തേണ്ട സീന്‍ അച്ചടക്കത്തിലും അത് പ്രകടമാണ്. ഏച്ചുകെട്ടലുകളില്ല, അനാവശ്യമായ ഒറ്റ ഷോട്ട് പോലുമില്ല

പാട്ടുകളെക്കുറിച്ച്

ബിജിബാല്‍ ഒരിക്കല്‍ കൂടി സംഗീതത്തിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുകയാണ്. ‘ആകാശമായവളെ’ എന്ന് ഷഹബാസ് പാടുമ്പോള്‍ ഹൃദയമങ്ങ് പൊടിഞ്ഞില്ലാതായി. ഒരു കുറി കണ്ട് നാം എന്ന ഷാപ്പിലെ പാട്ടിനൊപ്പം താളം പിടിച്ചു. ഹിന്ദിയില്‍ കേട്ട മനോഹരമായൊരു പാട്ട് അത് ഉറുദുവാണെന്ന് തിരിച്ചറിയുമ്പോള്‍ അമ്പരന്ന് പോവും. അങ്ങനെ അഞ്ചോ ആറോ പാട്ടുകള്‍. ഒന്നിനൊന്ന് മനോഹരം. പുലരിയിലച്ഛന്റെ എന്ന പാട്ട് മാത്രം വല്ലാതെ നോവിച്ചു.

സിനിമയുടെ രാഷ്ട്രീയം

ഒരു പ്രത്യേക വിഷയം മുഴുനീളെ കൈകാര്യം ചെയ്യുന്ന സിനിമയില്‍ ഒറ്റ വരിയില്‍ ഒരു രാഷ്ട്രീയം പറഞ്ഞുവെക്കാനാവുമോ. അവിടെയാണ് തിരക്കഥാകൃത്തായ എഴുത്തുകാരനായ , മാധ്യമപ്രവര്‍ത്തകനായിരുന്ന സംവിധായകന്‍ പ്രജേഷ് സെന്നിന്റെ ബ്രില്യന്‍സ് കാണാനാവുന്നത്. ‘ഇന്ത്യന്‍ ഭരണഘടന’, ഭരണഘടനയില്‍ മാത്രമാണ് എനിക്ക് വിശ്വാസം. ഒറ്റ ഡയലോഗിലെ പലതും പറഞ്ഞു വയ്ക്കുന്നു

 

ഫെമിനിസം ചര്‍ച്ചയാകുമ്പോള്‍

ഒരു ആണിന്റെ ജീവിതത്തിലൂടെ സിനിമ സഞ്ചരിക്കുമ്പോഴും അതിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് തങ്ങളുടെ റോള്‍ കൃത്യമായി നിര്‍വഹിക്കാനുണ്ട്. ഒരു കുടിയന്റെ ചുറ്റുമുള്ള പെണ്ണുങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ അവരെ കൂടുതല്‍ കരുത്തരാക്കുന്നു.

സഹനത്തിന്റെ അവസാനം ഭര്‍ത്താവിന്റെ ചെകിട്ടത്തടിക്കുന്ന, മുറ്റത്തിട്ട് അയാളെ ചവിട്ടിക്കൂട്ടുന്ന ശക്തയായ ഭാര്യയായി സംയുക്ത മേനോന്‍ ഗംഭീരമാക്കി. നിങ്ങളൊരു ഫെമിനിസ്റ്റാണോ എന്ന കൂട്ടുകാരിയുടെ ചോദ്യത്തിന് തൊട്ടുപിന്നാലെ ഈ സീന്‍ വരുമ്പോ, അതെ എന്ന് പ്രേക്ഷകര്‍ എങ്ങനെ പറയാതിരിക്കും.

ഭര്‍ത്താവിനെ ചികിത്സിക്കാന്‍ കൂട്ടു ചെല്ലുന്ന സുനിത പക്ഷേ ഇനി അയാള്‍ക്കൊപ്പം ജീവിക്കാനില്ലെന്ന തീരുമാനം ഉറക്കെ പറയുമ്പോഴും അവളിലെ കരുത്തിനെ അഭിനന്ദിക്കാന്‍ തന്നെയാണ് നമുക്ക് തോന്നുന്നത്. അടുക്കളയിലെ പെണ്ണിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ , അതിശക്തയായ ഈ നായികാ കഥാപാത്രത്തെയും ചേര്‍ത്തു പിടിക്കണം.

ഒപ്പം സിനിമയിലെ ഓരോ കഥാപാത്രത്തിനായും കാസ്റ്റിങ് കിറുകൃത്യം. ബാബു അന്നൂര്‍ എന്ന നാടക നടന് മലയാള സിനിമയില്‍ ഇനിയും ഏറെ ചെയ്യാനുണ്ട്. സിദ്ധിഖ് പതിവ് പോലെ ഗംഭീരമാക്കി. ഭൂതക്കണ്ണാടി മുതല്‍ അമ്പരപ്പിച്ച ശ്രീലക്ഷ്മിയില്‍ അമ്മ കഥാപാത്രവും ഭദ്രം. കുറച്ചധികം പുതുമുഖങ്ങളെ സംവിധായകന്‍ പരീക്ഷിച്ചു. അവരൊക്കെയും പരസ്പരം മത്സരിക്കുകയാണ് .

ഏറ്റവും ഒടുവില്‍ ഒരു മിനിറ്റിനടുത്ത് മാത്രം ദൈര്‍ഘ്യമുള്ള ഒരു സീനില്‍ ഇന്ദ്രന്‍സ് നിങ്ങള്‍ ആടി ആടി വന്നു നിന്ന ആ നില്‍പുണ്ടല്ലോ. മാസ് എന്‍ട്രി എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

തങ്ങള്‍ ജീവിച്ച ജീവിതം വെള്ളിത്തിരയില്‍ കാണുമ്പോള്‍ ചിലര്‍ക്ക് തിരിച്ചറിവുണ്ടാകാം, കുറ്റബോധം തോന്നാം.അത് ഒരു പ്രത്യാശ തന്നെയാണ്. തന്റെ ചുറ്റുമുള്ള ,തന്നെ സ്‌നേഹിക്കുന്നവരെ ആ കഥാപാത്രങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക് സിനിമയ്ക്ക് നേരെകല്ലെറിയാന്‍ തോന്നും. വെള്ളത്തിന്റെ അണിയറ പ്രവര്‍ത്തകരെ അതും ഒരു തിരിച്ചറിവാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Jayasurya movie Vellam review Prejesh sen Samyuktha menon