ന്യൂദല്‍ഹി: തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശ്. ഡി.എല്‍.എഫ് ഫ്ളാറ്റ് കേസിലും മുംബൈ ആദര്‍ശ് ഹൗസിങ് കോംപ്ലക്സ് കേസിലും ഇല്ലാതിരുന്ന നിയമ നടപടി എന്തുകൊണ്ടാണ് മരടില്‍ സ്വീകരിച്ചതെന്ന് ജയറാം രമേശ് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം.
സമാന നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എല്‍.എഫ് ഫ്ളാറ്റ് കേസിലും മുംബൈ ആദര്‍ശ് ഹൗസിങ് കോംപ്ലക്സ് കേസിലും ഇത്തരം ഉത്തരവിടാതെ, എന്തുകൊണ്ടാണ് മരട് കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
‘തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതേ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എല്‍.എഫ് കേസില്‍ പിഴ ചുമത്തി അത് ക്രമവല്‍ക്കരിച്ചു നല്‍കി. ആദര്‍ശ് ഹൗസിങ് കോംപ്ലക്സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. എന്തുകൊണ്ടാണ് ഈ കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്’, ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.
Supreme Court has ordered demolition of apartments in Kochi that violate Coastal Regulation Zone rules. Yet, in similar case of violation it imposed penalty on DLF & regularised. It had stayed the demolition of Adarsh housing complex in Mumbai. Why such differential treatment?
അതേസമയം, മരട് നഗരസഭയുടെ ഫ്ളാറ്റ് കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്ത് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കുന്നതിനൊപ്പം 140 എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കുകയും ചെയ്യും.